രാജ്യത്തെ പലിശ നിരക്കുകൾ കുറയാനുള്ള സാധ്യത തെളിയുന്നു. നാണ്യപ്പെരുപ്പ നിരക്ക് ആർബിഐയുടെ സഹന പരിധിയായ 6 ശതമാനത്തിനു താഴെ എത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ ദിവസം ആർബിഐ പുറത്തുവിട്ട പണ വായ്പാനയ അവലോകന യോഗത്തിന്റെ മിനിട്ട്സും പലിശ നിരക്കുകൾ കുറയാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആഗോള തലത്തിൽ നില നിൽക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പലിശ നിരക്കുകൾ ഉയർന്ന നിരക്കിൽ തുടരുന്നത് വളർച്ചയ്ക്ക് തടസമാകുമെന്നാണ് ആർബിഐ നിലപാട്. വരും മാസങ്ങളിലും പണപ്പെരുപ്പനിരക്ക് സഹന പരിധിക്കുള്ളിൽ തുടർന്നാൽ നിരക്കുകൾ കുറയ്ക്കുന്ന കാര്യം ആർബിഐ പരിഗണിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു.
16 മാസത്തെ കുറഞ്ഞ നിരക്ക്

2023 മാർച്ചിലെ നാണ്യപ്പെരുപ്പ നിരക്ക് 5.66 ശതമാനമാണ്. ഇത് 16 മാസത്തെ താഴ്ന്ന നിരക്കാണ്. മുൻ വർഷം ഇതേ കാലയളവിൽ 6.95% മായിരുന്നു രാജ്യത്തെ ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള (സിപിഐ ഇൻഫ്ലേഷൻ )പണപ്പെരുപ്പം. സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ശക്തി പകരാൻ ആർബിഐ കുറഞ്ഞ നാണ്യപ്പെരുപ്പത്തെ കൂട്ടുപിടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2023 ജനുവരിയിൽ 6.52% മായിരുന്ന നാണ്യപ്പെരുപ്പ നിരക്ക് ഫെബ്രുവരിയിൽ 6.44% മായി കുറഞ്ഞിരുന്നു. ഈ പ്രവണത തുടർന്നാൽ ഈ സാമ്പത്തിക വർഷം അവസാനത്തോടെ പലിശ നിരക്കുകൾ കുറഞ്ഞു തുടങ്ങുമെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. 2021 നു ശേഷം ആർബിഐ തുടർച്ചയായ 6 തവണയായി റിപ്പോ നിരക്കിൽ 2.5% വർദ്ധിപ്പിച്ചു . കഴിഞ്ഞ ധനനയ അവലോകന യോഗത്തിൽ റീപ്പോ നിരക്ക് മാറ്റമില്ലാതെ 6.50% ൽ നിലനിർത്തുകയായിരുന്നു. അടുത്തു വരുന്ന ഏതാനും അവലോകന യോഗങ്ങളിലും ഈ നില തുടർന്നേക്കും. പിന്നീട് പലിശ നിരക്കുകളുടെ പടിയിറക്കത്തിനാണ് സാധ്യത കാണുന്നത്. റീപ്പോ നിരക്ക് കുറയുന്നതോടെ അത് വായ്പാ – നിക്ഷേപ നിരക്കുകളിലും പ്രതിഫലിക്കും. ഭവന വാഹന വായ്പാ നിരക്കുകൾ കുറയും.
സ്ഥിരനിക്ഷേപം ജനപ്രിയമാകുന്നു
ഏറെക്കാലത്തിനു ശേഷം നിരക്കുകൾ ഉയർന്ന പശ്ചാത്തലത്തിൽ സ്ഥിരനിക്ഷേപങ്ങൾ ആകർഷകമാകുന്നു. പൊതുമേഖലാ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് 7-8 % വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ബന്ധൻ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ആർ ബി എൽ ബാങ്ക്, ഡിസിബി ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് 8 ശതമാനത്തിനു മുകളിൽ പലിശ നൽകുന്നു. സഹകരണ ബാങ്കുകൾ 8.75% വും നൽകുന്നുണ്ട്. അതേസമയം ചില സ്മോൾ ഫിനാൻസ് ബാങ്കുകൾ 9% വരെയും പലിശ വാഗ്ദാനം ചെയ്യുന്നു. പോസ്റ്റോഫീസിൽ സീനിയർ സിറ്റിസൺ ഡെപ്പോസിറ്റ് സ്കീമിലെ നിക്ഷേപങ്ങൾക്ക് 8.2% മാണ് ഏപ്രിൽ 1 മുതലുള്ള പലിശ നിരക്ക്. നിക്ഷേ സുരക്ഷയും സ്ഥിര വരുമാനവും ആഗ്രഹിക്കുന്നവർ ഇപ്പോൾ സ്ഥിര നിക്ഷേപങ്ങൾ പരിഗണിക്കുന്നതിൽ തെറ്റില്ല.
English Summary : Interest Rate may Go Down in Near Future