ADVERTISEMENT

19 ബാങ്കുകളെ കബളിപ്പിച്ച് 6,524 കോടി രൂപയുടെ നഷ്ടം വരുത്തിയതിന് IL&FS ട്രാൻസ്‌പോർട്ടേഷൻ നെറ്റ്‌വർക്ക് ലിമിറ്റഡിനും അതിന്റെ ഡയറക്ടർമാർക്കുമെതിരെ സിബിഐ കേസെടുത്തു. 2016 നും, 2018നും ഇടയിലാണ് തട്ടിപ്പുകൾ നടത്തിയത്. 

പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് എന്നീ ബാങ്കുകളെല്ലാം വായ്പ തട്ടിപ്പിൽ പെട്ടിട്ടുണ്ട്. IL&FS ട്രാൻസ്‌പോർട്ടേഷൻ നെറ്റ്‌വർക്ക് 2018-ൽ പാപ്പരത്തത്തിനായി ഫയൽ ചെയ്ത IL&FS ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമാണ്.

കാനറാ ബാങ്കാണ് ഇതിന്  ഏറ്റവും കൂടുതൽ വായ്പ നൽകിയിരിക്കുന്നത്. ലോൺ അക്കൗണ്ട് 2018-ൽ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയും തുടർന്ന് 2021-ൽ "വഞ്ചന" ആയി തരംതിരിക്കുകയും ചെയ്തു.അനുവദിച്ച വായ്പ വഴി തിരിച്ചു വിടുക, വരുമാനത്തിന്റെയും, ചെലവുകളുടെയും കണക്കുകൾ തെറ്റായി കാണിക്കുക, സഹോദര  സ്ഥാപനങ്ങളുമായി ഫണ്ട് തിരിമറി നടത്തുക എന്നീ രീതികളിലാണ് കള്ളത്തരങ്ങൾ നടത്തിയിരിക്കുന്നത്. ഓരോ വർഷവും പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിനു രൂപയുടെ വായ്പയാണ് ഇതുപോലെ കിട്ടാക്കടമായി മാറുന്നത്.

എന്തുകൊണ്ട് പൊതുമേഖല ബാങ്കുകൾക്ക് കൂടുതൽ കിട്ടാക്കടം?

സ്വകാര്യ മേഖല ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകൾക്ക് നിഷ്ക്രിയ ആസ്തികൾ കൂടുതലുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നിഷ്ക്രിയ ആസ്തി കുറയുന്നുണ്ടെങ്കിലും, പൊതുമേഖലാ ബാങ്കുകൾക്ക് കിട്ടാക്കടം കൂടുതലാണ്. 

ഉടമസ്ഥാവകാശ ഘടന, ക്രെഡിറ്റ് നിബന്ധനകൾ, വ്യവസ്ഥകളും ഉടമ്പടികളും, വായ്പകളുടെ സ്വഭാവം, കടം വാങ്ങുന്നവരുടെ തരം, ബാങ്ക് മാനേജ്‌മെന്റ് രീതികൾ, ബിസിനസ് സൈക്കിളുകൾ എന്നിവയെല്ലാം അവലോകനം ചെയ്താണ് ബാങ്കുകൾ പൊതുവെ വായ്പാ കൊടുക്കുന്നത്. ഈ കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ പല പൊതുമേഖലാ ബാങ്കുകളും, അയഞ്ഞ സമീപനം സ്വീകരിക്കുന്നതാണ് കിട്ടാക്കടം കൂടുന്നതിന് കാരണം. പൊതുമേഖലാ ബാങ്കുകൾ കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ഉള്ളതിനാൽ അവയുടെ പ്രവർത്തനങ്ങളിൽ കൃത്യമായ നിയന്ത്രണം ഉണ്ടാകുന്നില്ല. കൂടാതെ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനത്തിലും, പ്രവർത്തനങ്ങളിലും ജീവനക്കാരും, മാനേജ്മെന്റും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നില്ല. 

ബാഡ് ബാങ്ക് 

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വർധിക്കുന്നത് സമ്പദ് വ്യവസ്ഥക്ക് ദോഷമായതിനാൽ കിട്ടാക്കടങ്ങളെയെല്ലാം 'ബാഡ്  ബാങ്കിലേക്ക്' മാറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്.ബാഡ്ബാങ്കിലേക്ക് കിട്ടാക്കടങ്ങൾ മാറ്റിയാൽ എന്ത് നേട്ടമുണ്ടാകും? 

∙ബാങ്കുകളുടെ ഓഹരി മൂല്യം വർധിക്കും 

∙ബാങ്കുകൾക്ക് കൂടുതൽ ലാഭകരമായ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ ആകും

∙ബാങ്കുകളുടെ  ബാലൻസ് ഷീറ്റ് മെച്ചപ്പെടും

വായ്പകൾ  തിരിച്ചടയ്ക്കാത്തവർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ഇനിയും ഇന്ത്യൻ ബാങ്കിങ് സിസ്റ്റത്തിൽ ബാഡ് ബാങ്കിലേക്ക് മാറ്റേണ്ട നിഷ്ക്രിയ ആസ്തികളുടെ വലുപ്പം വർധിക്കും. കൂടാതെ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികൾ ധാരാളമുള്ള ഇന്ത്യയിൽ ബാഡ് ബാങ്ക് ഒരു ബാഡ് ഐഡിയ ആണെന്ന് വാദിക്കുന്നവരും ധാരാളമുണ്ട്. 

English Summary : CBI Registered case against IL&FS Fraud

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com