ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ ആറ് ബാങ്കുകൾ മാത്രമായിരുന്നു ആർബിഐയുടെ പൂർണ്ണ നിയന്ത്രണത്തിലെങ്കിൽ? അതായത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് എന്നീ ബാങ്കുകൾ മാത്രം ആർബിഐയുടെ പൂർണ്ണ നിയന്ത്രണത്തിൽ; ഏഴും എട്ടും സ്ഥാനത്തുള്ള യൂണിയൻ ബാങ്കും ആക്സിസ് ബാങ്കും അതിനു താഴെയുള്ള എല്ലാ സ്വകാര്യ, പൊതുമേഖല, സഹകരണ ബാങ്കുകളും ആർബിഐ യുടെ അയഞ്ഞ നിയന്ത്രണത്തിൽ മാത്രമായിരുന്നെങ്കിലോ?

വിചിത്രമായ ചോദ്യം, അല്ലേ? ഇനി ഇന്ത്യൻ ബാങ്കുകളുടെ മേൽനോട്ടം അമേരിക്കയിലെ കേന്ദ്ര ബാങ്ക് ആയ ഫെഡറൽ റിസർവിനെ ഏൽപ്പിക്കുന്നതായി ഒന്ന് സങ്കൽപ്പിക്കുക. അപ്പോഴത്തെ സ്ഥിതിയാണ് തുടക്കത്തിൽ പറഞ്ഞത്. അമേരിക്കയിലെ മൊത്തം വാണിജ്യ ബാങ്ക് ആസ്തികളുടെ 59% കൈകാര്യം ചെയ്യുന്ന 13 വലിയ ബാങ്കുകളെ മാത്രമാണ് ഫെഡറൽ റിസർവ് പൂർണമായി നിയന്ത്രിക്കുന്നത്. ബാക്കിയുള്ള ബാങ്കുകൾക്ക് മേൽ ഫെഡറൽ റിസർവിന് അയഞ്ഞ നിയന്ത്രണം മാത്രമാണുള്ളത്.

ബാങ്കുകൾക്ക് എന്താണ് സംഭവിച്ചത്?

usfed2

കോവിഡ് കാലത്ത് ഫെഡറൽ റിസർവ് വൻതോതിൽ പണലഭ്യത കൂട്ടുന്നു; പിന്നീടത് വിലക്കയറ്റത്തിലേക്ക് നയിക്കുന്നു; വിലക്കയറ്റം പിടിച്ചുനിർത്താൻ പലിശ നിരക്കുകൾ ഉയർത്തുന്നു; പലിശ നിരക്ക് ഉയർന്നതോടെ ബാങ്കുകൾ നിക്ഷേപിച്ചിരുന്ന ബോണ്ടുകളുടെ വില കുറയുന്നു; ഇത് കണ്ട് ഭയന്ന നിക്ഷേപകർ ഒന്നിച്ച് പണം പിൻവലിക്കുന്നു; പിൻവലിക്കുന്നവർക്കുള്ള പണം കൊടുക്കാൻ നഷ്ടത്തിൽ ബോണ്ടുകൾ വിൽക്കേണ്ടി വരുന്നു; ഇത് ബാങ്കിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നു - സിൽവർഗേറ്റ്, സിലിക്കൺ വാലി, സിഗ്നേച്ചർ ബാങ്കുകളുടെ തകർച്ച ഇങ്ങനെയാണ് വിശദീകരിക്കപ്പെടുന്നത്.

ഈ വിശദീകരണം ശരിയാണോ? അതെ. പൂർണ്ണമായും ശരിയാണോ? അല്ല

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് ഫെഡറൽ റിസർവ് അമേരിക്കൻ ബാങ്കുകളിലുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയത്. 2010 ലെ ഡോഡ് ഫ്രാങ്ക് നിയമ (Dodd Frank Act) പ്രകാരം 50 ബില്യൺ ഡോളറോ അതിൽ കൂടുതലോ ആസ്തിയുള്ള എല്ലാ ബാങ്കുകളും ഫെഡറൽ റിസർവിന്റെ കർശന നിയന്ത്രണത്തിലായിരുന്നു. തങ്ങളെ ഫെഡറൽ റിസർവ് അമിതമായി നിയന്ത്രിക്കുന്നു എന്ന പരാതിയുമായി ബാങ്കുകൾ പിന്നീട് നിയമനിർമ്മാണ സഭയെ സമീപിച്ചു. ഇതിലൊരു ബാങ്ക് സിലിക്കൺ വാലി ബാങ്ക് ആയിരുന്നു! ഇതിനോടു യോജിച്ച അമേരിക്കൻ സർക്കാർ 2018 ൽ നിയമ ഭേദഗതി വരുത്തി - 250 ബില്യൺ ഡോളറോ അതിൽ കൂടുതലോ ആസ്തിയുള്ള ബാങ്കുകൾ മാത്രം കർശന നിയന്ത്രണങ്ങൾക്ക് വിധേയമായാൽ മതി; ബാക്കിയുള്ള ബാങ്കുകൾക്ക് അയഞ്ഞ നിയന്ത്രണം മാത്രം. തകർന്ന മൂന്ന് ബാങ്കുകളുടെയും ആസ്തി 250 ബില്യൺ ഡോളറിന് താഴെയാണ്.

ഇന്ത്യയിലെന്ത്?

ഇനി ഇന്ത്യയിലേക്ക്. ഇന്ത്യയിൽ 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്കാണ് ഇൻഷുറൻസ് പരിരക്ഷയുള്ളത്. ആർബിഐയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ അഥവാ ഡിഐസിജിസി ആണ് ഈ ഇൻഷുറൻസ് നൽകുന്നത്. ഇതിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്കും ആർബിഐയുടെയും കേന്ദ്രസർക്കാരിന്റെയും പരോക്ഷമായ ഉറപ്പുമുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണങ്ങളാണ് യെസ് ബാങ്കും ലക്ഷ്മിവിലാസ് ബാങ്കും പ്രതിസന്ധിയിലായപ്പോൾ തൽക്ഷണം ആർബിഐ ഇടപെട്ട് പ്രശ്നം പരിഹരിച്ചത്. ഈ ബാങ്കുകളിൽ കോടികളുടെ നിക്ഷേപമുണ്ടായിരുന്നവർക്കും ഒരു രൂപയുടെ പോലും നഷ്ടം നേരിട്ടില്ല.

എന്നാൽ കരുവന്നൂർ ബാങ്കും പോപ്പുലർ ഫിനാൻസും തകർന്നപ്പോൾ ആർബിഐ തിരിഞ്ഞ് നോക്കിയത് പോലുമില്ല. അതിന് കാരണം ഇത് രണ്ടും ബാങ്കുകളല്ലാത്തതുകൊണ്ടാണ്. ബാങ്കിങ് നിയന്ത്രണ നിയമം ബാധകമായവർക്കു മാത്രമാണ് ഡിഐസിജിസിയുടെയും ആർബിഐയുടെയും പരിരക്ഷയുള്ളത്. പോപ്പുലർ ഫിനാൻസ് ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ്; കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഒരു പ്രാഥമിക കാർഷിക സഹകരണ സംഘം മാത്രമാണ്. ഇവ രണ്ടും ബാങ്കുകളല്ല; അതിനാൽ ഇവർക്ക് രണ്ടുപേർക്കും ബാങ്കിങ് നിയന്ത്രണ നിയമം ബാധകമല്ല. അതുകൊണ്ടുതന്നെ ഡിഐസിജിസിയുടെ ഇൻഷുറൻസ് പരിരക്ഷയില്ല; ആർബിഐയുടെ പരോക്ഷ പരിരക്ഷയുമില്ല.

അമേരിക്കയിലും രണ്ടര ലക്ഷം ഡോളർ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്. അത് നൽകുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ അഥവാ എഫ് ഡി ഐ സി ആണ്. മാത്രമല്ല ഇത് എല്ലാ അമേരിക്കൻ ബാങ്കുകൾക്കും ലഭ്യമാണ്. അഥവാ ഫെഡറൽ റിസർവിന്റെ പൂർണ്ണ നിയന്ത്രണത്തിൽ അല്ലാത്ത ബാങ്കുകൾക്കും എഫ് ഡി ഐ സി ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. എന്നാൽ ഇന്ത്യയിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് ആർബിഐയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള ബാങ്കുകൾക്ക് മാത്രമാണ്.

RBI-governer

ആർബിഐ ബാങ്കുകളോട് പറയുന്നത്

മറ്റൊരു രീതിയിൽ ചിന്തിച്ചാൽ എന്താണ് ആർബിഐ ഇന്ത്യയിലെ ബാങ്കുകളോട് പറയുന്നത്? ഞങ്ങളുടെ നിയന്ത്രണത്തിലും ഞങ്ങളുടെ മേൽനോട്ടത്തിലും നിങ്ങൾ ബാങ്കിങ് ബിസിനസ് നടത്തൂ; എന്നിട്ടും പ്രതിസന്ധിയിലാകുന്നെങ്കിൽ നിങ്ങളെ ഞങ്ങൾ രക്ഷിച്ചോളാം

എങ്കിൽ ഫെഡറൽ റിസർവ് അമേരിക്കൻ ബാങ്കുകളോട് പറയുന്നതോ? നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ബാങ്കിംഗ് ബിസിനസ് നടത്തിക്കോളൂ; പിന്നീട് പ്രതിസന്ധിയിലായാൽ ഞങ്ങൾതന്നെ നിങ്ങളെ രക്ഷിച്ചോളാം! ഇങ്ങനെ വരുമ്പോൾ അമേരിക്കൻ ബാങ്കുകൾ തകർന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?

ദിവസങ്ങൾക്ക് മുമ്പാണ് അമേരിക്കൻ ബാങ്കുകളുടെ ഒരു കൂട്ടായ്മ തങ്ങളുടെ എല്ലാ നിക്ഷേപങ്ങൾക്കും പരിധിയില്ലാതെ അടുത്ത രണ്ട് വർഷത്തേക്ക് ഇൻഷുറൻസ് പരിരക്ഷ വേണമെന്ന് എഫ് ഡി ഐ സി യോട് ആവശ്യപ്പെട്ടത്. ഇൻഷുറൻസ് പരിരക്ഷയ്ക്ക് വേണ്ട പ്രീമിയം ബാങ്കുകളിൽ നിന്ന് വാങ്ങുക; പിന്നീട് പ്രതിസന്ധിയിലാകുന്ന ബാങ്കുകളിലെ നിക്ഷേപകർക്ക് കൊടുക്കുക - ഇതുമാത്രമാണ് എഫ് ഡി ഐ സിയുടെ ജോലി. അഥവാ ബാങ്കുകളുടെ പ്രവർത്തനത്തിൽ യാതൊരു നിയന്ത്രണവും എഫ് ഡി ഐസിക്കില്ല; എന്നാൽ പ്രതിസന്ധിയിലായാൽ പണം നൽകുകയും വേണം!

എന്നാൽ ഇന്ത്യയിലോ? നിയന്ത്രിക്കുന്നത് ആർബിഐ ആണ്; ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് ആർബിഐയുടെ തന്നെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഡിഐസിജിസി ആണ്. അഥവാ ഇന്ത്യയിൽ പ്രീമിയം വാങ്ങുന്നതിനോടൊപ്പം നിയന്ത്രണവും നിലനിർത്തിക്കൊണ്ടാണ് നിക്ഷേപങ്ങൾക്ക് പരിരക്ഷ നൽകുന്നത്. മാത്രമല്ല രണ്ടും ഒരേ സ്ഥാപനം തന്നെ നടത്തുന്നു.

നിക്ഷേപങ്ങളുടെ ഇൻഷുറൻസ്

ലൈഫ് ഇൻഷുറൻസ് പോലെയല്ല നിക്ഷേപങ്ങളുടെ ഇൻഷുറൻസ്. ഏതൊരാൾക്കും തന്റെ ജീവൻ വിലപ്പെട്ടതാണ്; ജീവന് ഭീഷണിയാകുന്ന കാര്യങ്ങളിൽ നിന്നും ഒരു പരിധിവരെ നമ്മളോരോരുത്തരും സ്വമേധയാ മാറിനിൽക്കും. അഥവാ ഇൻഷുറൻസ് കമ്പനിക്ക് പ്രീമിയം മാത്രം വാങ്ങി ഇൻഷുറൻസ് പരിരക്ഷ നൽകാൻ സാധിക്കും. എന്നാൽ ബാങ്ക് മാനേജ്മെന്റുകൾ നഷ്ട സാധ്യത കൂടിയ ആസ്തികൾ സൃഷ്ടിക്കുമ്പോൾ അവിടുത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ജീവനോ വരുമാനത്തിനോ സമ്പത്തിനോ യാതൊരു ഭീഷണിയും നേരിടുന്നില്ല. അഥവാ പ്രീമിയം മാത്രം വാങ്ങി, നിയന്ത്രണങ്ങൾക്ക് വിധേയമാക്കാതെ, ഡെപ്പോസിറ്റുകൾക്ക് പരിരക്ഷ നൽകുന്നത് അങ്ങേയറ്റം അപകടകരമാണ്

svb-broven-reuters

ക്രിപ്റ്റോ കറൻസി മേഖലയിലെ സ്ഥാപനങ്ങളായിരുന്നു സിൽവർ ഗേറ്റിന്റെയും സിഗ്നേച്ചർ ബാങ്കിൻറെയും മുഖ്യ ഇടപാടുകാർ. നാൽപ്പതിനായിരത്തിൽ താഴെ ഡെപ്പോസിറ്റര്‍മാർ മാത്രമാണ് സിലിക്കൺ ബാലി ബാങ്കിനുണ്ടായിരുന്നത്. മൊത്തം ഡെപ്പോസിറ്റ് 175 ബില്യൺ ഡോളർ അഥവാ 14 ലക്ഷം കോടി രൂപ. 35 കോടി രൂപയുടെ ശരാശരി നിക്ഷേപം! മാത്രമല്ല ഇതിൽ ഭൂരിഭാഗവും സ്റ്റാർട്ടപ്പ് കമ്പനികളിൽ നിന്നും. ഇത്രയും കുറച്ചുപേരിൽ നിന്ന്, ഒരൊറ്റ മേഖലയിൽ നിന്ന് ഇത്രയും വലിയ നിക്ഷേപം ഇന്ത്യയിലെ ഒരു ബാങ്കിനും സ്വീകരിക്കാൻ സാധ്യമല്ല. ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നത് സ്ഥിരതയുള്ള സ്രോതസ്സുകളിൽ നിന്നുമായിരിക്കണം എന്നതും ആർബിഐ നിഷ്കർഷിക്കുന്നു.

ക്രിപ്റ്റോ കറൻസികളിലെ അപകടം

ക്രിപ്റ്റോ ബാങ്ക് ആയ സിൽവർഗേറ്റ് ആണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് സ്റ്റാർട്ടപ്പ് ബാങ്ക് ആയ സിലിക്കൺ വാലി ബാങ്കിലേക്ക് പടർന്നു. അവിടെനിന്ന് മുഖ്യധാര ബാങ്കുകളിലേക്കും. ക്രിപ്റ്റോ സൗഹൃദ ബാങ്ക് അല്ലായിരുന്നുവെങ്കിൽ സിൽവർഗേറ്റ് തകരുമായിരുന്നോ? സിൽവർഗേറ്റ് തകർന്നില്ലായിരുന്നുവെങ്കിൽ സിലിക്കൺ വാലി ബാങ്ക് തകരുമായിരുന്നോ? ശക്തമായ ഭാഷയിൽ ആർബിഐ ആവർത്തിച്ച് വ്യക്തമാക്കുന്ന ക്രിപ്റ്റോ കറൻസികളിലെ അപകടം ഇതുതന്നെയാണ്. ഇവിടെയും ഫെഡറൽ റിസർവിനേക്കാൾ ദീർഘവീക്ഷണം കാണിച്ചത് ആർബിഐ ആണ്

അവസാനമായി ഈ ബാങ്കിൽ നിക്ഷേപിച്ചവരെക്കുറിച്ച്. സാമ്പത്തിക ശാസ്ത്രമോ ബാങ്കിങ്ങോ അറിയാത്ത വ്യക്തിഗത നിക്ഷേപകർ ആയിരുന്നില്ല സിലിക്കൺ വാലി ബാങ്കിന്റേത്. ഭൂരിഭാഗവും സ്റ്റാർട്ടപ്പുകളായിരുന്നു. കോടിക്കണക്കിന് നിക്ഷേപം വെഞ്ചർ ക്യാപ്പിറ്റൽ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിയവരായിരുന്നു ഈ സ്റ്റാർട്ടപ്പുകൾ. ഇങ്ങനെ ലഭിച്ച പണം സുരക്ഷിതമായി ബാങ്കിൽ നിക്ഷേപിക്കാൻ പോലും ഇവർക്ക് കഴിഞ്ഞില്ല. അങ്ങനെ നോക്കുമ്പോൾ നിക്ഷേപകരുടെ മണ്ടത്തരം കൂടി സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്ക് കാരണമായെന്ന് പറയേണ്ടിവരും.

English Summary : Role of RBI and US Federal Reserve

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com