ADVERTISEMENT

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ തട്ടിപ്പുകൾ തടയാൻ നിയമം വരുന്നു. ഇതു സംബന്ധിച്ച ബിൽ ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.

സർക്കാറിന് നേരിട്ട് ഇടപെടാം

സഹകരണ സ്ഥാപനങ്ങളുടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുകയെന്ന ലക്ഷ്യമാണ് ഭേദഗതി ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കാനും ഇടപാടുകാർക്ക് നീതി ലഭിക്കാനുമുള്ള വ്യവസ്ഥകൾ ബില്ലിൽ ഉണ്ടാകും. കരുവന്നൂർ ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിൽ ഉണ്ടായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് സർക്കാർ ബിൽ കൊണ്ടുവരുന്നത്. ബാങ്കുകളിലെ നിക്ഷേപം, വായ്പ എന്നിവയിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സർക്കാറിന് നേരിട്ട് ഇടപെടാനും പൊലീസ് നടപടികൾ സ്വീകരിക്കാനുമുള്ള വ്യവസ്ഥകൾ ബില്ലിൽ ഉണ്ടാകും. തട്ടിപ്പുകൾക്ക് തടയിടാൻ 1969 ലെ സഹകരണ സംഘം ചട്ടം. സമഗ്രമായി പരിഷ്ക്കരിക്കുന്നതിനുള്ള വ്യവസ്ഥകളും ഭേദഗതി ബില്ലിൽ ഉൾക്കൊള്ളിച്ചേക്കും.

നടപടി കാലയളവ് കുറയും

തട്ടിപ്പ് കണ്ടെത്തിയാൽ ഉടൻ സർക്കാറിന് നേരിട്ടുള്ള ഇടപെടലിലൂടെ നടപടി സ്വീകരിക്കാനുള്ള അധികാരം നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. നിലവിൽ സഹകരണ വകുപ്പിന്റെ അന്വേഷണം പൂർത്തിയായാൽ മാത്രമേ മറ്റ് അന്വേഷണ ഏജൻസികൾക്ക് ഇടപെടാനാകൂ. ഇതിന് ഏറെ കാലം കാത്തിരിക്കേണ്ടി വരാറുണ്ട്. ഇതിനിടയിൽ കുറ്റക്കാർ രക്ഷപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കി കുറ്റകൃത്യങ്ങൾക്കെതിരെ സത്വര നടപടികൾ സ്വീകരിക്കാൻ സർക്കാറിനുള്ള അധികാരമാണ് ബിൽ നിയമമാകുന്നതിലൂടെ സംജാതമാകുന്നത്.

ഓഡിറ്റ് വ്യവസ്ഥയിലും മാറ്റം

നിലവിലെ ഓഡിറ്റ് സമ്പ്രദായത്തിൽ വരുത്തേണ്ട പരിഷ്ക്കരണ നിർദ്ദേശങ്ങളും ബില്ലിൽ ഉണ്ടാകും. കൺകറന്റ്, വാർഷിക കണക്കെടുപ്പുകൾക്ക് ഗ്രൂപ്പ് ഓഡിറ്റ് നിർബന്ധമാക്കിയേക്കും. ഒരു ഉദ്യോഗസ്ഥൻ ഒരു സംഘത്തിൽ ദീർഘനാൾ ഓഡിറ്ററായി തുടരുന്ന സാഹചര്യവും അനുവദിക്കില്ല.

ഭരണമിതി അംഗങ്ങൾക്കും നിയന്ത്രണം

ഭരണ സമിതി അംഗങ്ങളുടെ കാലാവധി രണ്ടു ടേമായി പരിമിതപ്പെടുത്താനുള്ള വ്യവസ്ഥയും ബില്ലിൽ പ്രതീക്ഷിക്കാം. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വായ്പ, ചിട്ടി വിവരങ്ങൾ അംഗങ്ങളുടെ പൊതുയോഗത്തിൽ വെളിപ്പെടുത്താനുള്ള നിർദ്ദേശവും ഉൾപ്പെടുത്തും. നിർദ്ദിഷ്ട സഹകരണ ബില്ലിലെ ഭേദഗതികൾ നിയമമാകുന്നതിലൂടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

English Summary : New Law to Controll Frauds in Cooperative Banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com