ADVERTISEMENT

പ്രതീക്ഷിച്ച പോലെ റിസർവ് ബാങ്ക് റീപോ നിരക്ക് വർധിപ്പിച്ചു. പണപ്പെരുപ്പത്തെ വരുതിയിൽ നിർത്തുവാനുള്ള പദ്ധതികളുമായി റിസർവ് ബാങ്ക് മുന്നോട്ടു പോകും എന്ന സന്ദേശമാണ് റിസർവ് ബാങ്ക് ഗവർണർ നൽകിയത്. മഹാമാരിയുടെ സമയത്ത് ഏർപ്പെടുത്തിയിരുന്ന ഉദാര വായ്പ നയങ്ങൾ വെട്ടി ചുരുക്കുമെന്ന കൃത്യമായ നയമാണ് വരുന്ന പാദങ്ങളിലും റിസർവ് ബാങ്ക് പിന്തുടരുക എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 

നിരക്ക് വർധന 

റീപോ നിരക്ക് വർധിപ്പിച്ചതിനാൽ  വായ്പ നിരക്കുകൾ ഇനിയും ഉയരും. ഭവനവായ്പ, വാഹനവായ്പ എന്നിവയുൾപ്പടെയുള്ള എല്ലാ വായ്പകൾക്കും ഇത് ബാധകമാകും, ഓരോ ബാങ്കുകൾക്കും ഈ നിരക്ക് വ്യത്യസ്തമായിരിക്കും. സ്ഥിര നിക്ഷേപ പലിശ നിരക്കുകളും ഉയരും. സാധാരണ രീതിയിൽ റിസർവ് ബാങ്ക്  റീപോ നിരക്കുകൾ വർധിപ്പിക്കുമ്പോൾ ബാങ്കുകൾ വളരെ വേഗത്തിൽ വായ്പ പലിശ നിരക്കുകൾ വർധിപ്പിക്കും. എന്നാൽ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ  അത്ര പെട്ടെന്ന് വർധിപ്പിക്കുവാൻ ബാങ്കുകൾ ശുഷ്‌കാന്തി കാണിക്കില്ല. സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വർധിപ്പിച്ചാൽ തന്നെ ഉപഭോക്താക്കൾക്ക് യഥാർത്ഥത്തിൽ ലഭിക്കേണ്ട റീപോ നിരക്കിനോട് തുല്യമായ പലിശ നിരക്ക് ഒരിക്കലും ബാങ്കുകൾ നൽകാറില്ല. 

പണമില്ലെങ്കിലും ഇനി യു പി ഐ 

പണമില്ലെങ്കിലും  ഇനി പണമിടപാടുകൾക്ക് യു പി ഐ ഉപയോഗിക്കാം. റുപ്പേ ക്രെഡിറ്റ് കാർഡുകൾ യു പി ഐയുമായി ബന്ധിപ്പിക്കും എന്ന വളരെ സുപ്രധാന തീരുമാനം റിസർവ് ബാങ്ക് ഗവർണർ ഇന്നു പ്രഖ്യാപിച്ചു. നിലവിൽ നമ്മുടെ ബാങ്ക് അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ മാത്രമേ യു പി ഐ ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ അക്കൗണ്ടിൽ പണമില്ലെങ്കിലും റുപ്പേ ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ചു വളരെ എളുപ്പത്തിൽ യു പി ഐ ഉപയോഗിക്കാം. 'ക്യാഷ്‌ലെസ്സ്' സമ്പദ് വ്യവസ്ഥയിലേക്ക് ഒരു ചുവടു കൂടി വെക്കുന്നതാണ് ഈ സുപ്രധാന തീരുമാനം. 

പണപ്പെരുപ്പം 

ആഗോളതലത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ ഇന്ത്യയിലും അലയടിക്കുന്നതു മൂലം ബുദ്ധിമുട്ടേറിയ സമയത്തുകൂടിയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കടന്നു പോകുന്നത് എന്നും റിസർവ് ബാങ്ക് ഗവർണർ സൂചിപ്പിച്ചു. വിതരണ സംവിധാനത്തിലെ പാളിച്ചകൾ മൂലം ഇനിയും സാധനങ്ങൾക്ക് വില കൂടുവാൻ സാധ്യതയുണ്ടെന്നും പരോക്ഷമായി പറഞ്ഞു. റീപോ നിരക്ക് വർധന പ്രതീക്ഷിച്ചിരുന്നതിനാൽ വിൽപ്പന സമ്മർദ്ദത്തിലായിരുന്ന  ഓഹരി വിപണി ഗവർണറുടെ പ്രഖ്യാപനത്തിനു ശേഷം തിരിച്ചു കയറുവാൻ  തുടങ്ങി. എന്നാൽ ബോണ്ട് വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. റീപോ നിരക്ക് വർധിപ്പിച്ചതു മൂലമുള്ള സന്തോഷം കൊണ്ട് ബാങ്ക് ഓഹരികളും ഉയരാൻ തുടങ്ങി. എന്നാൽ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വർധിക്കുന്നത് മൂലം ഓഹരി വിപണയിൽ നിന്നും പണം തിരിച്ചു ബാങ്കുകളിലേക്ക് ഒഴുകുമോയെന്ന ആശങ്കയും ഉണ്ട്.

English SUmmary : RBI Hiked Repo Rate, Different Loan - Deposite Rates Will Go Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com