ADVERTISEMENT

സാമ്പത്തിക വിദഗ്ധർ മുതൽ സാധാരണക്കാർ വരെ പ്രതീക്ഷിച്ചിരുന്ന പോലെ റിസർവ് ബാങ്ക് മുഖ്യപലിശ നിരക്ക് 50 അടിസ്ഥാന പോയിന്റുകൾ ഉയർത്തി. രണ്ടു ദിവസത്തെ നയാവലോകനയോഗ ശേഷം ആർബിഐ ഗവർണർ മുഖ്യപലിശ നിരക്കായ റിപ്പോനിരക്ക് ഉയർത്തി 5.4ശതമാനമാക്കിയത് സമ്പദ് വ്യവസ്ഥയിൽ ദൂരവ്യാപക ഫലങ്ങളുളവാക്കും. ഭവന, വാഹന വായ്പകളുൾപ്പടെ ഫ്ളോട്ടിങ് നിരക്കിൽ പലിശ കണക്കാക്കുന്ന എല്ലാത്തരം വായ്പകളുടെയും പലിശ ഉടനെ തന്നെ അര ശതമാനമെങ്കിലും വർധിക്കും. ഇത് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരുടെ ജീവിതം വീണ്ടും ചെലവേറിയതാക്കും. കോവിഡിനു ശേഷം വായ്പ പുനക്രമീകിരിച്ച് തിരിച്ചടവ് തു‍ടങ്ങിയ ചെറുകിട– ഇടത്തരം സംരംഭങ്ങളുടെയും വ്യാപാരികളുടെയും  ബിസിനസ് വായ്പ നിരക്കുകളിലും അരശതമാനം വർധന ഉണ്ടാകും. ഇത്പ്രതിസന്ധിയിൽ നിന്നു കരകയറാനൊരുങ്ങുന്ന സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.  

economy4

പലിശ നിരക്ക് വർധിക്കും 

ഫിക്സഡ് നിരക്കിൽ വായ്പ എടുത്തവരെ കാര്യമായി ബാധിക്കില്ലെങ്കിലും ഫ്ളോട്ടിങ് നിരക്കിലുള്ള എല്ലാ വായ്പകളുടെയും ചെലവേറും. 10 ലക്ഷം രൂപയുടെ വായ്പ എടുത്തിട്ടുള്ള ഒരാൾക്ക് പ്രതിമാസ തിരിച്ചടവിൽ 100 രൂപയുടെയെങ്കിലും വർധന പ്രതീക്ഷിക്കാം. ബാങ്കുകൾ വായ്പ പലിശ നിരക്ക് ഉടനെ തന്നെ വർധിപ്പിക്കുമെങ്കിലും നിക്ഷേപ പലിശയൂടെ വർധന വേഗത്തിലാക്കണമെന്നില്ല. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ,വിദ്യാഭ്യാസ വായ്പ എന്നിവയെല്ലാം ഉയരും. ബിസിനസ് വായ്പകളിലേറെയും ഫ്ലോട്ടിങ് നിരക്കിലായിരിക്കുമെന്നതിനാൽ ആ മേഖലയിൽ നിന്നുള്ള വായ്പ തിരിച്ചടവ് വീണ്ടും പരുങ്ങലിലാകാൻ സാധ്യതയുണ്ട്.

bank-2-

ബാങ്കുകളെ ബാധിക്കും

ബാങ്കുകൾ നൽകുന്ന പ്രവർത്തന മൂലധന വായ്പ, കാർഷിക വായ്പ എന്നിവയുടെ പലിശയും ഉയരും.  പലിശ വരുമാനം ഉയരുമെങ്കിലും ഈ മേഖലകളിൽ നിന്നുള്ള കൃത്യമായ തിരിച്ചടവ് മങ്ങുമെന്നതിനാൽ ബാങ്കുകളുടെ പ്രതിസന്ധിയേറും. കോവിഡ് പ്രതിസന്ധിക്കു ശേഷം പുനക്രമീകരിച്ച് വെച്ചിരുന്ന തിരിച്ചടവുകളാണിങ്ങനെ വീണ്ടും കുറയുന്നത്. 

economy10

തൊഴിലവസരം കുറയും

വായ്പാ ചെലവേറുന്നതോടെ വ്യക്തികളും സ്ഥാപനങ്ങളും പുതിയ വായ്പ എടുക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞേക്കാമെന്നത് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെ ത്തന്നെ ബാധിക്കും. പുതിയ വായ്പ എടുക്കാൻ ആളുകൾ മടിക്കും. പുതിയ മുതൽ മുടക്കിനുള്ള സാധ്യത മങ്ങുന്നത് ആളുകളുടെ തൊഴിലവസരം കുറയാനും വരുമാനം കുറയാനും കാരണമാകും. ആളുകൾ വാങ്ങലുകളും മറ്റും നീട്ടിവെക്കും. ഇതെല്ലാം ചോർന്ന് കോവിഡിനു ശേഷം കുതിക്കാൻ തയാറെടുക്കുന്ന രാജ്യത്തെ സമ്പദ്യ വ്യവസ്ഥയെ പിന്നോട്ടടിച്ചേക്കാമെന്ന് ബാങ്കിങ് വിദഗ്ധനായ കെ ബാബു പറയുന്നു. എന്നാൽ റിസർവ് ബാങ്ക് വളർച്ചയ്ക്ക് മുൻതൂക്കം നൽകുന്നതിലുപരിയായി പണപ്പെരുപ്പം പിടിച്ചു നിർത്തുന്നതിനാണ് ശ്രമിക്കുന്നത്. ഇതേ ലക്ഷ്യത്തോടെയുള്ള റിസർവ് ബാങ്കിന്റെ ഇടപെടൽ രൂപയുടെ മൂല്യത്തകർച്ച കുറച്ച് കൂടുതൽ കരുത്ത് കൈവരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു.

English Summary : RBI Repo Rate Hike Will Impact All Loans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com