ADVERTISEMENT

വായ്പാ ഗഡു മുടങ്ങിയാൽ തോന്നിയ പോലെ പിഴ ഈടാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ  രീതി  ഇനി പാടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പിഴ പലിശയ്ക്ക് പകരം ഒരു നിശ്ചിത തുക വേണം പിഴയായി ഈടാക്കാനെന്ന നിർദേശമാണ് ആർബിഐ മുന്നോട്ട് വെച്ചിരിക്കുന്നത്.  നിലവിൽ പല ബാങ്കുകളും എൻബിഎഫ്സികളും  ഉയർന്ന തുകയാണ് പിഴ പലിശയായി ഈടാക്കുന്നത്. പലപ്പോഴും അടയ്‌ക്കേണ്ട തുകയും അതിന്റെ പലിശയും പിഴയും ചേർന്ന തുക കണക്കാക്കിയാണ് പിഴ പലിശ നിശ്ചയിക്കുക. ഈ രീതി അനുവദിക്കേണ്ടതില്ലെന്നാണ് ആർബിഐയുടെ തീരുമാനം. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാൻ പ്രേരിപ്പിക്കാനാണ് പിഴ ഈടാക്കുന്നത്. അത് വരുമാനമാർഗമായി കാണരുതെന്നും ആർബിഐ  പറയുന്നു.

പലിശ ഈടാക്കരുത്

∙പിഴ പലിശയ്ക്ക് പകരം ഒരു നിശ്ചിത തുക വേണം പിഴയായി ഈടാക്കാനെന്നാണ് കരടിലെ നിർദേശം. തുടർച്ചയായി അടവ് മുടങ്ങുമ്പോൾ പിഴയ്ക്ക് മേൽ വീണ്ടും പലിശ ഈടാക്കാനും പാടില്ല.

∙അടയ്ക്കാൻ വൈകിയ തുകയ്ക്ക് അല്ലെങ്കിൽ വായ്പ വ്യവസ്ഥകൾക്ക് ആനുപാതികമായിട്ടായിരിക്കണം പിഴത്തുക നിശ്ചയിക്കാൻ. അതായത് വ്യത്യസ്ത വലിപ്പത്തിലുള്ള തിരിച്ചടവുകൾക്ക്  (ഇഎംഐ) പിഴയായി സമാന തുക ഈടാക്കരുത്. ഒരേ വിഭാഗത്തിലെ  വായ്പകൾക്ക്  സമാന രീതിയിൽ പിഴ കണക്കാക്കണം.

∙പിഴ കണക്കാക്കുന്ന രീതി സ്ഥാപനത്തിന്  നിശ്ചയിക്കാം. വ്യക്തഗത വായ്പകളുടെ പിഴ മറ്റു വായ്പകളിൽ  ഈടാക്കുന്നതിനേക്കാൾ കൂടരുത്. വായ്പ തവണ അടയ്ക്കുന്നത് ഓർമിപ്പിച്ചുകൊണ്ടുള്ള സന്ദേശത്തിൽ ഈ പിഴത്തുകയും വ്യക്തമാക്കണം. തുടങ്ങിയവയാണ് ആർബിഐ  കരട് രേഖയിലെ  പ്രധാന നിർദേശങ്ങൾ.

കരട് സംബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആർബിഐ,

ഈ നിർദ്ദേശങ്ങൾ ക്രെഡിറ്റ് കാർഡുകൾക്ക് ബാധകമല്ല. ഇഎംഐ മുടങ്ങുമ്പോൾ നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് (NACH) ഈടാക്കുന്ന ബൗൺസ് ചാർജിനെക്കുറിച്ച് കരടിൽ പരാമർശമില്ല. ഇപ്പോൾ  400-500 രൂപയ്ക്ക് പുറമെ ജിഎസ്ടിയും അടക്കമാണ്   ബൗൺസ് ചാർജ്. അതിലും ആർബിഐ ഇളവു വരുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

English Summary : RBI on Failure of Loan Repayment and Its Penalty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com