ADVERTISEMENT

ബിസിനസ് തുടങ്ങാൻ നല്ല ആശയങ്ങളും അധ്വാനിക്കാൻ മനസ്സുമുണ്ടെങ്കിലും മൂലധനമില്ലാതെ വിഷമിക്കുന്നവർ ഏറെയുണ്ട്. അത്തരത്തിലൊരാളാണോ നിങ്ങൾ? എങ്കിൽ ഈ വായ്പ‌പദ്ധതി നിങ്ങൾക്കുവേണ്ടിയുള്ളതാണ്. 

 

മുദ്ര വായ്പ

 

loans

വായ്പ എടുക്കാൻ ചെന്നാൽ ബാങ്ക് ആദ്യം പരിശോധിക്കുന്നത് ക്രെഡിറ്റ് സ്കോറാണ്. നല്ല സ്കോർ ഇല്ലാത്തവർക്കു വായ്പ നൽകാൻ ബാങ്കുകൾ മടിക്കും. നൽകിയാലോ, കൂടുതൽ പലിശ ഈടാക്കും. എന്നാൽ, സിബിൽ സ്കോർ ഇല്ലാതെ തന്നെ വായ്പ ലഭിച്ചാലോ? അവിടെയാണ് മുദ്ര വായ്പകളുടെ പ്രസക്തി.

മുദ്ര വായ്പ വലിയ ഈടില്ലാതെയും നൂലാമാലകളില്ലാതെയും ലഭിക്കുന്ന ഒന്നാണ്. ചെറുകിട വ്യവസായങ്ങളെ വിപുലീകരിക്കാനും വിജയം കൈവരിക്കാനും സഹായിക്കാനായി 2015 ൽ ആണ് പ്രധാനമന്ത്രി യോജന ആരംഭിച്ചത്. 

 

തൊഴിൽ സൃഷ്ടിക്കാനും വരുമാനം ഉണ്ടാക്കാനും സഹായിക്കുന്ന വിവിധ കാര്യങ്ങൾക്കായി മുദ്ര വായ്പകൾ എടുക്കാം. കടയുടമകൾക്കും വ്യാപാരികൾക്കും സേവന മേഖലയിലെ മറ്റു പ്രവർത്തനങ്ങൾക്കുമുള്ള ബിസിനസ് ലോൺ,ചെറുകിട എന്റർപ്രൈസ് യൂണിറ്റുകൾക്കുള്ള ഉപകരണ ധനസഹായം, മുദ്ര കാർഡുകൾ വഴി പ്രവർത്തന മൂലധന വായ്പ,ഗതാഗത വാഹന വായ്പകൾ,കോഴിവളർത്തൽ, തേനീച്ചവളർത്തൽ, മത്സ്യക്കൃഷി, തുടങ്ങിയ കാർഷിക കാർഷികേതര വരുമാനം ഉണ്ടാക്കുന്നവർക്കും മുദ്ര ലോണിന് അപേക്ഷിക്കാം.വാണിജ്യ പ്രവർത്തനങ്ങൾക്കായി ട്രാക്ടറുകൾ, ടില്ലറുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നവർക്കും മുദ്ര ലോൺ ലഭിക്കും

1 വ്യക്തികൾക്കും ചെറുസംരംഭകർക്കും ലഭിക്കും.

2 10 ലക്ഷം രൂപ വരെയാണ് പരമാവധി വായ്പ. 

3 ഈടോ സെക്യൂരിറ്റിയോ ആവശ്യമില്ല.

4 അടിസ്ഥാന ബാങ്കിങ് സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിലും സാമ്പത്തിക‌സഹായം കിട്ടും. 

5 തിരിച്ചടവ് കാലാവധി ഏഴു വർഷം വരെ നീട്ടാം. 

6 പ്രോസസിങ് ഫീ ഇല്ല. പല രീതിയിലുള്ള ഗഡുക്കളായി തിരിച്ചടയ്ക്കാം. മിതമായ പലിശ. 

7 18 – 60 വയസ്സുവരെ വായ്പയ്ക്ക് അപേക്ഷിക്കാം 

8 സ്ത്രീകൾക്കു പലിശയിൽ കിഴിവ് ലഭിക്കും

9 ബിസിനസ് തുടങ്ങാനായി കോളജ് ബിരുദധാരികൾക്ക് അപേക്ഷിക്കാം

10 ക്രെഡിറ്റ് സ്കോർ ആവശ്യമില്ലാത്തതാണ് ഒരു വലിയ ആകർഷണീയത. 

അപേക്ഷിക്കാൻ എന്തൊക്കെ വേണം?

 

∙ലോൺ വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ‌ഫോം. 

∙തിരിച്ചറിയൽ രേഖ –ആധാർ കാർഡ്, വോട്ടേഴ്‌സ് ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട് തുടങ്ങിയവ. 

∙വിലാസത്തിന്റെ തെളിവ് –യൂട്ടിലിറ്റി ബില്ലുകൾ (ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ), ആധാർ കാർഡ്, വോട്ടേഴ്‌സ് ഐഡി കാർഡ്, പാസ്‌പോർട്ട് മുതലായവ. 

∙ഫോട്ടോഗ്രാഫുകൾ –അപേക്ഷകന്റെ 2 പാസ്‌പോർട്ട് ഫോട്ടോ 

∙ജാതി സർട്ടിഫിക്കറ്റ്– ബാധകമെങ്കിൽ 

∙മറ്റു രേഖകൾ– ബിസിനസിനായി വാങ്ങുന്ന ചരക്കുകളുടെയോ ഇനങ്ങളുടെയോ ലിസ്റ്റും തുകയും കൊട്ടേഷനും

സ്കോർ മോശമെങ്കിൽ ബാങ്ക് മടിക്കും

മുദ്ര വായ്പയ്ക്കു സിബിൽ സ്കോർ വേണ്ട. അതുകൊണ്ടുതന്നെ പുതുതായി വായ്പ എടുക്കുന്നവർക്കു ഗുണകരമാണ്. പക്ഷേ, മുൻപു വായ്പ എടുത്തു തിരിച്ചടവു മുടങ്ങിയവർക്കു മുദ്ര വായ്പകൾ സാധാരണയായി ബാങ്കുകൾ നൽകുന്നില്ല. തിരിച്ചടവ് ഇടയ്ക്കു മുടങ്ങിയിട്ടു പലിശയടക്കം തിരിച്ചടച്ചു വായ്പകൾ തീർത്തവർക്കുപോലും മുദ്ര വായ്പകൾ അനുവദിക്കുന്നതിൽ ബാങ്കുകൾ സാങ്കേതിക തടസ്സം പറയുന്നുണ്ട്. അതായത്, എടുത്ത വായ്പ മുടങ്ങിയിട്ടുണ്ടെങ്കിൽ മുദ്ര വായ്പ നിരസിക്കാൻ സാധ്യതയുണ്ട്.

English Summary: Eligibility Criteria for Mudra Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com