ADVERTISEMENT

ഇന്ന് പ്രഖ്യാപിക്കുന്ന പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് വീണ്ടും പലിശനിരക്കുയർത്തുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതിനായി റിസർവ് ബാങ്കിന്റെ മോണിറ്ററി കമ്മിറ്റിയുടെ (MPC) മുമ്പിലുള്ള വെല്ലുവിളികൾ ഒന്നും രണ്ടുമല്ല, ഒട്ടനവധിയാണ്. വിലക്കയറ്റം താങ്ങാവുന്ന നിലയിലെത്തിക്കുക എന്ന പരമമായ ഉത്തരവാദിത്തമാണ് മോണിറ്ററി കമ്മിറ്റിയുടേത് എന്ന് ലളിതമായി പറഞ്ഞ് ഒഴിവാകാനാകില്ല ഇത്തവണ. കാരണം റിസർവ് ബാങ്കിനെ കൂടുതൽ സ്വാധീനിക്കുക രാജ്യാന്തര തലത്തിൽ ഉരുണ്ടുകൂടുന്ന രാഷ്‌ടീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളാണ്.

ജൂണിനും ഓഗസ്റ്റിനും ശേഷം

വിലക്കയറ്റം ആറു ശതമാനത്തിൽ ഒതുക്കി നിർത്തണം എന്ന തീരുമാനത്തിലാണ് ജൂൺ മാസത്തിൽ റിസർവ് ബാങ്ക് 50 അടിസ്ഥാന പോയിന്റ് റിപോ നിരക്ക് ഉയർത്തിയത്. എന്നാൽ ഒരു മാസത്തിനുള്ളിൽ അമേരിക്കൻ ഫെഡറൽ റിസർവ് ഫെഡ് നിരക്ക് 75 അടിസ്ഥാന പോയിന്റ് ഉയർത്തി.  ഇത് നമ്മുടെ സാമ്പത്തിക സമീപനങ്ങളെ ഏറെക്കുറെ സ്വാധീനിക്കുകയും ഓഗസ്റ്റ് 5 ന് നടന്ന അടുത്ത മോണിറ്ററി പോളിസി അവലോകനത്തിൽ റീപോ നിരക്ക് വീണ്ടും 50 അടിസ്ഥാന പോയിന്റ് ഉയർത്താൻ റിസർവ് ബാങ്ക് നിര്‍ബന്ധിതരാവുകയും ചെയ്തു.  

അതിദ്രുതം മാറുന്ന സാമ്പത്തിക വ്യവസ്ഥ

interest-rate-up

എന്നാൽ ഓഗസ്റ്റ് മാസത്തിൽ നിന്നും സെപ്റ്റംബറെത്തിയപ്പോഴേക്കും സ്ഥിതി മാറി.  മുഖ്യ കേന്ദ്രബാങ്കുകളെല്ലാം തന്നെ കുതിച്ചുയരുന്ന വിലക്കയറ്റത്തിനു കടിഞ്ഞാണിടാൻ പെടാപാട് പെടുകയാണ്. ദരിദ്ര രാജ്യങ്ങളായ വെനിസ്വെല, സുഡാൻ എന്നിവയെ മാറ്റിനിർത്തിയാലും വിലക്കയറ്റത്തിന്റെ ഭീകരത കൂടുതൽ അനുഭവപ്പെടുന്ന തുർക്കി (80 ശതമാനം), അർജന്റീന (79 ശതമാനം) മുതലായ രാജ്യങ്ങൾ മുതൽ ഇംഗ്ലണ്ടും, സ്പെയിനും, ഇറ്റലിയും, ബ്രസീലും, ജർമനിയും, മെക്സിക്കോയും, സൗത്ത് ആഫ്രിക്കയും, സിങ്കപ്പൂരും, ഫ്രാൻസും, സൗദി അറേബ്യയും എല്ലാം ഈ ചുഴിയിലാണ്. റഷ്യയും കാനഡയും സമാനമായ വെല്ലുവിളികൾ നേരിടുകയാണ്. ചൈന സ്വന്തം പ്രശ്നങ്ങളാൽ തന്നെ ബുദ്ധിമുട്ടിലാണ്. വിലക്കയറ്റം ഇത് വരെയും ബാധിക്കാത്ത ജപ്പാൻ പോലും പുതിയ സാമ്പത്തിക സാഹചര്യത്തിൽ ആശങ്കയിലാണ്.  ഇന്ത്യയാകട്ടെ ഏഴു  ശതമാനമെന്ന വിലക്കയറ്റ സൂചികയിൽ ചുറ്റിത്തിരിയുന്നു.

വേദന അനിവാര്യം

ഇതിനു നടുവിലാണ് ഈ മാസം 22ന് ഫെഡ് റേറ്റ് വീണ്ടും 75 അടിസ്ഥാന പോയിൻറ് ഉയർത്തി ഫെഡറൽ റിസർവ് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.  സാമ്പത്തികമാന്ദ്യത്തിനു പുതിയ നിർവചനങ്ങളുമായി മല്ലിടുകയാണ് ഇപ്പോൾ അമേരിക്കയിലെ സാമ്പത്തിക വിദ്ഗ്ധർ.  മാന്ദ്യം വന്നു കഴിഞ്ഞു എന്നും, അതല്ല, എത്തുന്നതേയുള്ളൂ എന്നുമുള്ള വാദപ്രതിവാദങ്ങൾ ഒരു വശത്തു ചൂട് പിടിക്കുമ്പോഴും നിലവിലുള്ള സാഹചര്യത്തിൽ ഇതല്ലാതെ വേറെ മാർഗമില്ല എന്ന് ഫെഡറൽ റിസർവ് മുഖ്യൻ ജെറോം പവൽ പറഞ്ഞു.  ഡിസംബറിന് മുമ്പ് വീണ്ടും രണ്ടു തവണയെങ്കിലും നിരക്ക് വർദ്ധനവ് വേണ്ടി വരുമെന്നും അത് 125 അടിസ്ഥാന പോയിന്റ് വരെ ആകാമെന്നും പവൽ വ്യക്തമാക്കിയിട്ടുണ്ട്. 2025 ൽ 2.9 ശതമാനത്തിന്റെ പരിധിയിൽ ഫെഡ് നിരക്ക് നിർത്തണമെങ്കിൽ ഈ വേദന സഹിച്ചേ പറ്റൂ എന്നതാണ് ഫെഡറൽ റിസർവിന്റെ നിലപാട്.

go-high

ഈ വേദന അമേരിക്കയുടെ മാത്രമല്ല ലോക രാജ്യങ്ങളുടെയെല്ലാം വേദനയായി മാറുന്നു എന്നതാണ് വ്യസനകരമായ വസ്തുത. ഡോളർ ഏല്‍പ്പിക്കുന്ന ആഘാതം നേരിടാൻ മറ്റു കേന്ദ്ര ബാങ്കുകൾ നിർബന്ധിരായിരിക്കുന്നു.  

ഇന്ത്യൻ സാഹചര്യം

∙ഡോളർ ശക്തിപ്പെട്ടതോടെ വിദേശ നിക്ഷേപങ്ങൾ തിരിച്ചൊഴുകുവാൻ തുടങ്ങിയത് നമ്മുടെ സൂചികകളെയും താഴോട്ട് വലിക്കുന്നു.  

interest

∙ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞു ഡോളറിനു 81നു മേലെയായി. ഇത് ഇറക്കുമതി രംഗത്തും വിദേശവിനിമയ നീക്കിയിരിപ്പിലും വരുത്തിയ വിള്ളലുകൾ വലുതാണ്. കൂടാതെ ഇന്ത്യയിലെ വിലക്കയറ്റനിരക്ക് ഏഴിലും പരിസരത്തും തന്നെ നിൽക്കുകയാണ്. 

∙സാമ്പത്തിക വളർച്ച നിരക്ക് മുൻ കണക്കുകൂട്ടലുകളിൽ നിന്നു താഴെയായിരിക്കുമെന്നു റേറ്റിങ് ഏജൻസികൾ.  

∙വാണിജ്യ ബാങ്കുകളുടെ വായ്പ വിതരണ നിരക്ക് പതിനാലു ശതമാനമായെങ്കിലും അത് പ്രധാനമായും വ്യക്തിഗത വായ്പകളുടെ പിൻബലത്തിലാണ്.  വ്യവസായ വളർച്ചാ നിരക്ക് ഇപ്പോഴും ഏഴു ശതമാനത്തിനടത്തു നിൽക്കുകയാണ്. നിക്ഷേപ സമാഹരണ നിരക്ക് ഒമ്പതര ശതമാനത്തിലും വായ്പ വിതരണ നിരക്ക് പതിനാലു ശതമാനത്തിലും നിൽക്കുന്ന ഈ സമയത്തു കൂടുതൽ വായ്പകൾ നൽകാൻ ബാങ്കുകൾക്ക് കഴിയില്ല. 

ഈ ഘട്ടത്തിലാണ് നാളെ മോണിറ്ററി പോളിസി കമ്മിറ്റി സാമ്പത്തിക അവലോകനം പുറത്തു വരുന്നത്.  അതുകൊണ്ടു തന്നെ റിപ്പോ നിരക്കിൽ കുറഞ്ഞത് 50 ബേസിസ് പോയിന്റ് എങ്കിലും ഇത്തവണയും ഉയരും.

ലേഖകൻ ഫെഡറൽ ബാങ്കിന്റെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്

English Summary : Will RBI Hike Interest Rate?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com