ADVERTISEMENT

പുതിയ ലോക്കർ നിയമം നിലവിൽ വന്നതോടെ ലോക്കർ എഗ്രിമെന്റുകൾ പുതുക്കാൻ ബാങ്കുകളിൽ തിരക്കോട് തിരക്ക്. നിലവിലുള്ള ബാങ്ക് ഇടപാടുകാർക്ക് പ്രാബല്യത്തിൽ വന്ന പുതിയ ലോക്കർ നിയമം ആശയക്കുഴപ്പത്തിന് കാരണമാകുന്നു. ഒപ്പം ബാങ്ക് ശാഖകളിൽ സ്റ്റാമ്പ് പേപ്പറിനായി നീണ്ട ക്യൂവും ഉണ്ട്.

ബാങ്ക് ലോക്കറിൽ വച്ചിരിക്കുന്ന സാധനങ്ങൾ നഷ്ടപ്പെട്ടാൽ, ബാങ്കിന് ഉത്തരവാദിത്തം ഇല്ലെന്നായിരുന്നു ബാങ്കുകളുടെ വർഷങ്ങളായുള്ള  നിലപാട്.എന്നാൽ ഇത് മാറ്റാൻ കാലമായി എന്ന സൂചന റിസർവ് ബാങ്ക് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നൽകി വരികയായായിരുന്നു.

പുതിയ നിയമം

∙തീപിടുത്തം, മോഷണം, കവർച്ച, കൊള്ള, വഞ്ചന തുടങ്ങിയവ ഉണ്ടായാൽ, ഡെപ്പോസിറ്റ് ലോക്കറിന്റെ വാർഷിക വാടകയുടെ 100 മടങ്ങ് തുക, ഉപഭോക്താക്കൾക്ക് നൽകണം എന്നതാണ് പുതിയ നിർദേശം.     

∙ലോക്കറിൽ വയ്ക്കുന്ന സാധനങ്ങളുടെ രേഖകൾ തങ്ങളുടെ പക്കലില്ലാത്തതിനാൽ, ബാങ്കുകൾ അതിന് ഇൻഷുറൻസ് കൊടുക്കുവാൻ ബാധ്യസ്ഥരല്ലെന്നും റിസർവ് ബാങ്ക് പറഞ്ഞു. ലോക്കറിൽ വച്ചിരിക്കുന്ന വസ്തുക്കൾ ബാങ്ക് ഇൻഷുർ ചെയ്തിട്ടില്ല എന്ന കാര്യം വ്യക്തമായി ഉപഭോക്താക്കളെ ബാങ്ക് അറിയിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.

∙ലോക്കർ അനുവദിക്കുന്ന സമയത്ത്, ബാങ്ക് ഉപഭോക്താവുമായി സ്റ്റാമ്പ് പേപ്പറിൽ കരാർ ഒപ്പിടണം.അതിന്റെ ഒരു പകർപ്പ് വാടകക്കാരന്  നൽകും. ഒറിജിനൽ ബാങ്ക് ശാഖയിൽ സൂക്ഷിക്കും. 

∙പ്രകൃതിദുരന്തങ്ങൾ അല്ലെങ്കിൽ ഭൂകമ്പം, വെള്ളപ്പൊക്കം, മിന്നൽ, ഇടിമിന്നൽ തുടങ്ങിയവയും അല്ലെങ്കിൽ ഉപഭോക്താവിന്റെ മാത്രം  അശ്രദ്ധ മൂലമുണ്ടാകുന്ന ലോക്കർ പ്രശ്നങ്ങൾക്ക് ബാങ്ക് ഉത്തരവാദിത്വം ഏറ്റെടുക്കില്ല. 

∙ലോക്കറുകൾ തുറന്നാൽ ബാങ്കുകൾ ഇടപാടുകാർ റജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്കും ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്കും ഇമെയിലും എസ്എംഎസും അലേർട്ടും  അയയ്‌ക്കും.

∙ലോക്കറുകൾ സൂക്ഷിക്കുന്ന നിലവറകളുടെയും, പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ ബാങ്കുകൾ കൈക്കൊള്ളണമെന്നും  റിസർവ് ബാങ്ക് നിർദേശിച്ചു.

locker2

∙ ബാങ്ക് ശാഖകളുടെ തിരിച്ചറിയൽ കോഡ് എല്ലാ ലോക്കർ കീകളിലും പതിപ്പിച്ചിട്ടുണ്ടെന്നു ബാങ്കുകൾ ഉറപ്പു വരുത്തണം. 

∙ഏഴു വർഷത്തേക്ക് ലോക്കർ പ്രവർത്തന രഹിതമായി തുടരുകയാണെങ്കിൽ, വാടകകാരനെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, വാടക സ്ഥിരമായി അടക്കുന്നെണ്ടെങ്കിലും ലോക്കർ നോമിനിക്കോ, മറ്റു അവകാശികൾക്കോ കൈമാറുന്നതിനുള്ള സ്വാതന്ത്ര്യം ബാങ്കുകൾക്ക് ഉണ്ടായിരിക്കുന്നതാണ് എന്നും റിസർവ് ബാങ്ക് പറഞ്ഞു.

∙നിലവിലുള്ള  ഉപഭോക്താക്കളുമായി ബാങ്കുകൾ അവരുടെ ലോക്കർ കരാറുകൾ   പുതുക്കണമെന്നും റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. 

∙മൂന്ന് വർഷത്തെ വാടകയും അലോട്ട്‌മെന്റ് സമയത്തെ ചാർജുകളും ഉൾക്കൊള്ളുന്ന ടേം ഡെപ്പോസിറ്റ് (സ്ഥിര നിക്ഷേപം) തുടങ്ങാൻ  ആർബിഐ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.അായത്  ഉപഭോക്താക്കൾ ഒരു ലോക്കർ അക്കൗണ്ട് തുറക്കാൻ പോകുകയാണെങ്കിൽ, ലോക്കറിന്റെ മൂന്ന് വർഷത്തെ വാടകയും ചാർജുകളും ഉൾക്കൊള്ളുന്ന ഒരു ടേം ഡെപ്പോസിറ്റ് തുറക്കാൻ ബാങ്കിന് അവരോട് ആവശ്യപ്പെടാം. ആർബിഐയുടെ നിർദ്ദേശപ്രകാരം, നിലവിലുള്ള ലോക്കർ ഉപഭോക്താക്കളിൽ നിന്നോ തൃപ്തികരമായ ഓപ്പറേറ്റീവ് അക്കൗണ്ടുകളുള്ളവരിൽ നിന്നോ ബാങ്കുകൾക്ക് അത്തരം ടേം ഡെപ്പോസിറ്റുകൾ ആവശ്യപ്പെടാൻ കഴിയില്ല.

∙ഉപഭോക്താക്കളുടെ പക്കൽ നിന്ന് വാടക  വാങ്ങിയിട്ട് ലോക്കറിൽനിന്നും  സാധനങ്ങൾ നഷ്ടപ്പെട്ടാൽ ബാങ്കുകൾക്ക്  ഉത്തരവാദിത്തമില്ല എന്നതു മാറ്റണമെന്ന് സുപ്രീം കോടതി 2021  ഫെബ്രുവരിയിൽ തന്നെ  അഭിപ്രായപ്പെട്ടിരുന്നു. ലോക്കറുകൾ കൈകാര്യം  ചെയ്യുന്ന കാര്യത്തിൽ ആറ് മാസത്തിനുള്ളിൽ മാർഗനിർദേശം പുറപ്പെടുവിക്കണം എന്നും റിസർവ് ബാങ്കിന് സുപ്രീം  കോടതി കർശന  നിർദേശം നൽകിയിരുന്നതിനാലാണ് ഇപ്പോൾ നിയമങ്ങൾ മാറിയത്. ആർബിഐ വിജ്ഞാപനത്തിൽ 2023 ജനുവരി 1നകം ലോക്കർ എഗ്രിമെന്റുകൾ പുതുക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇത് സംബന്ധിച്ച് എസ്എംഎസ് അയയ്ക്കുന്നുണ്ട്. ലോക്കർ തങ്ങളുടേതാണ് എന്ന് കാണിക്കാനായി ഉപഭോക്താക്കൾ തെളിവ് ഹാജരാക്കണം. 

locker3

ലോക്കർ കരാർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം

ഇതുവരെ ലോക്കർ കരാർ പുതുക്കിയിട്ടില്ലെങ്കിൽ, ഇതിനായി ബാങ്കുമായി ബന്ധപ്പെട്ട് കരാർ ഉടനെ പുതുക്കുക. ഉപഭോക്താക്കൾ വർഷത്തിൽ ഒരിക്കലെങ്കിലും ലോക്കർ ഉപയോഗിക്കണം. കരാറിലെ പെരുമാറ്റച്ചട്ടം  പാലിച്ചുകൊണ്ട് നിങ്ങൾക്ക് ലോക്കർ തുറക്കാം.

എന്താണ് ലോക്കർ കരാർ, അത് എങ്ങനെ ചെയ്യണം?

ലോക്കർ എഗ്രിമെന്റ് എന്നത് ബാങ്കും ഉപഭോക്താവും തമ്മിൽ സീൽ ചെയ്ത രേഖയിൽ ഉണ്ടാക്കുന്ന കരാറാണ്. ഈ ഒപ്പിട്ട കരാറിന്റെ ഒരു പകർപ്പ് ഉപഭോക്താവിന് നൽകുന്നു. ഇതിൽ, ഉപഭോക്താവിന്റെ ഉത്തരവാദിത്തങ്ങളെയും അവകാശങ്ങളെയും കുറിച്ച് പറയുന്നു. ലോക്കറിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം ബാങ്കിനാണ്. ഉപഭോക്താവിന്റെ അവശ്യവസ്തുക്കൾ സുരക്ഷിതമായിരിക്കുന്നതിന് ബാങ്ക് കെട്ടിടത്തിന്റെ  സുരക്ഷ സംബന്ധിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്ന് ആർബിഐയുടെ അറിയിപ്പ് പറയുന്നു.

അവസാന നിമിഷത്തെ കാലതാമസം ഒഴിവാക്കാൻ തങ്ങളുടെ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുകയാണെന്ന് ബാങ്കുകൾ പറയുമ്പോൾ, സമയപരിധിയോട് അടുത്തപ്പോൾ മാത്രമാണ് ബാങ്കുകൾ മുന്നറിയിപ്പ് നൽകാൻ തുടങ്ങിയെന്ന് ഉപഭോക്താക്കൾക്ക് പരാതിയുണ്ട്. ലോക്കർ അനുവദിക്കുന്ന സമയത്ത് ബാങ്ക് ഉപഭോക്താവുമായി "സ്റ്റാമ്പ്  പേപ്പറിൽ" ഒരു കരാറിൽ ഏർപ്പെടേണ്ടിവരുമെന്ന് ആർബിഐ നിയന്ത്രണത്തിൽ പറയുന്നു .എഗ്രിമെന്റ് പുതുക്കുന്നതിന് ആവശ്യമായ സ്റ്റാമ്പ് പേപ്പറിന്റെ മൂല്യവ്യത്യാസത്തെക്കുറിച്ചും ബാങ്കുകൾ ഇവ നൽകുമോയെന്നും ആളുകൾക്ക്  പരാതിയുണ്ട്.എന്നാൽ  അതത് സംസ്ഥാനങ്ങളിലെ സ്റ്റാമ്പ് ആക്ടുകൾ അനുസരിച്ച് സ്റ്റാമ്പ് പേപ്പറിന്റെ മൂല്യം വ്യത്യസ്തമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജനുവരി 2 ന് ഒരു ട്വീറ്റിൽ വ്യക്തമാക്കി.

English Summary : Know About New Bank Locker Laws

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com