ADVERTISEMENT

ഏപ്രില്‍ 1 മുതല്‍ യുപിഐ ഇടപാടുകൾ തികച്ചും സൗജന്യമാകില്ലെന്ന് റിപ്പോർട്ട്. യുപിഐ ഇടപാടുകൾ സംബന്ധിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NCPI) ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ഇത് പ്രകാരം ഏപ്രില്‍ 1 മുതല്‍ യുപിഐ വഴി നടത്തുന്ന മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്ക് പിപിഐ ( പ്രീപെയഡ് പെയ്‌മെന്റ് ഇന്‍സ്ട്രമെന്റ് ) ഇന്റർചേഞ്ച് ഫീസ് ഈടാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ഉപഭോക്താക്കളെ ബാധിക്കില്ല.

ഇന്റർചേഞ്ച് ഫീസ്

ഏപ്രിൽ 1 മുതൽ ഓൺലൈൻ വോലറ്റുകളോ, പ്രീ-ലോഡ് ചെയ്ത ഗിഫ്റ്റ് കാർഡുകളോ പോലുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ (പിപിഐ) വഴി നടത്തുന്ന 2,000 രൂപയിൽ കൂടുതലുള്ള ഏത് യുപിഐ ഇടപാടുകൾക്കും ഇന്റർചേഞ്ച് ഫീസ് ഈടാക്കും. ഇടപാടുകൾ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും അംഗീകാരം നൽകുന്നതിനുമുള്ള ചെലവുകൾ വഹിക്കുന്നതിന് പേടിഎം, ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ പേയ്‌മെന്റ് സേവന ദാതാക്കൾ ബാങ്കുകൾക്ക് നൽകേണ്ട ഫീയാണ് ഇന്റർചേഞ്ച് ഫീസ്.

വ്യക്തികൾക്ക് ബാധകമാകുമോ?

UPI2

ഒരു ബാങ്കും പ്രീപെയ്ഡ് വോലറ്റും തമ്മിലുള്ള വ്യക്തിഗത ഇടപാടുകൾക്കോ വ്യക്തി-വ്യാപാരി ഇടപാടുകൾക്കോ ഫീസ് ബാധകമല്ല. തൽകാലം വ്യക്തികൾക്ക് ചാർജുകളൊന്നും വരില്ല. യുപിഐ സേവനദാതാക്കളെ ആകും ഇന്റർചേഞ്ച് ഫീസ് ബാധിക്കുക. എന്നാൽ ഭാവിയിൽ ഉപഭോക്താക്കൾ ചാർജുകൾ അടക്കേണ്ട ഒരു അവസ്ഥ വരാൻ സാധ്യത ഉണ്ട്.

ആർക്ക് ഗുണകരം?

ആദ്യ ഘട്ടത്തിൽ ഇതിന്റെ ഗുണഭോക്താക്കൾ ബാങ്കുകളായിരിക്കും. എന്നാൽ രണ്ടാം ഘട്ടത്തിൽ ഫിൻ ടെക് കമ്പനികൾക്കും ഇതിന്റെ ആദായം ലഭിച്ചു തുടങ്ങും. ആ സമയത്ത് വ്യക്തികൾ ഇതിന്റെ ബാധ്യത വഹിക്കേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു. പിപിഐവഴി നടത്തുന്ന 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 1.1ശതമാനം ഇന്റർചേഞ്ച് ഫീസ് ഉണ്ടായിരിക്കും. വോലറ്റ് ലോഡിങ് ചാർജുകളും ഉണ്ടാകും. അതിനാൽ പേടിഎം പോലുള്ള കമ്പനികൾ വോലറ്റ് ലോഡിങ് ചാർജായി 15 ബേസിസ് പോയിന്റു നിരക്കിൽ അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്ന ബാങ്കിലേക്ക് അടക്കേണ്ടതായി വരും. അതായത് 2,000 രൂപയിൽ കൂടുതൽ ലോഡ് ചെയ്താൽ ബാങ്കിന് ഇന്റർചേഞ്ച് ഫീസ് നൽകേണ്ടിവരും.

പ്രൊഫൈൽ അനുസരിച്ച് ഇന്റർചേഞ്ച് നിരക്ക്

വ്യാപാരികളുടെ പ്രൊഫൈൽ അനുസരിച്ച് ഇന്റർചേഞ്ച് നിരക്കുകൾ വ്യത്യാസപ്പെടുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ചില വ്യവസായങ്ങൾക്ക്, ഇടപാട് മൂല്യത്തിന്റെ 0.50 ശതമാനം മുതൽ 1.10 ശതമാനം വരെയാണ് നിരക്ക്. ഉദാഹരണത്തിന്, ഒരു പ്രീപെയ്ഡ് ഉപകരണം ഉപയോഗിച്ച് പെട്രോളടിക്കുന്നതിനുള്ള യുപിഐ പേയ്‌മെന്റുകൾക്ക് 0.5 ശതമാനം ഇന്റർചേഞ്ച് ലഭിക്കും. യുപിഐ ഉപയോഗിച്ച് അടയ്‌ക്കുന്ന വിദ്യാഭ്യാസ ഫീസിന് ചാർജ് 0.70 ശതമാനമായിരിക്കും. എന്നാൽ ഈ വർഷം സെപ്റ്റംബർ 30-നോ അതിനുമുമ്പോ ഈ ഫീസുകളുടെ അവലോകനം നടത്തുമെന്ന് നാഷണൽ പേയ്മെന്റ് കോര്‍പ്പറേഷൻ അറിയിച്ചിട്ടുണ്ട്.

സൗജന്യം 'ഗ്യാസ്' ആകുമോ?

'ഗ്യാസ് സബ്സിഡി പണക്കാർ കൂട്ടമായി ഉപേക്ഷിച്ചു പാവപ്പെട്ടവർക്ക് സഹായമെത്തിക്കണം' എന്ന സർക്കാർ അപേക്ഷ പലരും സ്വീകരിച്ചു സബ്സിഡി സ്വമേധയാ ഉപേക്ഷിച്ചിരുന്നു. എന്നാൽ ഘട്ടം ഘട്ടമായി ഗ്യാസ് സബ്സിഡി തന്നെ ഇല്ലാതായ ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ഇതു പോലെ ഏപ്രിൽ ഒന്ന് മുതലുള്ള യുപിഐ ഫീസ് ഈടാക്കൽ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല എന്ന് പറഞ്ഞാലും, ഘട്ടം ഘട്ടമായി ഉപഭോക്താക്കൾ ഏതു യുപിഐ ഇടപാടുകൾക്കും ഫീസ് കൊടുക്കുന്ന അവസ്ഥയിലേക്ക് ഭാവിയിൽ എത്തിച്ചേരാനുള്ള സാധ്യത കാണുന്നുണ്ട്.എന്നാൽ ഇപ്പോൾ തന്നെ ചില വോലറ്റുകളും ഫിൻ ടെക് കമ്പനികളും ഉപഭോക്താക്കളിൽ നിന്നും സേവനങ്ങൾക്ക് തുക ഈടാക്കുന്നുണ്ട്. അതു കൊണ്ട് യുപിഐ ചാർജീടാക്കുന്നുവെന്ന തെറ്റിധാരണ പൊതുവെയുണ്ട്.

English Summary: UPI will be Chargable from April First

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com