ADVERTISEMENT

രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വിലക്കയറ്റം ദുസ്സഹമാണ്. നാണ്യപ്പെരുപ്പം അനിയന്ത്രിതമായി തുടരുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ നവംബർ 3ന് ചേരുന്ന റിസർവ് ബാങ്ക് പണനയ അവലോകന സമിതിയുടെ (എംപിസി) അടിയന്തര യോഗം നിർണായകമാണ്.  ഇത്തവണയും പലിശനിരക്ക് ഉയർത്താനുള്ള തീരുമാനം ഉണ്ടാകുമോ എന്ന് ഏവരും ഉറ്റുനോക്കുകയാണ്.

 

അമേരിക്കൻ ഫെഡിന്റെ യോഗം നവംബർ 2 ന്

നിലവിലെ വിലയിരുത്തലനുസരിച്ച് ആദ്യമായാണ് അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ എംപിസി പരാജയപ്പെടുന്നത്.

 

നേരത്തെ തീരുമാനിച്ച സമയക്രമമനുസരിച്ച് ഡിസംബർ 5 മുതൽ 7വരെയാണ് എംപിസി യോഗം ചേരേണ്ടിയിരുന്നത്. റീട്ടെയിൽ നാണ്യപ്പെരുപ്പം കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് എംപിസി അടിയന്തര യോഗം വിളിച്ചു കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിലും ഇതുപോലെ അടിയന്തര യോഗം ചേർന്നിരുന്നു. അന്ന് പലിശ നിരക്ക് വർധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 30 നായിരുന്നു ധന സമിതി അവസാനമായി യോഗം ചേർന്നിരുന്നത്. അമേരിക്കൻ ഫെഡ് റിസർവിന്റെ യോഗം നവംബർ 2നാണ്. അതിന്റെ അടുത്ത ദിവസം ചേരുന്ന എംപിസി യോഗ നടപടികളെ ഫെഡ് തീരുമാനങ്ങൾ സ്വാധീനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഇലസ്ട്രേഷൻ: REUTERS/Dado Ruvic/Illustration/File Photo
ഇലസ്ട്രേഷൻ: REUTERS/Dado Ruvic/Illustration/File Photo

 

എംപിസി ലക്ഷ്യം പരാജയം

 

സെപ്റ്റംബർ മാസത്തിലെ രാജ്യത്തെ റീട്ടെയിൽ നാണ്യപ്പെരുപ്പം 7.41 ശതമാനമാണ്. ഓഗസ്റ്റിൽ ഇത് 7 ശതമാനമായിരുന്നു. കഴിഞ്ഞ 9 മാസമായി നിരക്ക് റിസർവ് ബാങ്കിന്റെ സഹന പരിധിയായായ 6 ശതമാനത്തിനു മുകളിൽ തുടരുകയാണ്. 2 മുതൽ 6 ശതമാനത്തിനുള്ളിൽ പണപ്പെരുപ്പം പിടിച്ചു നിർത്തുകയായായിരുന്നു എംപിസി യുടെ ലക്ഷ്യം. കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളിലും ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. തുടർച്ചയായി മൂന്ന് ത്രൈമാസങ്ങളിലെ ശരാശരി നാണ്യപ്പെരുപ്പ നിരക്ക് സഹന പരിധിയായ 6 ശതമാനത്തിനു മുകളിലാണെങ്കിൽ നാണ്യപ്പെരുപ്പ ലക്ഷ്യം നേരിടുന്നതിൽ എംപിസി പരാജയപ്പെട്ടതായി കണക്കാക്കുമെന്നാണ് ആർബിഐ ആക്ടിലെ വ്യവസ്ഥ. 2016 ലാണ് എംപിസി സംവിധാനം നിലവിൽ വന്നത്. നിലവിലെ വിലയിരുത്തലനുസരിച്ച് ആദ്യമായാണ് അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ എംപിസി പരാജയപ്പെടുന്നത്.  ഇതിനുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും നിർദ്ദേശിച്ച് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകണം. ഇതിനായാണ് എംപിസി പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്.

 

കടുത്ത നടപടി ഉണ്ടായേക്കും

 

രൂക്ഷമായ ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പ നിരക്ക് ഉയരാനുള്ള കാരണമായി സമിതി ചൂണ്ടിക്കാട്ടുന്നത്. കോവിഡ് പ്രതിസന്ധി, റഷ്യ - യുക്രെയ്ൻ യുദ്ധം, പലിശ നിരക്ക് വർധനവിലെ കാലതാമസം തുടങ്ങിയവയും പരാജയ കാരണങ്ങളായി വിലയിരുത്തുന്നു. നാണ്യപ്പെരുപ്പ ഭീഷണി പിടിച്ചുകെട്ടാൻ കടുത്ത നടപടികൾ തന്നെ യോഗം നിർദേശിച്ചേക്കും.

 

പലിശ ഭാരം കൂടും

 

കഴിഞ്ഞ നാല് എംപിസി യോഗങ്ങളിലും റിപ്പോ നിരക്ക് ഉയർത്തിയിരുന്നു. നടപ്പുവർഷം ഇതിനകം നാലു തവണയായി നിരക്ക് 1.90 ശതമാനം വർധിപ്പിച്ചു കഴിഞ്ഞു. നിലവിലെ റിപ്പോ നിരക്ക് 5.9 ശതമാനമാണ്. ആർബിഐ വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കാണ് റിപ്പോ. വിപണിയിലെ പണലഭ്യത കുറച്ച് നാണ്യപ്പെരുപ്പം വരുതിയിലാക്കാനാണ് പലിശ നിരക്ക് ഉയർത്തുന്നത്. അതേ സമയം നിരക്ക് വർധനവ് രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്കിനെ ബാധിക്കുമെന്ന വിലയിരുത്തലും ഉണ്ട്. ഡിസംബറിലെ അവലോകന യോഗത്തിലും പലിശ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് അതിനു മുമ്പുതന്നെ എംപിസി പ്രത്യേക യോഗം ചേരാനുള്ള തീരുമാനം ഉണ്ടായത്. ആർബിഐ റിപ്പോ നിരക്ക് കൂട്ടിയാൽ ഭവന വാഹന വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂടും. പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവുകാലയളവോ വർധിക്കാൻ ഇത് വഴിയൊരുക്കും. അതേ സമയം ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയരുമെന്ന നേരിയ ആശ്വാസവും ഉണ്ട്.

 

English Summary: RBI’s rate-setting panel to meet on November 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com