ADVERTISEMENT

സാമ്പത്തിക കാര്യത്തില്‍ നോമിനികളുടെ സ്ഥാനം വലുതാണ്, ചെറിയ ഒരു നിക്ഷേപം, ഇന്‍ഷുറന്‍സ് അല്ലെങ്കിൽ ഒരു ബാങ്ക്  അക്കൗണ്ട് തുടങ്ങുമ്പോൾ പോലും അപേക്ഷയുടെ  അവസാനമായി നോമിനിയുടെ വിവരങ്ങള്‍ നല്‍കേണ്ടതായുണ്ട്. നമുക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിക്ഷേപിച്ച തുക എല്ലാം നോമിനിയിലാണ് എത്തിച്ചേരുക. അതിനാല്‍ തന്റെ അഭാവത്തില്‍ ആര്‍ക്കു നിക്ഷേപം ലഭിക്കണം എന്നത് അനുസരിച്ചാകണം നമ്മൾ  നോമിനിയെ നിര്‍ദേശിക്കാന്‍.

നമ്മുടെ ബന്ധുക്കളോ അല്ലെങ്കില്‍ ഏറ്റവും വിശ്വാസമുള്ള ആളുകളെയോ വേണം നോമിനിയായി തിരഞ്ഞെടുക്കാന്‍. അതേസമയം നോമിനിയുടെ വിവരങ്ങള്‍ കൃത്യമായി നല്‍കാതെ പോയാല്‍ അതും ഭാവിയില്‍ വലിയ ബുദ്ധിമുട്ടാകും.

നോമിനേഷന്‍ കോളത്തിൽ ആരുടെ പേര് എഴുതുന്നോ അയാള്‍ക്ക് തന്റെ സമ്പത്ത് മുഴുവന്‍ മരണശേഷം കൈമാറാന്‍ തയാറാണെന്നാണ് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ ആരെ നോമിനിയാക്കണമെന്ന് കൃത്യമായി ശ്രദ്ധിച്ചിരിക്കണം. സാധാരണ കുടുംബാംഗങ്ങളെത്തന്നെയാണ് നോമിനിയായി വെക്കുന്നത്. നോമിനിയെ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ വില്‍പത്ര പ്രകാരമോ നിയമപരമായ അവകാശിയോ ആണെങ്കിലേ നോമിനിക്ക് നിക്ഷേപത്തില്‍ അവകാശമുള്ളൂ. അല്ലെങ്കിൽ  നോമിനി നിക്ഷേപത്തിന്റെ കെയര്‍ടേക്കറും ട്രസ്റ്റിയും ആയിരിക്കും.

∙ നോമിനികളുടെ മുഴുവന്‍ പേര്, വയസ്, വിലാസം, നിങ്ങളുമായുള്ള ബന്ധം എന്നിവ ഉള്‍പ്പെടുത്താൻ മറക്കരുത്.

∙ പ്രായപൂര്‍ത്തിയാകാത്തയാളാണ്‌ നോമിനി എങ്കിൽ, മുതിര്‍ന്ന ഒരാളെ അപ്പോയിന്റീയായി വയ്ക്കണം. ഇയാളുടെ പേര്, വയസ്, വിലാസം, നിങ്ങളുമായുള്ള ബന്ധം എന്നിവയും ഉള്‍പ്പെടുത്തണം. നോമിനിയ്ക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ അപ്പോയന്റീക്ക് എല്ലാ സാമ്പത്തിക അവകാശവും ലഭിക്കും, കൂടെ നോമിനിക്ക് വേണ്ടി ബാക്കി നിക്ഷേപം നടത്തുകയും ചെയ്യണം.

∙ സാമ്പത്തിക ആസ്തികള്‍, അക്കൗണ്ട് ഹോള്‍ഡിങുകള്‍, ലോക്കര്‍ എന്നിവ പ്രത്യേകം പരിശോധിക്കുക.

∙ ഒന്നില്‍ കൂടുതല്‍ നോമിനികളുണ്ടെങ്കില്‍ ഓരോരുത്തരുടെയും വിഹിതം ശതമാനം സഹിതം നല്‍കുക.

ആരെയൊക്കെ നോമിനികളാക്കാം

1. ജീവിത പങ്കാളി

നിക്ഷേപങ്ങള്‍ക്കോ സമ്പത്തിനോ ഉള്ള നോമിനിയായി  ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാവുന്നതാണ്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ പങ്കാളിയ്ക്കും മക്കള്‍ക്കും ഇത് സാമ്പത്തിക സഹായമാകും. വിവാഹിതരായവര്‍ നോമിനിയായി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. നോമിനിയാക്കുന്നവരുടെ വ്യക്തിഗത വിവരങ്ങളും ഒപ്പും നല്‍കണം.

2. മാതാപിതാക്കള്‍

മാതാപിതാക്കളെ നോമിനികളായി വയ്ക്കാം. നിങ്ങള്‍ക്ക് എന്തെങ്കിലും അത്യാപത്ത് സംഭവിച്ചാല്‍ നിങ്ങളുടെ സമ്പത്ത് മാതാപിതാക്കള്‍ക്ക് ലഭിക്കും. മാതാവിനെ മാത്രമോ പിതാവിനെ മാത്രമോ അല്ലെങ്കില്‍ രണ്ടെപേരേയുമോ നോമിനിയായി വയ്ക്കാവുന്നതാണ്.

3. കുട്ടികള്‍

കുട്ടികളെയും നോമിനിയായി പരിഗണിക്കാവുന്നതാണ്. നമ്മുടെ മരണ ശേഷം  സമ്പാദ്യം കുട്ടികളുടെ  മുന്നോട്ടുള്ള ജീവിതം നയിക്കാന്‍ സഹായിക്കും. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും ഇത് ഉപകരിക്കും. കുട്ടികളെയും ഭാര്യ/ അല്ലെങ്കിൽ ഭർത്താവ് എന്നിവരെയും നോമിനി ആക്കുന്നവർ ഇവരുടെ വിഹിതം എത്ര എന്ന് കൃത്യമായി എഴുതണം.

English Summary : Who Should become Nominee for Your Assets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com