ADVERTISEMENT

എടുത്ത കടം തിരിച്ചടയ്ക്കാനാകാതെ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് കിട്ടുന്നവരുടെ എണ്ണം കൂടിവരുന്നു. നോട്ടീസ് കിട്ടിയാൽ എല്ലാം തീർന്നു എന്നു വിശ്വസിച്ച് ഉടനെ ആത്മഹത്യ ചെയ്യുന്ന  വാർത്തകളും വർധിക്കുന്നുണ്ട്.  എന്നാൽ ഒരു ജപ്തി നോട്ടീസ് വന്നുവെന്നു കരുതി അതോടെ എല്ലാം തീരുന്നില്ല എന്ന് ആദ്യം തിരിച്ചറിയുക. കൃത്യമായ മറുപടി കൊടുത്താൽ തന്നെ  ഒരു പക്ഷേ വായ്പ തിരിച്ചടയ്ക്കാൻ കൂടുതൽ  സമയം  ഉറപ്പാക്കാം. അതിനിടയിൽ അൽപം പണം സംഘടിപ്പിച്ച് അടച്ചാൽ അതു വഴി ജപ്തി ഒഴിവാക്കാനും കിടപ്പാടം രക്ഷിക്കാനും വരെ സാധിച്ചേക്കാം. 

നോട്ടീസ് കിട്ടിയാൽ സാധാരണ ചെയ്യുന്നത്

നോട്ടീസ് കിട്ടിയാൽ നല്ലൊരു ശതമാനം പേരും മറുപടി നൽകില്ല. കാരണം നടപടിക്രമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ തന്നെ. മറുപടി നൽകുന്നതിനു പകരം സ്ഥാപനത്തിലെത്തി സ്വന്തം കഷ്ടപ്പാടും ദുരിതങ്ങളും ഉദ്യോഗസ്ഥരോട് വിവരിക്കും. എന്നാൽ മിക്കപ്പോഴും  ഉദ്യോഗസ്ഥർ ശരിയായ മറുപടിയോ ഉപദേശമോ കൊടുക്കാറില്ല. അടുത്തപടിയായി രാഷ്ട്രീയമായോ അല്ലാതെയോ സ്വാധീനം ചെലുത്താൻ ശ്രമിക്കും. എന്നിട്ടും ഫലമില്ല എന്നു മനസിലാക്കി ആത്മഹത്യ അടക്കമുള്ള കടുംകൈകളിലേയ്ക്ക് നീങ്ങും.

കിട്ടാക്കടം

ഇവിടെ ഓർമിക്കേണ്ട രണ്ടു വസ്തുതകളുണ്ട്. രണ്ടു തവണ മുടങ്ങിയാൽ വായ്പ കിട്ടാക്കടം( എൻപിഎ ) ആകും. അങ്ങനെ വന്നാൽ വായ്പ എടുത്ത ബ്രാഞ്ച് ആയിരിക്കില്ല തുടർ നടപടികൾ സ്വീകരിക്കുക. നിയമനടപടികളുടെ ചുമതല റീജനൽ ഓഫിസ്, റിക്കവറി ഓഫിസ് എന്നിവയ്ക്കാകും. അതിനാൽ നിങ്ങളുടെ ബ്രാഞ്ചിലെ  ഉദ്യോഗസ്ഥർക്ക് സഹായിക്കാൻ സാധിക്കില്ല. 

രാഷ്ട്രീയ നേതാക്കൾ, നാട്ടിലെ പ്രമുഖർ, ബാങ്കിലെ ഉദ്യോഗസ്ഥർ എന്നിവരുടെ ശുപാർശയ്ക്കായി പോകുന്നതും ഒഴിവാക്കുന്നതാണു നല്ലത്. എൻപിഎ ആയ വായ്പ തിരിച്ചു പിടിക്കാൻ സർഫാസി ആക്ട് പ്രകാരം ജപ്തി ചെയ്യാൻ ബാങ്കിന് അധികാരം നൽകുന്നത് റിസർവ് ബാങ്കാണ്. അതിനെ മറികടക്കാൻ ഇത്തരം ശുപാർശകൾ കൊണ്ട് കാര്യമായ പ്രയോജനമൊന്നും കിട്ടില്ല. പക്ഷേ അവർ എന്തെങ്കിലും ഒക്കെ ചെയ്ത്  രക്ഷിക്കും എന്ന വിശ്വാസത്തിൽ നാം കാത്തിരിക്കും. പിന്നീട് പെട്ടെന്ന് ജപ്തി നടപടികൾക്കായി ബാങ്ക് എത്തുമ്പോൾ ഒന്നും ചെയ്യാൻ ആർക്കും കഴിയില്ല.  

ചെയ്യേണ്ടത് ഇതാണ്

 അതേസമയം  നോട്ടീസ് കിട്ടിയാൽ ഉടൻ രണ്ട് കാര്യങ്ങൾ  ചെയ്താൽ ജപ്തി ഒഴിവാക്കാൻ അവസരം ലഭിക്കും.

1. കിട്ടിയ നോട്ടീസിനു കൃത്യമായ മറുപടി നൽകുക.

2. ലഭ്യമായ സമയ പരിധിക്കുള്ളിൽ രണ്ടോ മൂന്നോ തവണയ്ക്കുള്ള പണം കണ്ടെത്തി അടയ്ക്കുക.  ഇതു രണ്ടും ചെയ്യാൻ കഴിഞ്ഞാൽ  ചിലപ്പോൾ ജപ്തി എന്നന്നേയ്ക്കുമായി പോലും ഒഴിവാക്കാൻ കഴിഞ്ഞേക്കും.  

നോട്ടീസിനു മറുപടി   

നോട്ടീസ് കിട്ടിക്കഴിഞ്ഞാൽ ആദ്യം അതു വ്യക്തമായി വായിച്ചു മനസിലാക്കണം. കൃത്യമായി മനസിലായില്ലെങ്കിൽ അറിയാവുന്ന ആരെയെങ്കിലും കാണിച്ച് വിവരങ്ങൾ അറിയാം. വിവരങ്ങൾ കൃത്യമാണോ, പലിശ, മറ്റു ചാർജുകൾ എന്നിവ സംബന്ധിച്ച് അവ്യക്തത ഉണ്ടോ എന്നു വിലയിരുത്തണം.  

നോട്ടീസ് കിട്ടിയ തീയതി മുതൽ നിശ്ചിത ദിവസത്തിനുള്ളിൽ മറുപടി കൊടുത്തിരിക്കണം എന്നാകും അതിൽ പ്രധാനമായും പറഞ്ഞിരിക്കുക. പൊതുവേ 30 ദിവസം വരെയാണ് മറുപടിക്ക് സമയം അനുവദിക്കുക. അത്രയും കാത്തിരിക്കാതെ, കഴിയുമെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ മറുപടി കൊടുക്കുക. നിങ്ങൾക്ക് അറിയാവുന്ന ഭാഷയിൽ, രീതിയിൽ എഴുതിയാൽ മതി.  

നോട്ടീലെ വിവരങ്ങൾ സംബന്ധിച്ച് നിങ്ങള്‍ക്കുള്ള സംശയങ്ങൾ ഉന്നയിക്കാം. വിവരങ്ങൾ കൃത്യമല്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി  വിശദീകരണം തേടാം. ഈ മറുപടി രണ്ടാഴ്ചയ്ക്കുളളിൽ റജിസ്റ്റേർഡ് പോസ്റ്റായി അയയ്ക്കുക. അതിന്റെ കോപ്പിയും പോസ്റ്റ് ഒാഫീസിലെ രസീതും സൂക്ഷിച്ചു വയ്ക്കണം. റജിസ്റ്റേഡ് കത്തിന്റെ അക്നോളജ്മെന്റ് കിട്ടുമ്പോൾ അതും  സൂക്ഷിക്കുക. 

നിങ്ങളുടെ മറുപടി  കിട്ടിയാൽ  ഏഴു ദിവസത്തിനുള്ളിൽ മറുപടി തരാൻ സ്ഥാപനം ബാധ്യസ്ഥരാണ്. അതിനകം  സ്ഥാപനം രേഖാമൂലം നിങ്ങൾക്കു മറുപടി തന്നില്ലായെങ്കിൽ ആദ്യ നോട്ടിസിന് പ്രാധാന്യം ഇല്ലാതാകും. അതായത് നിങ്ങൾക്ക് ബാങ്ക് സമയത്ത് കൃത്യമായി  വിശദീകരണം നൽകിയില്ലായെങ്കിൽ വീണ്ടും നോട്ടീസ് അയച്ച് ആദ്യം മുതൽ നടപടികൾ തുടങ്ങേണ്ടി വരും. അപ്പോൾ  ഒരു മാസമെങ്കിലും നിങ്ങൾക്ക് അധിക സമയം കിട്ടും. പക്ഷേ അപ്പോഴേയ്ക്കും തവണകൾ കൂടുതൽ മുടങ്ങുകയും അടയ്ക്കേണ്ട തുക വർധിക്കുകയും ചെയ്യുമെന്നതു കൂടി ഓർക്കണം. .   

2 കഴിയാവുന്നത്രയും അടയ്ക്കുക

മൂന്നു ഗഡു കുടിശിക വന്നാൽ വായ്പ അക്കൗണ്ട് കിട്ടാക്കടം(എൻപിഎ)  ആയി മാറും. സർഫാസി ആക്ട് പ്രകാരം  ജപ്തി നടപടികൾ ആരംഭിക്കും. അതായത് നിങ്ങൾക്ക് നോട്ടീസ് ലഭിക്കുമ്പോൾ നാലോ അഞ്ചോ തവണയായും മുടങ്ങിയിട്ടുണ്ടാകുക. ശ്രമിച്ചാൽ തിരിച്ചടയ്ക്കാൻ കഴിഞ്ഞേക്കും. മുഴുവനും ഇല്ലെങ്കിൽ രണ്ടു തവണ നിലനിർത്തി, ബാക്കിയുള്ള രണ്ടോ മൂന്നോ തവണയ്ക്കുള്ള പണം ( പലിശയടക്കം) കണ്ടെത്താൻ ശ്രമിക്കുക. അത്രയും തിരിച്ചടച്ചാൽ അതോടെ നിങ്ങളുടെ വായ്പ കിട്ടാക്കടം അഥവാ എൻപിഎ അല്ലാതാകും. ജപ്തി നടപടികൾ ബാങ്കിന് അവസാനിപ്പിക്കേണ്ടി വരും.  

തുടർന്ന്  വായ്പ കൃത്യമായി തിരിച്ചടയക്കാൻ ശ്രദ്ധിക്കുക. മാസഗഡുവിനേക്കാൾ അൽപം കൂട്ടി അടച്ചാൽ  നിലനിർത്തിയിട്ടുള്ള ഗഡുക്കളുടെ ബാധ്യത കൂടി ഒഴിവാക്കുകയും ചെയ്യാം. ആദ്യ നോട്ടിസ് തീയതിയിൽനിന്നു 30 ദിവസത്തിനുള്ളിൽ. അടയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക,  ക്രോസ് ചെക്ക് ആയോ NEFT വഴിയോ പണം അടയ്ക്കുക.അതിൽ പേരും ലോൺ നമ്പരും വ്യക്തമായി എഴുതണം.

അതിനുശേഷം 3/4 ഗഡു അടച്ചെന്നും വായ്പാ എൻപിഎയിൽ നിന്നും മാറ്റിത്തരണം എന്നും ആവശ്യപ്പെട്ട് സ്ഥാപനത്തിന്  റജിസ്റ്റേർഡ് കത്ത് കൊടുക്കണം. ബാക്കി ഉള്ള രണ്ടു തവണകളും തുടർന്നുള്ള തവണകളും കൃത്യമായി അടച്ചു കൊള്ളാമെന്നു കത്തിൽ പറയണം..

ഈ കത്തിന്റെ കോപ്പിയും പോസ്റ്റ് ഒാഫീസിലെ രസീതും ആദ്യ നോട്ടിസിന്റെ മറുപടിയും എല്ലാം ഈ വായ്പ തീരും വരെ ഭദ്രമായി സൂക്ഷിക്കണം.തുടര്‍ന്ന് തവണകൾ മുടങ്ങാതെ ശ്രദ്ധിക്കണം. ബാക്കി കിടക്കുന്ന രണ്ടു തവണകൾ ഒരുമിച്ച് അടയ്ക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തുടർന്നുള്ള തവണകളുടെ കൂടെ ആയിരമോ രണ്ടായിരമോ വച്ച് കുറേശ്ശേ അടച്ചുതീർക്കാം.

വിവരങ്ങൾക്ക് കടപ്പാട്  ടി അജയകുമാർ. ബാങ്ക് ആൻഡ് ഫിനാൻസ് അക്കൗണ്ട് ഹോൾഡേഴ്സ് വെൽഫെയർ അസോസിയേഷൻ  ദേശീയ കോ ഒാർഡിനേറ്റർ, vavaent2010@gmail.com)

English Summary : Suicide is not a Solution for Attachment Notice, Do these Things

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com