റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൂടുതൽ ഡോളർ വാങ്ങി കൂട്ടുന്നത് ഇന്ത്യൻ രൂപയുടെ നില പരുങ്ങലിലാക്കുന്നു. അതുകൊണ്ടുതന്നെ രൂപ ഡോളറിനെതിരെ ശക്തി പ്രാപിക്കും എന്ന പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി മൂല്യം കുറയുകയാണ്. ഈ മാസം ആദ്യം രൂപയുടെ മൂല്യം ഉയർന്നപ്പോൾ വീണ്ടും കൂടുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യൻ രൂപയിൽ രാജ്യാന്തര വ്യാപാരം നടത്താൻ സാധിക്കാത്തതിനാലും ഇന്ത്യൻ രൂപയ്ക്ക് രാജ്യാന്തര മാർക്കറ്റിൽ ഡിമാൻഡ് ഇല്ലാത്തതിനാലും ഇന്ത്യയുടെ രാജ്യാന്തര വ്യാപാരം ശക്തമല്ലാത്തതിനാലും വീണ്ടും ഇന്ത്യയ്ക്ക് ഡോളറിനെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്.
ഡീ ഡോളറൈസേഷൻ വേഗത്തിൽ നടപ്പിലാകും എന്നൊരു തിയറി ഈ വർഷം ആദ്യം മുതലേ കേൾക്കുന്നുണ്ടെങ്കിലും സ്ഥിതി വിവര കണക്കുകൾ ഡോളർ ഇപ്പോഴും ശക്തനായി നിൽക്കുന്ന അവസ്ഥയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യം വരും മാസങ്ങളിൽ വീണ്ടും മോശമാകുമെന്നാണ് ഗോൾഡ്മാൻസാക്‌സ് പറയുന്നത്. ഒരു ഡോളറിന് 83 രൂപ വരെ എത്താം എന്നാണ് പ്രവചനം.
English Summary : Rupee May Go Down Further