ADVERTISEMENT

സംസ്ഥാനത്തെ ട്രഷറി സ്ഥിരനിക്ഷേപകർ രണ്ടു വർഷക്കാലമായി കടുത്ത നിരാശയിലാണ്. പൊതുമേഖലാ ബാങ്കുകളും പോസ്റ്റോഫീസും സഹകരണ ബാങ്കുകളും പല തവണ നിക്ഷേപ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. അതേസമയം ട്രഷറി സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പഴയപടി തന്നെ. 2021 ഫെബ്രുവരിയിലെ ഉത്തരവു പ്രകാരമുള്ള പലിശയാണ് ട്രഷറി നിക്ഷേപങ്ങൾക്ക് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്.  പരമാവധി പലിശ നിരക്ക് 7.5 ശതമാനം മാത്രം.

(Video grab - Manorama News)
(Video grab - Manorama News)

വെട്ടിലായത് ദീർഘകാല നിക്ഷേപകർ

സംസ്ഥാനത്തെ സർവീസ് സഹകരണ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് ഒരു വർഷ നിക്ഷേപത്തിന് 8.75% പലിശ നൽകുന്നുണ്ട്. പോസ്റ്റോഫീസുകളിലെ സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം 8.2% പലിശ വാഗ്ദാനം ചെയ്യുന്നു. ചില സ്മോൾ ഫിനാൻസ് ബാങ്കുകളാകട്ടെ 9% വരെ പലിശ നൽകുന്നുണ്ട്. പക്ഷെ ട്രഷറിയിലെ ദീർഘകാല നിക്ഷേപം കാലാവധി എത്തുന്നതിനു മുമ്പു പിൻവലിച്ചാൽ പിഴ നൽകേണ്ടിവരും. അതിനാൽ നിലവിലെ നിക്ഷേപം തിരികെ വാങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പല ദീർഘകാല നിക്ഷേപകരും. കാലാവധി പൂർത്തിയായ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ട്രഷറിയിൽ പുനർ നിക്ഷേപം നടത്തുന്നില്ല. വിരമിച്ച സർക്കാർ ജീവനക്കാരുടെ ലക്ഷക്കണക്കിന് രൂപയും ട്രഷറിയിൽ നിന്ന് പുറത്തേക്ക് ഒഴുകുകയാണ്. ട്രഷറി നിക്ഷേപങ്ങൾ അനാകർഷകമായതാണ് കാരണം. 

ട്രഷറി പലിശ കൂടുമോ?

ആർബിഐ 2021 മുതൽ ആറു തവണയാണ് റീപ്പോ നിരക്കു വർദ്ധിപ്പിച്ചത്. 2.5% നിരക്കു വർദ്ധന ഇക്കാലയളവിലുണ്ടായി. പക്ഷെ ട്രഷറി നിക്ഷേപ നിരക്കുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായില്ല. അതേസമയം വിവിധ പദ്ധതി നടത്തിപ്പിലേക്കായി സർക്കാർ 9 ശതമാനത്തിലധികം പലിശ നൽകിയാണ് കെഎഫ്സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു കടമെടുക്കുന്നത്. സർക്കാറിനെ വിശ്വസിച്ച് വിരമിച്ച വേളയിലെ ആനുകൂല്യങ്ങൾ മുഴുവൻ ട്രഷറിയിൽ നിക്ഷേപിച്ച പെൻഷൻകാരാണ് ഏറെ കഷ്ടത്തിലായത്. ഉയരുന്ന നാണ്യപ്പെരുപ്പ നിരക്കിനെ പ്രതിരോധിക്കാൻ നിലവിലെ പലിശനിരക്ക് അപര്യാപ്തമാണെന്ന് അവർ പറയുന്നു. കാര്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് സർക്കാർ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് ട്രഷറി നിക്ഷേപകർ. ട്രഷറി നിക്ഷേപം ആകർഷകമാക്കിയാൽ സർക്കാറിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പരിധി വരെ ആശ്വാസമാകുമെന്നും അവർ കരുതുന്നു.

English Summary : No Interest Rate Hike in Treasury Investments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com