ADVERTISEMENT

ഈ ബാങ്ക് ഉടൻ വില്പനയ്ക്ക്. പറയേണ്ട താമസം മാത്രം, ബാങ്ക് കൈക്കലാക്കാൻ ശതകോടീശ്വരന്മാർ രംഗത്ത്. സ്വദേശത്തും വിദേശത്തുള്ള പ്രമുഖ പണച്ചാക്കുകളാണ്  വാങ്ങലുകാരായി എത്തിയിട്ടുള്ളത്.

ഐ.ഡി.ബി.ഐ ബാങ്കാണ് താരം

എൽ.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്രത്തിന് 45.48 ശതമാനവും ഓഹരി പങ്കാളിത്തമുള്ള (മൊത്തം 94.72 ശതമാനം ) ഐ.ഡി.ബി.ഐ ബാങ്ക് പൊതുമേഖലയിലാണെന്ന് പൂർണമായും പറഞ്ഞുകൂടാ. സ്വകാര്യ ബാങ്കുകളുടെ ഗണത്തിൽപ്പെടുത്തിയിരിക്കുന്ന ഈ ബാങ്കിന്റെ 60.72 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ധനക്കമ്മി കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ ഓഹരികൾ വിറ്റൊഴിയുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്ര സർക്കാറിന്റെ ഈ നീക്കം. ഇതനുസരിച്ച് കേന്ദ്രം 30.48 ശതമാനവും എൽ.ഐ.സി 30.24 ശതമാനം ഓഹരികളുമാണ് വില്പനയ്ക്ക് വച്ചിട്ടുള്ളത്. താല്‌പര്യപത്രം സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ ഡിസംബർ 16 വരെയായിരുന്നു. പിന്നീടത് ഈ മാസം 7 വരെ നീട്ടി. ബാങ്ക് വില്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡി പാം ) സെക്രട്ടറി വ്യക്തമാക്കി.

വാങ്ങാൻ റെഡിയായി ഇവർ

ബാങ്ക് വാങ്ങാൻ അഞ്ചു സ്ഥാപനങ്ങൾ താല്പര്യപത്രം നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേംവത്സയുടെ ഫെയർഫാക്സ് ഗ്രൂപ്പാണ് ഇവരിൽ പ്രമുഖർ. ഇവർക്കു പുറമെ യു എ ഇ ബാങ്കായ എമിറേറ്റ്സ് എൻ.ബി.ഡി, ലക്സംബർഗ് നിക്ഷേപക സ്ഥാപനമായ സിവിസി എന്നിവരും രംഗത്തുണ്ട്. ഫെയർഫാക്സ് ഗ്രൂപ്പ് 2019 ൽ തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ഫെയർ ഫാക്സ് ഗ്രൂപ്പിനാണ് സിഎസ്ബി യുടെ നിയന്ത്രണം.

ഫെയർ ഫാക്സിന്റെ ലക്ഷ്യം എന്ത്?

ഐ ഡി ബി ഐ യുടെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കുന്നതിലൂടെ ബാങ്കിന്റെ പ്രമോട്ടർ സ്ഥാനമാണ് പ്രേംവത്സയുടെ ലക്ഷ്യമെന്ന് ചിലർ അവകാശപ്പെടുന്നു. ഒരേ സമയം രണ്ടു ബാങ്കുകളുടെ നിയന്ത്രണം ഒരു പ്രമോട്ടർക്ക് ഏറ്റെടുക്കാൻ നിലവിൽ വ്യവസ്ഥയില്ല.  അതിനാൽ ഭാവിയിൽ ഐഡിബിഐ ബാങ്കും സിഎസ്ബി യും പരസ്പരം ലയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ശേഷിക്കുന്ന ഓഹരികളും വിറ്റൊഴിയുമോ?

ആദ്യ ഓഹരി വില്പനയ്ക്കു ശേഷം വില ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്രത്തിന്റെയും എൽഐസിയുടെയും കൈയിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിച്ചേക്കും. ഒറ്റയടിക്ക് വില്പന നടത്തിയാൽ ബാങ്കിനെ കേന്ദ്രം പൂർണമായും കൈയൊഴിയുകയാണെന്ന ധാരണ ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് രണ്ടു ഘട്ടമായി വില്പനയ്ക്കു ശ്രമിക്കുന്നത്.  വിറ്റൊഴിയൽ നടപടികൾ പുരോഗമിച്ചതോടെ  ഐ ഡി ബി ഐ ഓഹരി വിലയിലും കുതിപ്പ് ദൃശ്യമായി. 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 62 രൂപയിൽ ഓഹരി കഴിഞ്ഞ ദിവസം എത്തിയിരുന്നു.

English Summary : IDBI Bank is Ready for Sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com