ADVERTISEMENT

സിലിക്കൺ വാലി ബാങ്ക് തകർന്നതിന്റെ പ്രശ്നങ്ങൾ ഒഴിയും മുൻപേ വീണ്ടും ഒരു ബാങ്ക് കൂടി അമേരിക്കയിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. സിഗ്നേചർ ബാങ്കാണ് ഇപ്പോൾ പൂട്ടുന്നത്. പരമ്പരാഗതമായ ബാങ്കിങ് രീതികളിൽ നിന്നും മാറിയുള്ള പ്രവർത്തനമായിരുന്നു പൂട്ടിയ രണ്ടു ബാങ്കുകളുടേതും എന്നത് ശ്രദ്ധേയമായ കാര്യമാണ്. 

എങ്ങനെ പ്രതിസന്ധി രൂപപ്പെടുന്നു?

സിലിക്കൺ വാലി ബാങ്ക് സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിങ് കൊടുക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിൽ സിഗ്നേചർ ബാങ്ക് ക്രിപ്റ്റോ വ്യവസായത്തിന് താങ്ങാകാനാണ് നോക്കിയിരുന്നത്. 

പണപ്പെരുപ്പം കുറയ്ക്കാൻ ഫെഡ് പലിശ നിരക്കുകൾ ഉയർത്തിയതാണ് ഒറ്റവാക്കിൽ പറഞ്ഞാൽ ഇപ്പോഴത്തെ അമേരിക്കൻ ബാങ്കിങ് പ്രതിസന്ധി മൂർച്ഛിക്കുവാനുള്ള പ്രധാന കാരണം. സിലിക്കൺ വാലി ബാങ്കിൽ പ്രശ്നങ്ങളുണ്ടായപ്പോൾ നിക്ഷേപകർ പണം കൂട്ടത്തോടെ പിൻവലിച്ചതോടെ ലിക്വിഡിറ്റി പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. സിലിക്കൺ വാലി ബാങ്കിന് ഉണ്ടായത് പോലെയുള്ള ഒരു പ്രതിസന്ധി സിഗ്നേചർ ബാങ്കിന് വരുമോയെന്ന ആശങ്ക വൻകിട നിക്ഷേപകർക്ക് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായിരുന്നു. ബാങ്ക് പൂട്ടി പോയാൽ 250000 ഡോളർ വരെയായിരുന്നു  നിക്ഷേപിച്ച പരമാവധി തുകക്കുള്ള ഇൻഷുറൻസ്  ലഭിക്കുക.

എന്നാൽ ഇതിലധികം നിക്ഷേപമുള്ളവർ തങ്ങളുടെ തുക നഷ്ടപ്പെടുമോ എന്ന ഭീതിയിൽ പെട്ടെന്ന് പണം പിൻവലിച്ചത് സിഗ്നേചർ ബാങ്കിൽ പ്രതിസന്ധി കൂട്ടി. കൂടാതെ ക്രിപ്റ്റോ വ്യവസായത്തിന് കടുത്ത പിന്തുണ നൽകുന്ന സിഗ്നേചർ ബാങ്ക് പൂട്ടുവാൻ അമേരിക്കൻ അധികാരികൾക്ക് മടിയുണ്ടായില്ല. ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായ തത്സമയ പണ സെറ്റില്‍മെന്റ് സിഗ്നേചർ ബാങ്ക് നൽകുന്നത് പല ക്രിപ്റ്റോ നിക്ഷേപകരെയും സിഗ്നേചർ ബാങ്കിൽ അക്കൗണ്ടുകൾ തുടങ്ങാൻ പ്രേരിപ്പിച്ചിരുന്നു.

കൂടുതൽ സ്ഥാപനങ്ങളിലേയ്ക്ക് വ്യാപിക്കുമോ?

അമേരിക്കയിലെ ബാങ്കിങ് പ്രതിസന്ധി മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിക്കുമോ എന്ന പേടിയിലാണ് ഇപ്പോൾ ജനം. അമേരിക്കയിലെ ബാങ്കുകളിലെ നിക്ഷേപം എല്ലാം സുരക്ഷിതമാണ് എന്ന് അധികാരികൾ ആവർത്തിക്കുമ്പോഴും ബാങ്കുകളിൽ നിന്നുള്ള പണം പിന്‍ വലിക്കലുകൾ തുടരുന്നുണ്ട്. ഈ പ്രതിസന്ധി ഉടലെടുത്തതിനെ തുടർന്ന് ആഗോളതലത്തിൽ ഓഹരി വിപണിയും, ക്രിപ്റ്റോ വിപണികളും തളർച്ചയിലാണ്. ബാങ്കിങ്, ടെക് രംഗത്തെ ഓഹരികള്‍ കഴിഞ്ഞ രണ്ടു വ്യാപാര ദിനങ്ങളിൽ കനത്ത ഇടിവ് നേരിടുന്നുണ്ട്. സിലിക്കൺ വാലി ബാങ്കിന്റെ പോലെതന്നെ സിഗ്‌നചർ ബാങ്കിന്റെ ഓഹരിയും 5 ദിവസത്തിൽ 36 ശതമാനവും, ഒരു മാസത്തിൽ 50 ശതമാനം വരെയുമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഫെഡ് ഇടപെടലുകൾ താളം തെറ്റിക്കുന്നു 

വിപണി കാര്യങ്ങൾ തീരുമാനിക്കുന്ന അമേരിക്ക പോലുള്ള  മുതലാളിത്ത വ്യവസ്ഥിതിയിൽ കേന്ദ്രബാങ്കുകളുടെ അമിത ഇടപെടലുകളാണ് കാര്യങ്ങൾ കുഴപ്പിച്ചതെന്നും ഒരു വാദഗതിയുണ്ട്. കുത്തനെയുള്ള പലിശ നിരക്ക് ഉയർത്തൽ വ്യവസ്ഥിതിയിൽ കൊണ്ടുവന്ന പ്രശ്നങ്ങൾ മൂലം ജനങ്ങൾ പരിഭ്രാന്തരാകുന്നതാണ് ഇപ്പോഴത്തെ അമേരിക്കൻ ബാങ്ക് പ്രതിസന്ധിക്ക് കാരണമെന്ന് വാദിക്കുന്നവരുമുണ്ട്. 

സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതക്ക് ഭീഷണിയാകുന്നതിനാലാണ് സിഗ്നേചർ ബാങ്ക് അടച്ചു പൂട്ടുന്നത് എന്ന് അമേരിക്കൻ റെഗുലേറ്റർമാർ പറഞ്ഞു. ക്രിപ്റ്റോ കറൻസി വ്യവസായത്തിന് അകമഴിഞ്ഞ സഹായം നൽകിയിരുന്നു എന്നതാണ് അടച്ചു പൂട്ടിയ സിൽവർ ഗേറ്റിലും, സിലിക്കൺ വാലിയിലും, സിഗ്നചറിലും പൊതുവായി ഉണ്ടായിരുന്ന ഒരു കാര്യം. ക്രിപ്റ്റോകൾ തങ്ങളുടെ പ്രശ്നങ്ങളിലേക്ക് സാമ്പത്തിക സ്ഥാപനങ്ങളെക്കൂടി വലിച്ചിഴയ്ക്കുന്ന ആത്മഹത്യാപരമായ ഒരു സമീപനമാണ് അടുത്തകാലത്തുണ്ടായ ബാങ്കിങ് പ്രതിസന്ധി വിശകലനം ചെയ്യുമ്പോൾ മനസ്സിലാക്കുവാൻ സാധിക്കുന്നത്.

English Summary : Signature Bank Also Facing Serious Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com