ADVERTISEMENT

നിങ്ങള്‍ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരാണോ. ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമോ. കൂടുതല്‍ അക്കൗണ്ടുകള്‍ ഫലപ്രദമായി എങ്ങനെ കൈകാര്യം ചെയ്യാം. ഇതിലൂടെ ലാഭമോ നഷ്ടമോ സംഭവിക്കുമോ?

ഒരാള്‍ക്ക് എത്ര സേവിങ്സ് അക്കൗണ്ടുകള്‍ തുറക്കാമെന്നതിനെ കുറിച്ച് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല. എന്നാല്‍ മള്‍ട്ടിപ്പിള്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയായി മാറിയേക്കാം. മൂന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടാകാതിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. ഓരോ അക്കൗണ്ട് തുറക്കുമ്പോഴും ഡെബിറ്റ് കാര്‍ഡ്, ചെക്ക് ബുക്ക് തുടങ്ങിയ ഓപ്പണിങ് കിറ്റിന് നാം പണം മുടക്കേണ്ടതുണ്ട്. പല ബാങ്കുകള്‍ക്കും മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നത് സംബന്ധിച്ച് വ്യത്യസ്ത നിബന്ധനകള്‍ ഉണ്ടാവും. ഒരേ ബാങ്കിന്റെ തന്നെ നഗര - ഗ്രാമ പ്രദേശങ്ങളിലെ ബ്രാഞ്ചുകളില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് വ്യത്യസ്തമായിരിക്കുകയും ചെയ്യും. എല്ലാ അക്കൗണ്ടുകളിലും സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് യഥാര്‍ത്ഥത്തില്‍ നമുക്ക് സ്വതന്ത്രമായി ഉപയോഗിക്കാനും നിയന്ത്രണമുണ്ടാവും.  

bank-ac

അക്കൗണ്ട് തുറക്കുമ്പോള്‍ 

പണം സുരക്ഷിതമായി നിക്ഷേപിക്കാനും ആവശ്യമുള്ളപ്പോള്‍ എടുക്കാനുമാണ് ബാങ്കുകളില്‍ സേവിങ്സ് അക്കൗണ്ട് തുറക്കുന്നത്. വിവിധ ബാങ്കുകള്‍ ഉള്ളതിനാല്‍ ഏതാണ് അനുയോജ്യമെന്ന കാര്യത്തില്‍ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുമുണ്ട്. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് മിനിമം ബാലന്‍സ്, വാര്‍ഷിക ഫീസ് എന്നിവ നിശ്ചയമായും അറിഞ്ഞിരിക്കണം. മിനിമം ബാലന്‍സ് നിലനിര്‍ത്താനാവാതെ വരുമ്പോള്‍ ബാങ്കുകള്‍ ഈടാക്കുന്ന പിഴയെ കുറിച്ചും വ്യക്തത വരുത്തണം. കൂടാതെ എടിഎം ഇടപാടുകളുടെ അനുവദനീയമായ എണ്ണം, അത് കഴിഞ്ഞാല്‍ ഈടാക്കുന്ന തുക, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലൂടെ പണം പിന്‍വലിച്ചാല്‍ ബാങ്ക്് ഈടാക്കുന്ന ഫീസ് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. 

മണി മാനേജ്‌മെന്റ് അറിയണം

bank-cheque

ഒന്നിലധികം അക്കൗണ്ടുകള്‍ ഉള്ളപ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണെന്ന് നോക്കാം. ഫലപ്രദമായ മണി മാനേജ്‌മെന്റ് അറിഞ്ഞിരുന്നാല്‍ കൂടുതല്‍ അക്കൗണ്ടുകള്‍ കാര്യക്ഷമമായി ഉപയോഗിക്കാനാവും. കുട്ടികളുടെ വിദ്യാഭ്യാസത്തിനോ അടിയന്തരമായി ആവശ്യം വരുമ്പോള്‍ എടുക്കേണ്ടതിനോ വായ്പകള്‍ അടയ്ക്കുന്നതിനോ പതിവ് ചിലവുകള്‍ക്കോ വേണ്ടി പ്രത്യേക അക്കൗണ്ടുകളാകാം. ഓരോന്നിനും പ്രത്യേകം അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍, മാസം തോറും കിട്ടുന്ന വരുമാനം കൃത്യമായി വകയിരുത്താനും നിയന്ത്രിക്കാനും കഴിയും. മാത്രമല്ല, അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലവാക്കി കളയാനുള്ള സാധ്യതയും കാര്യമായി കുറയ്ക്കാം. കൂടാതെ വിവിധ കാര്യങ്ങള്‍ക്കുള്ള പണം കൃത്യമായി ചെലഴിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും കഴിയും.

പണം പിന്‍വലിക്കാനുള്ള പരിധി

bank-ac1

ഓരോ ഡെബിറ്റ് കാര്‍ഡിനും പണം പിന്‍വലിക്കാന്‍ നിശ്ചിത പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്, അതുകൊണ്ടു തന്നെ അടിയന്തര ഘട്ടത്തില്‍ വലിയ തുക എ.ടി.എമ്മിലൂടെ പിന്‍വലിക്കാന്‍ കഴിഞ്ഞേക്കില്ല. അത്തരം സാഹചര്യങ്ങളില്‍ വിവിധ സേവിങ്സ് അക്കൗണ്ടുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആവശ്യമായ പണം പിന്‍വലിക്കാനും കഴിയും. ഒരു അക്കൗണ്ടില്‍ പണം ഇല്ലെങ്കില്‍ തന്നെ, യുപിഐ ആപ്പുകളുടെ സഹായത്തോടെയോ ഓണ്‍ലൈന്‍ ബാങ്കിംഗിലൂടെയോ മറ്റ് അക്കൗണ്ടുകളിലേക്ക് പണം അയച്ച്, അതത് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്‍വലിക്കുകയും ചെയ്യാം.

English Summary : How to Manage Multi Bank Accounts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com