ADVERTISEMENT

പത്താംക്ലാസ് കഴിഞ്ഞിറങ്ങിയാലുടൻ  ബാങ്ക് ജോലി കിട്ടുമോ? ഇന്നത്തെ തലമുറയ്ക്ക്  അതൊരു കൗതുകമാണെങ്കിലും ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.എ. ബാബുവിന് അതു സ്വന്തം ജീവിതമാണ്. 

ബാങ്ക് സ്ഥാപക ചെയർമാൻ കെ. പി. ഹോർമിസിന്റെ മുന്നിൽ അഭിമുഖത്തിനിരുന്ന ആ പൊടിമീശക്കാരനെ ഇന്ന് ബാങ്കിന്റെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പദവിയിലിരുന്നും അദ്ദേഹം ഓർത്തെടുക്കും. ചെയർമാൻ നൽകിയ ഉപദേശം ഏറ്റെടുത്തതാണ് വളർച്ചയുടെ പടവുകൾ കയറാൻ സഹായിച്ചതെന്ന്  അദ്ദേഹം പറയുന്നു. അന്ന് അദ്ദേഹം നൽകിയത് വെറും ജോലി മാത്രമായിരുന്നില്ല, അ‍ഞ്ചാം ക്ലാസിൽ വെച്ച് പിതാവു മരിച്ച തന്റെ കുടുംബത്തിനുള്ള കൈത്താങ്ങലും ജീവിതവുമായിരുന്നു. 

പതിനഞ്ചാം വയസിൽ ബാങ്കർ

പത്താം ക്ലാസ് ഉയർന്ന മാർക്കോടെ പാസ്സായി തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ബാങ്ക് ജോലിയിൽ പ്രവേശിച്ചു നാല്‍പ്പതു  വര്‍ഷം പിന്നിടുന്ന ബാബു  ഏറ്റവും കൂടുതൽ കാലം ബാങ്കിങ് രംഗത്ത് ജോലിയിൽ തുടരുക എന്ന അപൂർവതയാണ്.  ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങളിലേക്കു ഉയരുമ്പോഴും പഠനം, വായന, സഞ്ചാരം എന്നിവ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ധന്യമാക്കുന്നു.  ജോലിയുടെ ഉത്തരവാദിത്തങ്ങൾപ്പുറം ഇടപാടുകാരുടെ മനസ്സിലേക്കിറങ്ങിച്ചെല്ലുവാൻ അദ്ദേഹത്തിന് സാധിച്ചു.  ഫെഡറൽ ബാങ്കിന്റെ വളർച്ചയിൽ ഈടുറ്റ സംഭാവന നൽകിയ ബാബു ഇന്ന് ബാങ്കിന്റെ ഹെഡ് ഓഫീസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്.

babu5

തൃശൂർ മണ്ണംപേട്ടയിലാണ് ബാബുവിന്റെ ജനനം. സർക്കാർ സ്കൂളിൽ നിന്നും  പത്താം ക്ലാസിൽ ഉയർന്ന മാർക്കു വാങ്ങി അടുത്തത് എന്ത് എന്ന ആലോചനയിൽ നിൽക്കുമ്പോഴാണ് ഫെഡറൽ ബാങ്കിൽ പത്താം ക്ലാസ്സിൽ നല്ല മാർക്കുള്ള കുട്ടികളെ ജോലിക്ക് എടുക്കുന്നു എന്നു കേട്ടത്. പിതാവു  മരിച്ചതോടെ വീടു പട്ടിണിയാകാതിരിക്കാൻ അമ്മ പല ജോലികൾ ചെയ്തു. ഇതിനിടെ സ്കൂൾ ടോപ്പറായതിനുള്ള അഭിനന്ദന യോഗം നടന്നു. അമ്മ ഇതറിഞ്ഞു കരഞ്ഞുപോയി. കോളേജ് പഠനത്തിന് ചില പ്രശ്നങ്ങളുണ്ട്. പതിനഞ്ചു കിലോമീറ്റർ ദൂരം ബസ്സിൽ പോകണം. ചെലവുണ്ട്. അഞ്ചു വര്‍ഷം പഠിച്ച് ഡിഗ്രി എടുത്ത് ഒരു ജോലിയൊക്കെ ആകുമ്പോഴേയ്ക്ക്... ആലോചിക്കുമ്പോേൾ തന്നെ പറ്റാത്ത അവസ്ഥ. ... 

ജീവിതം മാറ്റിമറിച്ച അഭിമുഖം

നല്ല മാർക്കുള്ള ആത്മവിശ്വാസത്തിൽ അമ്മയെയും കൂട്ടി ബാങ്കിന്റെ ഇന്റർവ്യൂവിനു പോയി.  ഹോർമിസ് സാർ  കടലാസുകളിലേയ്ക്കും തന്നെയും മാറി മാറി നോക്കി. എന്നിട്ടു ചോദിച്ചു ഇനിയും പഠിക്കില്ലേ എന്ന്. പഠിക്കും എന്നു മറുപടി. ആരാണ് കൂടെ  എന്നു ചോദിച്ചു. അമ്മ വന്നു. മോൻ നന്നായി പഠിക്കുന്ന കുട്ടിയാണ്.  തുടർന്നും പഠിപ്പിക്കണം. അമ്മ സമ്മതിച്ചു അഭിമുഖം കഴിഞ്ഞ് മുപ്പതു മിനിറ്റുകൊണ്ട് ജീവിതം വഴിമാറി. താൻ ഫെഡറൽ ബാങ്കിന്റെ ഭാഗമായി.

ഹോർമിസ് എന്ന മനുഷ്യസ്നേഹിയും ക്രാന്തദർശിയുമായ ബാങ്കർ  തിരഞ്ഞെടുത്തത് വെറും ജീവനക്കാരെ അല്ലായിരുന്നു, സ്ഥാപക മനസുള്ള ടീമിനെ ആയിരുന്നു.  മിടുക്കരായ ഈ ടീമാണ് എന്നും ഫെഡറൽ ബാങ്കിന്റെ കരുത്തും ഊർജവും. നല്ല ടീമാണ് നല്ല സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതും നിലനിർത്തുന്നതും. ഫെഡറൽ ബാങ്ക് തന്നെ ഇതിനു ഉദാഹരണം ബാബു പറയുന്നു

babu3

'അമ്മ  സാറിനു കൊടുത്ത വാക്ക് പാലിക്കാൻ   ബാബു ജോലിയോടൊപ്പം പഠനവും തുടർന്നു. സാമ്പത്തിക ശാസ്ത്രത്തിലും മലയാളത്തിലും ബിരുധാനാന്തര ബിരുദം.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിൽ നിന്ന് സി എ ഐ ഐ ബി.  നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്കോടെ നിയമ ബിരുദം. ഖാസിയാബാദ് ഐ എം ടിയിൽ നിന്നും എം ബി എ.   ഐ സി എഫ് എ  ഐ യിൽ നിന്നും മാനേജ്‌മന്റ് ഡിപ്ലോമ.  ഐ എം എം അഹമ്മദാബാദിലും ഐ എം എം കോഴിക്കോടും നിന്ന് മാനേജ്മെന്റിലും ലീഡർഷിപ്പിലും പരിശീലനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപനമായ കാഫിറാൾ അടക്കം നിരവധി ലീഡിങ് സ്ഥാപനങ്ങളിൽ നിന്ന് ജോലിസംബന്ധമായ ഹ്രസ്വകാല പഠനങ്ങൾ.  

ടീം സിമ്പിൾ 

ബാങ്കിങ് ഡിജിറ്റലായി നീങ്ങാൻ തുടങ്ങിപ്പോൾ ഫെഡറൽ ബാങ്കിൽ അതിന് നേതുത്വം നല്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. 'ടീം സിമ്പിൾ' എന്ന പേരിൽ മിടുക്കരായ കുറച്ചു ചെറുപ്പക്കാരുമായി ഡിജിറ്റൽ സെന്റർ ഓഫ് എക്സലൻസ് എന്ന ടീമിന് രൂപം  നൽകി. ബാങ്കിന്റെ ഫ്ലാഗ്ഷിപ് ഡിജിറ്റൽ ഓഫറായ ഫെഡ്‌മൊബൈൽ ആപ്പ് പുറത്തിറങ്ങി.  ഇത് ഡിജിറ്റൽ ബാങ്കിങ് രംഗത്ത് ബാങ്കിന് വലിയ കുതിച്ചു ചാട്ടമാണ് നൽകിയത്. മിസ്സ്ഡ് കാൾ വഴി പണം കൈമാറാനുള്ള എളുപ്പ മാർഗം ഇന്ത്യൻ ബാങ്കിങ് രംഗത്ത് കൊണ്ടുവന്നത് ഫെഡറൽ  ബാങ്കാണ്.

 2016ൽ  എറണാകുളത്തു നടന്ന ഹോർമിസ് മെമ്മോറിയൽ ലക്ചറിന്റെ മുഖ്യാഥിതി അന്നത്തെ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനായിരുന്നു. ബാങ്കിന്റെ ഡിജിറ്റൽ മികവുകൾ അവിടെ പ്രദർശിപ്പിച്ചിരുന്നു. അതുകണ്ട്  അദ്ദേഹം പറഞ്ഞത്, വരാനിരിക്കുന്ന ബാങ്കിങ്ങിന്റെ വഴിയിലൂടെ ഞാനിതാ നടന്നു വന്നിരിക്കുന്നു എന്നാണ്.   

babu2

നീണ്ടു നിൽക്കുന്ന ബന്ധങ്ങൾ

ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ ലീഡര്‍ഷിപ്പിന് അടിത്തറ പാകിയത് ബാബുവിന്റെ നേതൃത്വ ത്തിൽ ടീം സിമ്പിളായിരുന്നു.  ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം ഇടപാടുകാരുമായും നാട്ടുകാരുമായും നല്ല ബന്ധം സ്ഥാപിക്കാനും ശ്രദ്ധനൽകി. അദ്ദേഹത്തിന്റെ  ചെറിയ പൊടിക്കൈകളിലൂടെ ബാങ്കും ഇടപാടുകാരും കൂടുതൽ അടുത്തു.  മികച്ച സേവനത്തിനും  നീണ്ടു  നിൽക്കുന്ന ബന്ധങ്ങൾക്കും ചെറിയ സന്തോഷങ്ങൾ മതി എന്നതാണ് ബാബുവിന്റെ പക്ഷം. സന്തോഷകരമായ ചെറിയ അനുഭവങ്ങളാണ് ഇടപാടുകാരെ നിലനിർത്തുന്നത് എന്ന അദ്ദേഹത്തിന്റെ വിശ്വാസം ബാങ്കിന്റെ ബിസിനസ് കൂടാനും നല്ല വ്യക്തി ബന്ധങ്ങൾ വളരാനും വഴിയൊരുക്കിയൊരുക്കി എന്നതാണ് യാഥാര്‍ത്ഥ്യം.

 എന്നും മികവ് പുലർത്തിയ അദ്ദേഹത്തെ ബാങ്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ  ഏൽപ്പിച്ചു.  നാല് പതിറ്റാണ്ടിനിടയിൽ ബാങ്കിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാനും ഉയർന്ന ലക്ഷ്യങ്ങളിലേക്കു ടീമിനെ നയിക്കാനും അവസരം ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു.  വിവിധ സ്ഥലങ്ങൾ, വ്യത്യസ്തരായ മനുഷ്യർ, പല ഭാഷകൾ, ഒട്ടനവധി വെല്ലുവിളികൾ, ഉത്തരവാദിത്തങ്ങൾ.....എപ്പോഴൊക്കെയോ  ജോലിയിൽ അടുത്ത പടവിലേക്കു അര്‍ഹനായിട്ടുണ്ടോ അപ്പോഴൊക്കെയും ആദ്യ അവസരത്തിൽ അത് നൽകി ബാങ്ക്  പ്രോത്സാഹിപ്പിച്ചുണ്ട്. 

babu1

ഊന്നൽ കാര്യക്ഷമതയ്ക്ക്

തുടക്കം മുതലേ പ്രവർത്തനമികവിലും കാര്യക്ഷമതയിലും ഊന്നൽ നൽകി മാത്രമെ ഫെഡറൽ ബാങ്ക് തീരുമാനങ്ങൾ .എടുത്തിട്ടുള്ളൂ. പതിനഞ്ചു വയസ്സിൽ ഏറ്റവും ചെറിയ ജോലിയിൽ പ്രവേശിച്ച് ഇന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ എത്തിയത് ബാങ്ക് എച് ആർ മേഖലയിൽ പുലർത്തിപ്പോരുന്ന സുതാര്യതക്കും മൂല്യത്തിനുമുള്ള തെളിവാണ്.  ഗോൾഡൻ പീകോക്ക് അവാർഡ്, ഗ്രേറ്റ് പ്ലേസ് ടു വർക്ക് അവാർഡ് എന്നിങ്ങനെ ധാരാളം അഭിമാനാർഹമായ അംഗീകാരങ്ങൾ  ബാങ്കിനെ തേടിയെത്തുന്നത് അതുകൊണ്ടാണന്ന് ബാബു വ്യക്തമാക്കി

ബാങ്കിങ്ങിന് പുറത്തു വായനയും സഞ്ചാരവും ആണ് അദ്ദേഹത്തിന‌ു പ്രിയം.  ക്ലാസ്സിക്കുകളാണ് ചെറുപ്പത്തിൽ അധികവും വായിച്ചത്.  ലിയോ ടോൾസ്റ്റോയ്, ദസ്തയ്വ്സ്കി, ആൽബർട്ട് കാമു, ഹെർമൻ ഹെസ്സെ തുടങ്ങിയ ലോകോത്തര എഴുത്തുകാർ അക്കാലത്തു  അദ്ദേഹത്തെ  സ്വാധീനിച്ചു. ഇന്ത്യൻ ഭാഷകളിൽ മലയാളം കഴിഞ്ഞാൽ ബംഗാളി നോവലുകളാണ് വായന.  ഇതിനൊക്കെ പുറമേ മാനേജ്മെന്റിലും ലീഡർഷിപ്പിലും മോട്ടിവേഷനിലും ധാരാളം വായന ജോലിയുടെ ഭാഗമായിത്തന്നെ വേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു.

ജോലിയുടെ ഭാഗമായും അല്ലാതെയും ഒരുപാട് യാത്രകളും നടത്തി. ഇന്ത്യക്കകത്തും പുറത്തും ധാരാളം സഞ്ചരിച്ചു. അതിൽ കാശ്മീർ, നോർത്ത് ഈസ്റ്റേൺ, ഹിമാലയൻ യാത്രകൾ വേറിട്ട് നില്കുന്നു. ഒരു ഹിമാലയൻ യാത്രയില്‍ ചിപ്‌കോ മൂവ്മെന്റിന്റെ നായകൻ സുന്ദർലാൽ ബഹുഗുണയുടെ വീട്ടിൽ അതിഥിയായി കഴിയാൻ അവസരം കിട്ടിയത് അദ്ദേഹം ഓർമിക്കുന്നു.  

ഓരോ യാത്രയും ഓരോ ജീവിത പാഠമാണ്. അത് മനസ്സിന്റെ അതിരുകൾ വിശാലമാക്കും.  പുതിയൊരു രീതിയിൽ ലോകത്തെ കാണാൻ തുടങ്ങും. നമ്മെ ആകപ്പാടെ പുതുക്കും യാത്രകളെ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു ഇദ്ദേഹം. 

ഡോളി അഗസ്റ്റിൻ എന്ന ടീച്ചറാണ് അദ്ദേഹത്തിന്റെ ഭാര്യ. മകൾ  അപര്‍ണയും ഭർത്താവും ബാങ്കര്‍മാരാണ്. മകൻ ഡോ. അസ്വിൻ.

English Summary: Executive Vice President of Federal Bank a Rare Acievement in Banking field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com