ADVERTISEMENT

സഹകരണ ബാങ്കുകൾ വ്യക്തികൾക്കു നൽകുന്ന ഭവന വായ്പയുടെ ഉയർന്ന പരിധി ഇരട്ടിയായി വർധിപ്പിച്ചു. റിസർവ് ബാങ്ക് പണനയ സമിതിയുടേതാണ് തീരുമാനം. അർബൻ സഹകരണ ബാങ്കുകളുടെ പരിധി 11 വർഷത്തിനു ശേഷവും സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളുടെ പരിധി 12 വർഷത്തിനു ശേഷവുമാണ് പുതുക്കുന്നത്. ബാങ്കുകളുടെ നിക്ഷേപം അനുസരിച്ചാണ് പരിധിയിലെ വ്യത്യാസം. വാണിജ്യ, റിയൽ എസ്റ്റേറ്റ് പാർപ്പിട പദ്ധതികൾക്ക് വായ്പ നൽകാനും സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകൾക്ക് അനുമതി നൽകി. 

പാർപ്പിട–ഇതര പദ്ധതികൾക്ക് അനുമതിയില്ല. എന്നാൽ സംയോജിത പാർപ്പിട പദ്ധതികളിൽ മൊത്തം വിസ്തീർണത്തിന്റെ10 ശതമാനത്തിൽ താഴെ ഷോപ്പിങ് കോംപ്ലക്സ്, സ്കൂൾ അടക്കമുള്ള വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഒരു ബാങ്കിന് ആകെ നൽകാവുന്ന ഭവനവായ്പയുടെ പരിധി ആസ്തിയുടെ 5 ശതമാനമായി തുടരും. മറ്റ് ബാങ്കുകളെ പോലെ വാതിൽപ്പടി സേവനം നൽകാൻ അർബൻ സഹകരണ ബാങ്കുകൾക്ക് അനുമതി നൽകി. 

മറ്റ് പ്രധാന തീരുമാനങ്ങൾ

∙ഇ–മാൻഡേറ്റ് പരിധി ഇനി 15,000 രൂപ

ഓരോ മാസമോ വർഷമോ ആവർത്തിച്ചു വരുന്ന പേയ്മെന്റുകൾ ബാങ്ക് കാർഡുകളിൽ നിന്ന് തനിയെ അടക്കുന്ന തരത്തിൽ ക്രമീകരിക്കുന്ന ഇ–മാൻഡേറ്റ് സൗകര്യത്തിന്റെ പരിധി 5,000 രൂപയിൽ നിന്ന് 15,000 രൂപയാക്കി ഉയർത്തി. വിവിധ വരിസംഖ്യകൾ, ഇൻഷുറൻസ് പ്രീമിയം, വിദ്യാഭ്യാസ ഫീസ് എന്നിവ മുടക്കം കൂടാതെ അടയ്ക്കുന്നതിന് ഇത് സഹായകമാകും. രാജ്യത്ത് 6.25 കോടി ഇ–മാൻഡേറ്റുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.

∙യുപിഐ ക്രെഡിറ്റ് കാർഡ് വഴിയും

യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) സൗകര്യം നിലവിൽ ഡെബിറ്റ് കാർഡ് വഴി സേവിങ്സ്, കറന്റ് ബാങ്ക് അക്കൗണ്ടുകളുമായിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. ഇത് ക്രെഡിറ്റ് കാർഡ് വഴിയും സാധിക്കും. ഇത് വരുന്നതോടെ ഇ–പോസ് മെഷീനില്ലാത്തയിടത്തും ക്രെഡിറ്റ് കാർഡിലെ പണമുപയോഗിച്ച് യുപിഐ വഴി പണമടയ്ക്കാം. 

ഡിജിറ്റൽ കറൻസി ഈ വർഷം ഉണ്ടാകുമെന്നും ആർബിഐ ഗവർണർ അറിയിച്ചു.

English Summary : Co Operative Banks and Home Loan Limit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com