ADVERTISEMENT

വായ്പ എടുത്തവനെ ജപ്തി ചെയ്തു പെരുവഴിയാക്കുന്ന കത്തിവേഷം കൂടാതെ സാധാരണക്കാർക്കു കുറഞ്ഞ പലിശയ്ക്ക് എളുപ്പത്തിൽ വായ്പ ഉറപ്പാക്കുന്ന പച്ചവേഷം കൂടി സർഫാസി നിയമത്തിലുണ്ട്. ഈ നിയമം ഉള്ളതുകൊണ്ടാണ് ബാങ്കുകൾ കൂടുതൽ വായ്പകൾ നൽകുന്നത്. ഈടു നൽകുന്ന ആസ്തികൾ (physical assets) എളുപ്പത്തിൽ വിറ്റ് കിട്ടാക്കടം തിരിച്ചുപിടിക്കാം എന്നതു തന്നെ കാരണം. 

ജാമ്യവ്യവസ്ഥകൾ മാറി

മുൻപു സ്വർണം മാത്രമായിരുന്നു ബാങ്കുകൾ സ്വീകരിച്ചിരുന്നത്. സർഫാസി നിയമം വന്ന ശേഷം സ്വർണത്തിന്റെ അതേ സ്വീകാര്യത വീടിനും കെട്ടിടങ്ങൾക്കും വന്നു. സ്വർണം വിലപിടിച്ചതാണെങ്കിലും മറ്റുപയോഗങ്ങൾ ഇല്ലാത്തതാണ്. എന്നാൽ, നിങ്ങൾ ഉടമസ്ഥനും താമസക്കാരനും ആയിരിക്കെ തന്നെ വീടും കെട്ടിടവുമൊക്കെ ഈടു നൽകി വായ്പ എടുക്കാം.

നിർമിക്കാൻ പോകുന്ന വീടും വാങ്ങാനുദ്ദേശിക്കുന്ന സ്ഥലവും ഈടായി നൽകി ഭവനവായ്പ എടുക്കാം. അതായത്, നിലവിൽ ആസ്തി ഇല്ലാത്തവർക്കും വായ്പ ലഭ്യമാണ്. പണ്ടു വീട് വയ്ക്കുക എന്നത് വലിയൊരു കടമ്പയായിരുന്നു. മിക്കവരും 50–60 വയസ്സിലായിരുന്നു ഈ സ്വപ്നം പൂർത്തിയാക്കിയിരുന്നത്. ഇന്നാകട്ടെ ചെറുപ്രായത്തിൽ തന്നെ സ്വന്തം വീട് സർവസാധാരണമായി. ഇതിൽ സർഫാസി നിയമത്തിനുള്ള പങ്ക് ചെറുതല്ല. 

എന്തുകൊണ്ട് സർഫാസി നിയമം?

1991ലെ ഉദാരവൽക്കരണത്തിനുമുൻപ് ഇന്ത്യൻ ബാങ്കുകളിൽ വായ്പ റേഷനിങ് (credit rationing) ആയിരുന്നു. വായ്പലഭ്യതയുടെ പലമടങ്ങായിരുന്നു ആവശ്യക്കാർ. തിരിച്ചടവ് മുടങ്ങിയ വായ്പ (സ്വർണപ്പണയം ഒഴികെ) തിരിച്ചുപിടിക്കാനുള്ള ഏക വഴിയാകട്ടെ കോടതി വിധിയും. 

എന്നാൽ, കോടതി നടപടികൾ വർഷങ്ങളോളം നീളുമെന്നതിനാൽ ഈടുണ്ടെങ്കിലും വായ്പ തിരിച്ചുപിടിക്കാൻ ഭഗീരഥപ്രയത്നം വേണ്ടിയിരുന്നു. സ്വാഭാവികമായും സ്വർണപ്പണയം അല്ലാത്ത വായ്പകൾ നൽകാൻ ബാങ്കുകൾ വിമുഖത കാണിച്ചു. 

ഉദാരവൽക്കരണത്തോടെ ബാങ്കിനു മേൽ ഉണ്ടായിരുന്ന അമിതനിയന്ത്രണങ്ങൾ ആർബിഐ ഒഴിവാക്കി. ഇതോടെ കൂടുതൽ നിക്ഷേപങ്ങൾ ലഭ്യമായെങ്കിലും വായ്പലഭ്യത വർധിച്ചില്ല. തിരിച്ചുപിടിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു കാരണം. തുടർന്നാണ് സർഫാസി നിയമം കൊണ്ടുവരുന്നത്. 

സർഫാസി നിയമം റദ്ദാക്കിയാൽ

1. ജപ്തി തുടരാം

സർഫാസി റദ്ദാക്കിയാലും ജപ്തി തുടരാം. കാരണം, ജപ്തി ചെയ്യാനുള്ള ഒരു മാർഗം മാത്രമാണ് സർഫാസി നിയമം. ഏതു വായ്പയും തിരിച്ചടയ്ക്കാതിരുന്നാൽ ജപ്തി നേരിടേണ്ടിവരും.  

കോടതിയുടെ സഹായം തേടുകയാണെങ്കിൽ ഈടു നൽകിയ ആസ്തി മാത്രമേ സർഫാസി വഴി വായ്പദാതാവിന് കൈവശപ്പെടുത്താനാവൂ. ഈടു നൽകിയ ആസ്തികളുടെ മാത്രം ജപ്തിനടപടിയാണ് ഈ നിയമം വേഗത്തിലാക്കുന്നത്.

2. വായ്പ പലിശ കൂടും, നിക്ഷേപ പലിശ കുറയും

കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിൽ വലിയ കാലതാമസമുണ്ടെന്നു മാത്രമല്ല, അതിനുള്ള ബാങ്കുകളുടെ ചെലവും കൂടുതലാണ്. സ്വാഭാവികമായും വായ്പ നൽകുന്നത് ബാങ്കുകൾ കർശനമാക്കും. എഴുതിത്തള്ളുന്ന വായ്പകളിലെ നഷ്ടം ബാങ്കുകൾ നികത്തുന്നത് രണ്ടു വഴിക്കാണ് - വായ്പകൾക്ക് ഉയർന്ന പലിശ ഈടാക്കിയും നിക്ഷേപങ്ങൾക്കു കുറഞ്ഞ പലിശ നൽകിയും. 

3. നാടിന്റെ വളർച്ചയ്ക്ക് പണമില്ലാതാകും 

ബാങ്ക് പലിശ കുറഞ്ഞാൽ നിക്ഷേപകർ ഓഹരി, സ്വർണം, ഭൂമി എന്നിവയിൽ നിക്ഷേപിക്കാൻ തുടങ്ങും. സ്വർണത്തിലും ഭൂമിയിലുമുള്ള നിക്ഷേപം നിക്ഷേപകനു മാത്രം ഗുണകരമാകുന്നതാണ്. എന്നാൽ, ബാങ്ക് നിക്ഷേപങ്ങൾ വായ്പകളായി വിതരണം ചെയ്യപ്പെടുന്നതിനാൽ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും ഗുണം ചെയ്യും. 

4. അധികനികുതി നൽകേണ്ടി വരും

അധികനികുതികളിലൂടെ എല്ലാ ഇന്ത്യക്കാരും ഈ നഷ്ടം നികത്താൻ നിർബന്ധിതരാകാം. അതെങ്ങനെ എന്നല്ലേ? വായ്പ നൽകുന്നതിന് ബാങ്കുകൾ നിക്ഷേപത്തിനൊപ്പം മൂലധനവും ഉപയോഗിക്കുന്നുണ്ട്. ആർബിഐ നിർദേശ പ്രകാരം 100 രൂപ വായ്പ കൊടുക്കാൻ 88.50 രൂപ നിക്ഷേപവും 11.50 രൂപ മൂലധനവും ഉപയോഗിക്കണം. അതുകൊണ്ട്, തിരിച്ചുപിടിക്കാനാകാതെ കടങ്ങൾ എഴുതിത്തള്ളുമ്പോൾ ബാങ്കിന്റെ മൂലധനത്തിൽ കുറവു വരും. 

ഇങ്ങനെ ബാങ്കിനുണ്ടാകുന്ന മൂലധനനഷ്‌ടം ഓഹരിയുടമകളെയാണു ബാധിക്കുക. കിട്ടാക്കടം കൂടുതലായുള്ള പൊതുമേഖലാ ബാങ്കുകളുടെ മുഖ്യഓഹരി ഉടമ കേന്ദ്രസർക്കാർ ആണ്. ഈ കുറവ് കേന്ദ്രസർക്കാർ നികത്തുന്നത് വീണ്ടും ഓഹരി നിക്ഷേപം നടത്തിയാണ്. ഇതിനുള്ള പണം സർക്കാരിനു ലഭിക്കുന്നതാകട്ടെ നമ്മൾ നൽകുന്ന നികുതികൾ വഴിയും. 

loan-2-

ചെറുകിട വായ്പകളെ ഒഴിവാക്കിയാൽ  

10 ലക്ഷം വരെയുള്ള ചെറുകിട വായ്പകൾ സർഫാസിയിൽനിന്ന് ഒഴിവാക്കിയെന്നു കരുതുക. 50 ലക്ഷം രൂപ വിലയുള്ള വീടിന്റെ ഉടമസ്ഥനായ നിങ്ങൾ, ബാങ്കിൽ 10 ലക്ഷത്തിന്റെ വായ്പയ്ക്ക് അപേക്ഷിക്കുന്നു എന്നിരിക്കട്ടെ. ബാങ്ക്മാനേജരുടെ മറുപടി ഇങ്ങനെ ആയിരിക്കും. 15 മുതൽ 35 ലക്ഷം രൂപ വരെ വായ്പ തരാം. വീട് ഈടു നൽകിയാൽ മതി. 10 ലക്ഷം മാത്രമാണ് വേണ്ടതെങ്കിൽ സ്വർണം കൊണ്ടുവരൂ, വായ്പ നൽകാം.

ചുരുക്കത്തിൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ ബാങ്കുകൾ നൽകാതാകും. ഉദ്ദേശ്യം നല്ലതാണെങ്കിലും ഫലം വിപരീതമാകുന്നു.

വായ്പ നിഷേധിക്കുന്നതിന്റെ  ന്യായീകരണം  

ബാങ്ക് വായ്പയിൽ വായ്പ എടുക്കുന്നയാൾക്ക് ആദ്യം തന്നെ പണം ലഭിക്കും. പക്ഷേ, ബാങ്കിന് അപ്പോൾ തിരിച്ചുകിട്ടുക, വായ്പ പലിശസഹിതം തിരിച്ചടയ്ക്കാമെന്ന വാഗ്ദാനം മാത്രമാണ്. ഈ വാഗ്ദാനം നിറവേറ്റാൻ അപേക്ഷകനു കഴിയും എന്നു ബാങ്കിന് ബോധ്യമായാലേ അവർ വായ്പ നൽകൂ.

എന്നിരുന്നാലും വസ്‌തുനിഷ്‌ഠമല്ലാതെ വായ്പകൾ നിഷേധിക്കാൻ ബാങ്കുകൾക്കു കഴിയില്ല. ബാങ്കിങ് മേഖലയിലെ അതിശക്തമായ മത്സരമാണു കാരണം.

വായ്പ നൽകുന്ന പണം സാധാരണക്കാരന്റേത് 

ഇവിടെ ഓർക്കേണ്ട ഒരു യാഥാർഥ്യം കൂടിയുണ്ട്. വായ്പയായി നൽകുന്ന പണം ബാങ്കിന്റെയല്ല. ബാങ്കിനെ വിശ്വസിച്ചേൽപിച്ച നിക്ഷേപകരുടേതാണ്. ജപ്തിചെയ്യുന്നത് ബാങ്കുകൾ ആണെങ്കിലും അതു നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാനാണ്. ആവശ്യപ്പെട്ടാൽ തിരികെ ലഭിക്കും എന്ന ഉറപ്പിലാണ് പലിശ കുറവാണെങ്കിലും ബാങ്കുകളിൽ നാം നിക്ഷേപം നടത്തുന്നത്. ഈ വിശ്വാസം എന്നു നഷ്ടപ്പെടുന്നുവോ അന്നുമുതൽ ബാങ്കുകൾക്കു നിക്ഷേപം ലഭിക്കാതാകും. 

English Summary : Know more about Sarfaesi Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com