ADVERTISEMENT

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് വായ്പ കുടിശിക വരുത്തിയിട്ടുള്ളവർക്ക് വൻ ഇളവുകളോടെ  തിരിച്ചടയ്ക്കാൻ അവസരം. പിഴപ്പലിശ പൂർണമായും ഒഴിവാക്കും. മാത്രമല്ല വായ്പയുടെ സ്വഭാവമനുസരിച്ച് വ്യവസ്ഥകളോടെ പലിശയിൽ പൂർണമായോ ഭാഗികമായോ ഇളവ് ലഭിക്കും. പ്രാഥമിക സഹകരണ ബാങ്കുകളിലെ/സംഘങ്ങളിലെ കുടിശിക നിവാരണം പദ്ധതിയനുസരിച്ചാണ് വായ്പകളിൽ ഒറ്റത്തവണ തീർപ്പാക്കൽ സൗകര്യം പ്രഖ്യാപിച്ചിട്ടുള്ളത്. സഹകാരികളിൽ കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

മാർച്ച് 31 വരെ കാലാവധി

നവകേരളീയം കുടിശിക നിവാരണം- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023 ന്റെ കാലാവധി മാർച്ച് 31 വരെയാണ്. ഈ കാലയളവിൽ സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 

ഗുരുതര രോഗം ബാധിച്ചവർക്ക്

ക്യാൻസർ രോഗബാധിതർ, കിഡ്നി സംബന്ധമായ അസുഖം മൂലം ഡയാലിസിസിന് വിധേയരായവർ, ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, പക്ഷാഘാതം മൂലം ശരീരം തളർന്നവർ, എയ്ഡ്സ്, സിറോസിസ്, ക്ഷയം തുടങ്ങിയ രോഗം ബാധിച്ചവർ,  ഇത്തരത്തിലുള്ളവരുടെ ചികിത്സ ഏറ്റെടുത്ത വായ്പക്കാർ, വായ്പയെടുത്ത മാതാപിതാക്കൾ മരിച്ച മക്കൾ മുതലായവർക്ക് പരമാവധി ഇളവുകൾ ലഭിക്കും.

കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക്

2022 ഏപ്രിൽ 1 മുതൽ കൃത്യമായി തവണ തുകകൾ അടച്ചു വരുന്ന വായ്പക്കാർക്ക് 2022 - 23 സാമ്പത്തിക വർഷം അടച്ച പലിശയിൽ ഇളവ് അനുവദിക്കും. കോവിഡ് ബാധിതരായ വായ്പക്കാർക്കും വ്യവസ്ഥകളോടെ ഇളവ് ലഭിക്കും. വായ്പ എടുത്ത്  മരണപ്പെട്ട റിസ്ക് ഫണ്ടിൽ നിന്ന് ആനുകൂല്യത്തിന് അർഹതയില്ലാത്ത വായ്പകളിൽ 50,000 രൂപ വരെ ഇളവു ലഭിക്കും. ഉയർന്ന അധികൃതരുടെ തീരുമാനമനുസരിച്ച് കൂടുതൽ ഇളവു ലഭിക്കാനും സാധ്യതയുണ്ട്. സ്വർണ പണയ വായ്പയ്ക്കും നിക്ഷേപത്തിൻ മേലുള്ള വായ്പകൾക്കും ഈ പദ്ധതിയനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല.

അദാലത്തുകളിൽ പങ്കെടുക്കുക

പ്രാഥമികസഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയിട്ടുള്ള വായ്പക്കാർ അതത് ബാങ്ക് ശാഖയുമായി ബന്ധപ്പെടുക. എല്ലാ സഹകരണ ബാങ്കുകളും/സംഘങ്ങളും പദ്ധതി പ്രകാരമുള്ള അദാലത്തുകൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ബാങ്കിന്റെ നിർദ്ദേശമനുസരിച്ച് അദാലത്തിൽ പങ്കെടുത്ത് വായ്പാ തിരിച്ചടവിൽ ഇളവുകൾ സ്വന്തമാക്കാം.

English Summary : Co Operative Bank Loan Repayment Mela till March 31st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com