ADVERTISEMENT

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വ്യക്തിഗത വായ്പാ ആപ്പുകളുടെ കുത്തൊഴുക്ക് തന്നെ സംഭവിച്ചിരുന്നു. പെട്ടെന്ന് ചെറിയ വായ്പകള്‍ ലഭ്യമാക്കുന്ന ഈ ആപ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയും ചെയ്തു. എന്നാല്‍ തിരിച്ചടവ് മുടങ്ങുമ്പോള്‍ ഇതില്‍ പല ആപ്പുകളും സ്വീകരിച്ച നടപടികള്‍ പലരുടെയും ആത്മഹത്യയിലേക്ക് വരെ നയിച്ചു. ഒരേ സമയം ഗുണനിലവാരമുള്ള ആപ്പുകളും നിലവാരം കുറഞ്ഞ ആപ്പുകളും ഈ രംഗത്ത് സജീവമായിരുന്നു.

രണ്ടും കല്‍പ്പിച്ച് ഗൂഗിള്‍

എന്നാല്‍ ആഗോള ടെക് ഭീമനായ ഗൂഗിള്‍, പ്ലേ സ്റ്റോറിലെ ഡിജിറ്റല്‍ വായ്പാ ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണിപ്പോള്‍. 2022ല്‍ മാത്രം 3500 വ്യക്തിഗത വായ്പാ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് ഗൂഗിള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതില്‍ നിരവധി ആപ്പുകളെ പ്ലേസ്റ്റേറില്‍ നിന്ന് നീക്കം ചെയ്തു. 2022 ഓഗസ്റ്റില്‍ മാത്രം 2000ത്തോളം ആപ്പുകളെയാണ് ഗൂഗിള്‍ ബ്ലോക്ക് ചെയ്തത്. ഡിജിറ്റല്‍ വായ്പാ ദാതാക്കള്‍ക്ക് പ്ലേസ്റ്റോറില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തു ഇവര്‍. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിന്ന് ആപ്പുകളെ തടയുകയും ചെയ്യുന്നുണ്ട് ഗൂഗിള്‍.

എന്‍ബിഎഫ്‌സി മല്‍സരം കടുക്കും

ഗൂഗിളിന്റെ നടപടി ബാങ്ക് ഇതര ധനകാര്യ സേവനരംഗത്ത് (എന്‍ബിഎഫ്‌സി) കൂടുതല്‍ മല്‍സരം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. വായ്പാ ആപ്പുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഗൂഗിള്‍ ഇനിയും കടുപ്പിക്കുന്നതോടെ പല ഡിജിറ്റല്‍ കമ്പനികളും എന്‍ബിഎഫ്‌സി ലൈന്‍സിന് അപേക്ഷിക്കാനാണ് സാധ്യത. അതോടെ ഈ രംഗത്ത് മല്‍സരം കടുക്കും. 2022 മാര്‍ച്ച് മാസത്തിലെ കണക്കനുസരിച്ച് 174.3 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ വായ്പാ വിപണി. 

ഭവന, ചെറുകിട, ക്രെഡിറ്റ് കാര്‍ഡ്, ബിസിനസ്, കണ്‍സ്യൂമര്‍, ടൂ വീലര്‍, റീട്ടെയ്ല്‍ വായ്പകളില്‍ എന്‍ബിഎഫ്‌സികളും ഡിജിറ്റല്‍ വായ്പാദാതാക്കളും സജീവമാണ്. വാണിജ്യവായ്പാരംഗത്ത്  പരമ്പരാഗത ബാങ്കുകള്‍ക്കാണ് ശക്തി. വായ്പാ സാധ്യതകള്‍ മുന്‍നിര്‍ത്തി ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ഗെറ്റ് വന്റേജ് അടുത്തിടെ എന്‍ബിഎഫ്‌സി ലൈസന്‍സ് നേടിയിരുന്നു. നിയോബാങ്കിങ് പ്ലാറ്റ്‌ഫോമായ ജൂപ്പിറ്ററും വായ്പാ രംഗത്തേക്ക് കടക്കുന്നതിന്റെ ഭാഗമായി എന്‍ബിഎഫ്‌സി ലൈസന്‍സ് നേടിയിട്ടുണ്ട്.

English Summary : Google is Strict against Digital Loan Apps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com