പലിശ നിരക്ക് കൂട്ടിയാലും വീട് വാങ്ങാതിരിക്കാനാകുമോ

HIGHLIGHTS
  • നിരക്കുകൾ കൂട്ടിയത് റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിച്ചേക്കില്ല
hom-loan
SHARE

തുടർച്ചയായ പലിശ നിരക്ക് വർദ്ധനവ് വീടുകളുടെ  മൊത്തത്തിലുള്ള ഡിമാൻഡ് കുറക്കാൻ സാധ്യതയുണ്ടെന്ന് പറയുമ്പോഴും അത്തരമൊരു സ്ഥിതി വിശേഷം ഇപ്പോൾ ഇന്ത്യയിൽ വരില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ കോവിഡിന് ശേഷം പതുക്കെ ഡിമാൻഡ് കൂടിവരുന്ന സമയത്താണ് വീണ്ടും നിരക്ക് വർദ്ധനവ് വരുന്നത്. കൂടാതെ പുതിയ നികുതി ഘടനയിൽ വീട് വാങ്ങുന്നവർക്ക് പ്രത്യേകിച്ച് വായ്പ ഇളവുകൾ ഒന്നും തന്നെയില്ല. ഇതും ആവർത്തിച്ചുള്ള നിരക്ക് വർദ്ധനവും കൂടിയാകുമ്പോൾ ഭവന നിർമാണ മേഖലയിലെ കെട്ടി കിടക്കുന്ന വീടുകളും, ഫ്ലാറ്റുകളും വിറ്റൊഴിയാൻ  കൂടുതൽ സമയമെടുത്തേക്കാം. എങ്കിലും ഇന്ത്യക്കാർക്ക് വീടുകളും ഫ്ലാറ്റുകളും ഒരു നിക്ഷേപമെന്നതിലുപരി ഒരു വികാരമാണ്. സ്വന്തമായി ഒരു വീട് കൂടിയേ തീരൂ എന്നുള്ള നിർബന്ധം എല്ലാ ജനവിഭാഗങ്ങളിലുമുള്ളതിനാൽ എത്ര വില കൂടിയാലും വീടുകളുടെയും, ഫ്ളാറ്റുകളുടെയും ഡിമാൻഡ് കുറയുകയില്ല. 

വാടകക്കാർ കൂടും 

ആർബിഐ  നിരക്കുകൾ വർധിപ്പിച്ചത് ഭവനവായ്പകളുടെ ഡിമാൻഡ് കുറക്കുമെങ്കിലും വാടക വീടുകളുടെ ഡിമാൻഡ് കൂട്ടും. പണപ്പെരുപ്പം തുടരുന്നതിനാൽ ഈ വായ്പാനിരക്കുകൾ കൂടുതൽ കാലം ഇതുപോലെ തുടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.  വർദ്ധിച്ചുവരുന്ന വീട് വാങ്ങൽ ചെലവുകളും പലിശനിരക്കും കാരണം വാടക വീടുകൾക്ക്  കൂടുതൽ ഡിമാൻഡ് വരുന്നത് പരോക്ഷമായി റിയൽ എസ്റ്റേറ്റ് മേഖലക്ക് ഉണർവ് നൽകും. 

ആഡംബര ഫ്ളാറ്റുകളെയും വില്ലകളെയും ബാധിക്കില്ല

റിപ്പോ നിരക്ക് വർദ്ധന കാരണം ആഡംബര ഭവന വിഭാഗങ്ങളിൽ കാര്യമായ ഡിമാൻഡ് കുറവ് വരില്ല. കാരണം ഈ വിഭാഗത്തിലെ വീട് വാങ്ങുന്നവർക്ക് പലിശ വർധിപ്പിച്ചത് അത്ര കണ്ട് ഏശില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. വായ്പാ നിരക്കുകളിൽ മിതമായ വർധനവുണ്ടായിട്ടുണ്ടെങ്കിലും, ഭവനവായ്പയുടെ പലിശ നിരക്കുകൾ ഇപ്പോഴും വളരെ മികച്ചതാണ് എന്നാണ് ഈ മേഖലയിൽ നിന്നുള്ള പ്രതികരണം.  

ഭവന നിർമാണ മേഖലയെ ബാധിക്കില്ല 

ഭവന നിർമ്മാണത്തിൽ ചില പ്രത്യാഘാതങ്ങൾ നിരക്ക് വർദ്ധനവ് കൊണ്ട്  ഉണ്ടായേക്കാമെന്നുണ്ടെങ്കിലും പലിശനിരക്കുകൾ ഒറ്റ അക്കത്തിൽ തുടരുന്നിടത്തോളം കാലം ഭവന വായ്പകൾക്ക് ഡിമാൻഡ് കുറയുകയില്ല എന്ന അഭിപ്രായവും ഈ മേഖലയിൽ നിന്നും വരുന്നുണ്ട്.

പണപ്പെരുപ്പം കുറയുന്നതോടെ ഡിമാൻഡ് കൂടും 

ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യയുടെ സാമ്പത്തിക രംഗം പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകുകയാണ്. പണപ്പെരുപ്പവും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നിയന്ത്രണത്തിലാണ്. വ്യക്തിഗത ഉപഭോഗവും കൂടുന്നുണ്ട്.  ഇന്നത്തെ പലിശ  വർദ്ധനവ് കാൽ ശതമാനത്തിൽ ഒതുക്കിയതിനു കാരണം പണപ്പെരുപ്പം വിചാരിച്ച നിലയിൽ തുടരുന്നതിനാലാണ്. ആഗോള സാഹചര്യങ്ങൾ മെച്ചപ്പെടുകയും പണപ്പെരുപ്പം കുറയുകയും ചെയ്യുമ്പോൾ വീണ്ടും  റിസർവ് ബാങ്ക് പലിശ കുറക്കുകയും, ഭവന നിർമാണ മേഖലയിൽ വീണ്ടും ഉണർവ് പ്രകടമാക്കുകയും ചെയ്യും.

English Summary : Real Estate and Interest rate Hike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS