ADVERTISEMENT

വായ്പയ്ക്കായി ബാങ്കിലെത്തി മാനേജരുടെ മുൻപിൽ കാത്തുനിന്ന് പലതവണ വീണ്ടും ബാങ്കിലെത്തി ഒടുവിൽ വായ്പ ശരിയാക്കുന്ന രീതിയൊക്കെ ഇനി പഴങ്കഥ. ഡിജിറ്റൽ യുഗത്തിൽ വായ്പകളും ഡിജിറ്റലാക്കാതെ തരമില്ലല്ലോ

അതുകൊണ്ടാണ് ഇന്ന് ഒട്ടുമിക്ക ധനകാര്യസ്ഥാപനങ്ങളും ‘ഡിജിറ്റൽ ലോൺസ്’ എന്ന സൗകര്യം വളരെ മികച്ച രീതിയിൽ ലഭ്യമാക്കുന്നത് ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെയും മൊബൈൽ ബാങ്കിങ്ങിലൂടെയുമൊക്കെ ഇടപാടുകാരന് വായ്പകൾ ലഭിക്കും. 

എങ്ങനെ കിട്ടും?

ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെയോ മൊബൈൽ ബാങ്കിങ്ങിലൂടെയോ സമർപ്പിക്കപ്പെടുന്ന ആപ്ലിക്കേഷനുകൾ ബാങ്കിലെ പ്രോസസിങ് വിഭാഗത്തിൽ പരിശോധിച്ച ശേഷം നിശ്ചിത സമയപരിധിക്കുള്ളിൽ വായ്പയുടെ അപേക്ഷയിൽ തീരുമാനമാക്കുന്നു. ഇങ്ങനെ തീരുമാനമെടുക്കുവാൻ ഒരു നിശ്ചിത സമയപരിധിയും ബാങ്കുകൾ അനുവദിച്ചിട്ടുണ്ട്. 

ലോൺ ലഭ്യമായാൽ ഉടമ്പടി പത്രവും മറ്റു രേഖകളും ഒപ്പിട്ടു നൽകാൻ ബാങ്കിലെത്തുവാൻ അപേക്ഷകനോട് ആവശ്യപ്പെട്ടിരുന്ന കാലവും കഴിഞ്ഞ് ഇന്ന് എല്ലാ രേഖകളും ഡിജിറ്റലായി തന്നെ ഒപ്പിട്ടു നൽകാം. 

ബാങ്കിലെ ജോലിക്കാരുടെയും കസ്റ്റമേഴ്സിന്റെയുമെല്ലാം സമയം ഗണ്യമായി ലാഭിക്കാൻ ‘ഡിജിറ്റൽ ഡോക്യുമെന്റേഷൻ’ സഹായിക്കുന്നു. വലിയ വിഭാഗം ആവശ്യക്കാരുടെ ധനകാര്യ ആവശ്യങ്ങൾ ഇതിലൂടെ നിറവേറ്റപ്പെടുന്നു.

ഇത്തരത്തിൽ അനുവദിക്കപ്പെടുന്ന വായ്പകളുടെ തുക ബാങ്ക് നേരിട്ട് കസ്റ്റമർ (അപേക്ഷകന്റെ) അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കേണ്ടത്. വായ്പകളെല്ലാം ഡിജിറ്റലാകുമ്പോൾ അപേക്ഷകർക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അവ പരിഹരിക്കുവാൻ ബാങ്കിങ് ഓംബുഡ്സ്മാൻമാരെ സമീപിക്കാവുന്നതാണ്. 

അപകടങ്ങൾ

ഏതൊരു കാര്യത്തിനും നല്ലതും ചീത്തയും ഉണ്ടെന്നതുപോലെ ‘ഡിജിറ്റൽ ലെൻഡിങ്ങിലും’ ചീത്തവശങ്ങളുണ്ട്. ധാരാളം ഫിൻടെക്ക് കമ്പനികൾ ഈ രംഗത്ത് ഉണ്ടാവുകയും ഉയർന്ന പലിശ നിരക്ക് അവരുടെ ആപ്പുകളിലൂടെ കസ്റ്റമേഴ്സിൽ നിന്നും ഈടാക്കുകയും ചെയ്തു. സാധാരണ ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കുന്ന വിൽപനകളും ഡേറ്റയുടെ സുരക്ഷയ്ക്കുമേൽ ഭീഷണിയും ധാർമികമല്ലാത്ത ബിസിനസ്സ് രീതികളും ഉടലെടുത്തു. ഇവയെല്ലാം ചെറുക്കാൻ റിസർവ് ബാങ്ക് ഒരു വർക്കിങ് ഗ്രൂപ്പിനെ നിയമിച്ച് അവർ നൽകിയ ചില നിർദേശങ്ങൾ സ്വീകരിച്ച് ഈ രംഗത്ത് മാർഗനിർദേശങ്ങളായി ഇറക്കിയിട്ടുണ്ട്. 

ഡിജിറ്റൽ വായ്പ അനുവദിക്കപ്പെട്ട വ്യക്തിക്ക് അത് ഉപേക്ഷിക്കുവാൻ സമയപരിധി (കൂളിങ് പിരീഡ്) അനുവദിച്ചിട്ടുണ്ട്. അധികം ചാർജുകൾ അനാവശ്യമായി നൽകാതെ മുതൽ തിരിച്ചടച്ച് വ്യക്തിക്ക് വായ്പയിൽ നിന്നും ഒഴിവാകാം. ഇന്ന് വളരെ തുച്ഛമായ ഒരു ശതമാനം ആളുകളാണ് ഈ സേവനങ്ങൾ ഉപയോഗിക്കുന്നതെങ്കിലും ഇനി വളരെവേഗം വളരുവാൻ ‘ഡിജിറ്റൽ വായ്പ’ സംവിധാനത്തിന് സാധിക്കും. കരുതലോടെ മാർഗനിർദേശങ്ങൾ പാലിച്ച് മുന്നേറിയാൽ സുഗമമായി ഏവർക്കും വായ്പയെടുക്കാം.

English Summary : Knoe More About Digital Loans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com