കാലാവസ്ഥാ വ്യതിയാനം ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാന പ്രശ്നമായി തുടരുമ്പോൾ ഇത് കുറയ്ക്കുന്നതിനുള്ള പ്രവർത്തങ്ങൾക്ക് രാജ്യങ്ങളും, സംഘടനകളും കൂട്ടായി പ്രവർത്തിക്കുകയാണ്. ആഗോളതലത്തിൽ തന്നെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥ വ്യതിയാനം കുറയ്ക്കുന്നതിനും നിക്ഷേപങ്ങൾ വരെ വഴിതിരിച്ചു വിടുന്ന പ്രവണതയും ഇപ്പോൾ ഉരുത്തിരിഞ്ഞു വരുന്നുണ്ട് .
ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുനരുപയോഗ ഊർജം, ഹരിത ഗതാഗതം, ഹരിത കെട്ടിടങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിന് ബാങ്കുകളും, എൻബിഎഫ്‌സികളും 'ഗ്രീൻ ഡെപ്പോസിറ്റുകൾ' സ്വീകരിക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ഇന്നലെ പുറത്തിറക്കി. ഹരിത പ്രവർത്തനങ്ങൾക്കായുള്ള പണം സമാഹരിക്കുന്നതിലും അവ വിനിയോഗിക്കുന്നതിലും സാമ്പത്തിക മേഖലയ്ക്ക് നിർണായക പങ്ക് വഹിക്കാനാകും എന്ന തിരിച്ചറിവിൽ നിന്നാണ് ഈ മേഖല വളർത്താനുള്ള നിക്ഷേപം വരുന്നത്. 'ഗ്രീൻ ഫിനാൻസ്' പദ്ധതികൾക്ക് ഇന്ത്യയിലും ഇപ്പോൾ പ്രാധാന്യം ഉണ്ട്. ഹരിത പ്രവർത്തനങ്ങൾക്കും പ്രോജക്റ്റുകൾക്കും ധനസഹായം നൽകുന്നതിന് ചില നിയന്ത്രിത സ്ഥാപനങ്ങൾ (REs) ഇതിനകം തന്നെ ഗ്രീൻ ഡെപ്പോസിറ്റുകൾ വാഗ്ദാനം ചെയ്യുന്നു. ചട്ടക്കൂട് 2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.
∙ ഉപഭോക്താക്കൾക്ക് ഗ്രീൻ ഡിപ്പോസിറ്റുകൾ വാഗ്ദാനം ചെയ്യുക
∙നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക
∙ഉപഭോക്താക്കളെ അവരുടെ സുസ്ഥിര അജണ്ട കൈവരിക്കുന്നതിന് സഹായിക്കുക
∙ഹരിത പ്രവർത്തനങ്ങൾക്കുള്ള വായ്പയുടെ ഒഴുക്ക് വർദ്ധിപ്പിക്കുക
എന്നിവയാണ് റിസർവ് ബാങ്കിന്റെ ഈ ചട്ടക്കൂടിന്റെ ഉദ്ദേശം.
Enmglish Summary : Know More About Green Initiatives RBI