എവിടെപ്പോയി 2000 രൂപയുടെ നോട്ടുകൾ? നിരോധിച്ചാൽ എന്തു ചെയ്യും?

Mail This Article
രണ്ടായിരം രൂപയുടെ നോട്ടിനും നിരോധനം ഏര്‍പ്പെടുത്തുമോ? ഈ നോട്ടുകള്‍ സൂക്ഷിച്ചു വെച്ചാല്‍ പണി കിട്ടുമോയെന്നാണ് ഇപ്പോൾ പലരുടെയും പേടി. രണ്ടായിരത്തിന്റെ നോട്ട് കൊടുക്കുന്നവരെ ഒന്നിരുത്തി നോക്കുന്ന കച്ചവടക്കാരും വിരളമല്ല. പറഞ്ഞു വരുന്നത്, നാം അറിഞ്ഞോ അറിയാതെയോ രണ്ടായിരത്തിന്റെ നോട്ട് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. കുറച്ചു കാലമായി എടിഎമ്മുകളിൽ പൊതുവില്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കുന്നുമില്ല. എടിഎമ്മില്‍ 2000 രൂപ നോട്ടുകള്‍ നിറയ്ക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മഷിയിട്ട് നോക്കിയിട്ട് പോലും ഈ നോട്ടുകള്‍ കാണാനില്ലെന്ന് പറയുന്നവരുമുണ്ട്.
എണ്ണം കുറയുന്നു
നോട്ട് അസാധുവാക്കലിന് ശേഷം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളുടെ പ്രചാരം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ടായിരത്തിന്റെ നോട്ടുകളില്‍ ഒന്ന് പോലും 2020, 2021, 2022 സാമ്പത്തിക വര്‍ഷങ്ങളില്‍ അച്ചടിച്ചിട്ടില്ല. 2022 മാര്‍ച്ച് 31 വരെയുള്ള ഇവയുടെ മൂല്യം, പ്രചാരത്തിലുള്ള എല്ലാ കറന്‍സി നോട്ടുകളുടെയും 13.8 ശതമാനം മാത്രമാണ്. ഈ നോട്ടുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതിനാല്‍ ആര്‍.ബി.ഐയും ഈ നോട്ടുകള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 274 കോടിയായിരുന്ന 2000 രൂപയുടെ നോട്ടുകളുടെ എണ്ണം, 2022 അവസാനത്തോടെ 214 കോടിയായി കുറഞ്ഞിട്ടുണ്ട്. ഈ നോട്ടുകളുടെ വിഹിതം കുറയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും 2019 സാമ്പത്തിക വര്‍ഷം മുതല്‍ ഇത് പ്രതിഫലിക്കുന്നുണ്ടെന്നും ബാങ്കിംഗ് രംഗത്തുള്ളവര്‍ പറയുന്നു. മാത്രമല്ല വിപണിയില്‍ 2000 രൂപ നോട്ടുകളുടെ ആവശ്യം വളരെ കുറവാണെന്ന് പല ബാങ്കുകളും ഇതിനകം തിരിച്ചറിഞ്ഞിട്ടുമുണ്ട്.

അച്ചടി നിര്‍ത്തിയോ
2020 മുതല്‍ ആര്‍ബിഐ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നില്ല. എന്നാല്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ 2,000 രൂപയുടെ വ്യാജ നോട്ടുകളില്‍ 55 ശതമാനം വര്‍ദ്ധനവ് ആര്‍.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണത്തിനു വേണ്ടി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുകളില്‍ കണ്ടെത്തിയത് രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു. ഈ നോട്ടുകളുടെ ഉപയോഗം പൊതുവില്‍ പൂര്‍ണ്ണമായി അപ്രത്യക്ഷമായിട്ടില്ലെങ്കിലും, എണ്ണം ഇനിയും കുറയാന്‍ തന്നെയാണ് സാധ്യത. സാഹചര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും 2000 രൂപയുടെ നോട്ടുകള്‍ തിരികേ നിക്ഷേപിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഇതുവരെ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2019 - 20 മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമനും പറയുന്നു.
നിരോധിച്ചാല്‍ എന്തു ചെയ്യും
500, 1000 രൂപയുടെ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതു പോലെ 2000 രൂപയുടെ നോട്ടിനും നിരോധനം നേരിടേണ്ടി വന്നാല്‍ ബാങ്കുകളെ ആശ്രയിക്കുക മാത്രമാണ് വഴി. നിശ്ചിത തുകയ്ക്കു മുകളില്‍ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ കൃത്യമായ കണക്കുകളും സൂക്ഷിക്കേണ്ടി വരും. അല്ലെങ്കിൽ ആദായ നികുതി വകുപ്പിന്റെ പിടി വീഴാം.
English Summary : What is Happening to 2000 Rupee Notes