വായ്പ എടുക്കേണ്ട, ബാങ്കിന്റെ പടി കയറേണ്ട: എന്നാലും സിബിൽ സ്കോർ കുറയും

HIGHLIGHTS
  • ലോണെടുക്കാതെ സിബിൽ സ്കോർ കുറയുന്നതെങ്ങനെ.
sad
SHARE

വായ്പാ തിരിച്ചടവു മുടങ്ങിയാൽ സിബിൽ സ്കോർ കുറയുമെന്ന കാര്യം അറിയാത്തവരുണ്ടാവില്ല. എന്നാൽ, വായ്പയേ എടുത്തില്ലെങ്കിലും സ്കോർ കുറയുമെന്ന കാര്യം അറിയുള്ളവർ കുറവായിരിക്കും. 

ആർക്കെങ്കിലും ജാമ്യം നിന്നാലോ മറ്റോ ആയിരിക്കും സ്കോർ കുറയുക എന്നല്ലേ കരുതുന്നത്? എന്നാൽ അങ്ങനെയൊരു നിഗമനത്തിലെത്താൻ വരട്ടെ. സ്കോർ കുറയാൻ ജാമ്യം നിൽക്കണ്ട എന്നു മാത്രമല്ല, വായ്പയ്ക്കായി ബാങ്കിന്റെ പടി പോലും ചവിട്ടണ്ട എന്നാണെങ്കിലോ? 

പിന്നെ എങ്ങനെയാണ് എന്നല്ലേ? 

മറ്റൊന്നും വേണ്ട, വായ്പ ലഭിക്കുമോ എന്ന അന്വേഷണം മാത്രം മതി സിബിൽ സ്കോർ കുറയാൻ. 

എന്നുവച്ചാൽ, ബാങ്കിൽ വിളിച്ച് വായ്പയെക്കുറിച്ചു അന്വേഷിക്കുകയോ മാനേജരുമായി സംസാരിക്കുകയോ ചെയ്തുകൊണ്ട് സ്കോർ കുറയും എന്നല്ല. അതൊക്കെ നിർബാധം നടത്താവുന്നതാണ്. സ്കോർ കുറയുന്നതിനു കാരണമായ അന്വേഷണം മറ്റൊന്നാണ്.  

എന്താണു കാരണം? 

വായ്പക്കായി ഒരു വ്യക്തി സമീപിക്കുമ്പോൾ വ്യക്തിഗത വിവരങ്ങളും തിരിച്ചടവുശേഷിയെ സംബന്ധിച്ച വിവരങ്ങളും പരിശോധിക്കുന്നതിനൊപ്പം ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും അയാളുടെ ക്രെഡിറ്റ് ഹിസ്റ്ററി അഥവാ വായ്പാ തിരിച്ചടവു ചരിത്രവും പരിശോധിക്കാറുണ്ട്. 

ഇങ്ങനെ നടത്തുന്ന പരിശോധനകൾ സിബിൽ റിപ്പോർട്ടിന്റെ അവസാനഭാഗത്ത് ‘എൻക്വയറി ഇൻഫർമേഷൻ’ അഥവാ അന്വേഷണ വിവരങ്ങൾ എന്ന വിഭാഗത്തിൽ രേഖപ്പെടുത്തുന്നു. ഏതു വായ്പയ്ക്കാണ് അപേക്ഷിച്ചത്, എത്ര തുകയ്ക്കാണ്, ഏതു തീയതിയിലാണ് അപേക്ഷിച്ചത് എന്നൊക്കെയുള്ള വിവരങ്ങളാണ് ഈ വിഭാഗത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. 

ഒത്തിരി വായ്പാ അന്വേഷണങ്ങൾ നടത്തുന്ന വ്യക്തി ക്രെഡിറ്റ് സ്കോർ മാനദണ്ഡങ്ങൾപ്രകാരം ‘വായ്പയ്ക്കായി ദാഹിക്കുന്ന’ (credit hungry) വ്യക്തിയായി വിലയിരുത്തപ്പെടും. തുടർന്ന് ചെറുതാണെങ്കിലും സ്കോർ കുറയുകയും ചെയ്യും. 

സ്കോർ കുറയുന്നതിനു പുറമെ മറ്റെന്താണു ദോഷം ? 

‘എൻക്വയറി ഇൻഫർമേഷൻ’ വിഭാഗത്തിൽ അനവധി വായ്പാ അന്വേഷണങ്ങൾ കാണാൻ സാധിച്ചാൽ, വായ്പ ലഭിച്ചേ തീരൂ എന്ന അവസ്ഥയിലാണ് അപേക്ഷകൻ എന്ന നിഗമനത്തിലാണ് സ്വാഭാവികമായും ബാങ്ക് എത്തിച്ചേരുക.  

അതുകൊണ്ടു തന്നെ, വായ്പ അനുവദിക്കാനുള്ള വ്യവസ്ഥകൾ കർശനമാക്കാൻ ബാങ്ക് മുതിർന്നേക്കാം. കൂടാതെ, ഏതുവിധേനയും അപേക്ഷകൻ വായ്പയെടുക്കും എന്ന നിഗമനത്തിൽ പലിശ നിരക്കും മറ്റു ചാർജുകളും ഉയർത്താനും തീരുമാനിച്ചേക്കാം.  

എന്തായാലും നഷ്ടം അപേക്ഷകനു തന്നെ. 

കൂടാതെ, അനവധി അന്വേഷണങ്ങൾ നടത്തുന്ന വ്യക്തികളുടെ വായ്പാ അപേക്ഷ അക്കാരണം കൊണ്ടുതന്നെ നിരസിക്കപ്പെടുന്നതിനും കാരണമാവാറുണ്ട്.  ഇങ്ങനെ വായ്പ നിരസിക്കപ്പെടുന്നതും സ്കോറിനെ പ്രതികൂലമായി ബാധിക്കുന്ന കാരണങ്ങളിലൊന്നായി മാറുന്നു. 

എന്താണു മുൻകരുതൽ ? 

വായ്പ ആവശ്യമായി വരുന്ന ഘട്ടത്തിൽ ഒരേ സമയം ഒന്നിലേറെ സ്ഥാപനങ്ങളെ സമീപിക്കുന്നതിനു പകരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിശദമായി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിയതിനു ശേഷം മാത്രം സിബിൽ സ്കോർ പരിശോധിക്കാൻ അനുവദിക്കുക. മുട്ടുവിന്‍ തുറക്കപ്പെടും എന്ന മട്ടിൽ അനവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വായ്പയ്ക്ക് അപേക്ഷിച്ചാൽ അവർ ഓരോരുത്തരും സിബിൽ സ്കോർ പരിശോധിക്കുമെന്നും ഓരോ അന്വേഷണവും റിപ്പോർട്ടിന്റെ ‘എൻക്വയറി ഇൻഫർമേഷൻ’ വിഭാഗത്തിൽ രേഖപ്പെടുമെന്നും സ്കോർ കുറയുക മാത്രമല്ല ലഭിച്ചേക്കാവുന്ന വായ്പയുടെ പലിശയും അനുബന്ധ ചാർജുകളും ഉയർന്നേക്കാമെന്നും ഒരുപക്ഷേ വായ്പ നിരസിക്കപ്പെടുക പോലും ചെയ്യാമെന്നും മനസിലാക്കുക.

English Summary: Factors which Affect Your Credit Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS