ADVERTISEMENT

നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നിങ്ങള്‍ അറിയാതെ പണം പോകുന്നുണ്ടോ. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതു മൂലം പണം നഷ്ടമാകുന്നത് പലപ്പോഴും ഇടപാടുകാർ അറിയാറുമില്ല. സേവിങ്സ് അക്കൗണ്ടാണെങ്കിലും ഗ്രാമ - നഗര - സെമി അര്‍ബന്‍ മേഖലകളിലെ വ്യത്യാസം അനുസരിച്ചും മിനിമം ബാലന്‍സുകളില്‍ മാറ്റമുണ്ടാകും. ഒരേ ബാങ്ക് തന്നെയായാലും ഗ്രാമീണ മേഖലയിലെ അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് പരിധി കുറവും നഗര മേഖലയില്‍ കൂടുതലുമായിരിക്കും. ഈ അക്കൗണ്ടുകളില്‍ കൃത്യമായ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ഉപഭോക്താവിന്റെ പണം നഷ്ടമായിക്കൊണ്ടിരിക്കും. ഇങ്ങനെ ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ട്. 

പിഴകള്‍ പലവിധം

ചില ബാങ്കുകള്‍ പിഴയായി നിശ്്ചിത തുക അഥവാ ഫ്ളാറ്റ് ഫീസാണ്് ചുമത്തുന്നത്. മറ്റു ചില ബാങ്കുകള്‍ മിനിമം ബാലന്‍സിന്റെ ഒരു ശതമാനമാണ് പിഴയായി ഈടാക്കുക. സാധാരണയായി മൂന്നു മാസം കൂടുമ്പോഴോ അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തിലോ ആയിരിക്കും പിഴ ചുമത്തുന്നത്. എച്ച് ഡി എഫ് സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയ ബാങ്കുകളെല്ലാം ഉപഭോക്താക്കള്‍ക്കായി സേവിങ്സ് അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സേവിങ്സ് അക്കൗണ്ടില്‍ ബാങ്ക് നിശ്ചയിച്ചിരിക്കുന്ന മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്നാണ് വ്യവസ്ഥ. ഈ തുക അക്കൗണ്ടില്‍ ഇല്ലാതെ വന്നാല്‍ ബാങ്ക് പിഴ ചുമത്തും. ഓരോ ബാങ്കിന്റെയും മിനിമം ബാലന്‍സ് തുകയും പിഴയും വ്യത്യസ്തമായിരിക്കും. 

എച്ച് ഡി എഫ് സി ബാങ്ക്

INDIA-MERGER-BANKING-HDFC

എച്ച് ഡി എഫ് സി ബാങ്കും അക്കൗണ്ട് ഉടമയുടെ താമസസ്ഥലത്തെ അടിസ്ഥാനമാക്കിയാണ് മിനിമം ബാലന്‍സ് തുക നിശ്ചയിച്ചിരിക്കുന്നത്. നഗര പ്രദേശങ്ങളിലെ അക്കൗണ്ട് ഉടമകള്‍ക്ക് 10,000 രൂപയും സെമി അര്‍ബന്‍ മേഖലയിലുള്ളവര്‍ക്ക് 5,000 രൂപയും ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് 2,500 രൂപയുമാണ് മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്നത്,

ഐ സി ഐ സി ഐ ബാങ്ക്

എച്ച് ഡി എഫ് സി ബാങ്കിന്റേതു പോലെ തന്നെയാണ് ഐ സ ഐ സി ഐ ബാങ്കും മിനിമം ബാലന്‍സിന് പരിധി നിശ്ചയിച്ചിരിക്കുന്നത്. നഗര പ്രദേശങ്ങളിലെ അക്കൗണ്ട് ഉടമകള്‍ക്കായി 10,000 രൂപയും സെമിഅര്‍ബന്‍ മേഖലയ്ക്കായി 5,000 രൂപയും ഗ്രാമീണ മേഖലക്കാര്‍ക്കായി 2,500 രൂപയുമാണ് മിനിമം ബാലന്‍സായിി നിശ്ചയിച്ചിരിക്കുന്നത്.

ആക്‌സിസ് ബാങ്ക്

നഗര പ്രദേശങ്ങളിലെ അക്കൗണ്ട് ഉടമകള്‍ക്ക് ആക്‌സിസ് ബാങ്ക് നിശ്ചയിച്ചിരിക്കുന്ന മിനിമം ബാലന്‍സ് 12,000 രൂപയാണ്. സെമി അര്‍ബന്‍ മേഖലയ്ക്കായി 5,000 രൂപയും ഗ്രാമീണ മേഖലക്കാര്‍ക്കായി 2,500 രൂപയും നിശ്ചയിച്ചിരിക്കുന്നു.

എസ്.ബിഐയില്‍ എങ്ങനെ?

sbi1

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സ് സൂക്ഷിക്കാതിരുന്നാല്‍ ഫ്‌ളാറ്റ് ഫീസായി 50 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ 2022 മാര്‍ച്ച് 11 മുതല്‍ എസ് ബി ഐ എല്ലാ സേവിങ്സ് അക്കൗണ്ടുകള്‍ക്കും മിനിമം ബാലന്‍സ് വേണമെന്ന നിര്‍ബന്ധം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ബേസിക് സേവിങ്സ് അക്കൗണ്ട് (BSBDA) ആണെങ്കില്‍ 300 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. BSBDA അക്കൗണ്ടുകള്‍ക്ക് ചെക്ക് ബുക്ക് സൗകര്യങ്ങള്‍ ലഭ്യമാകില്ല. പ്രായപൂര്‍ത്തിയാകാത്തവരുടെ സേവിംങ്സ് അക്കൗണ്ടില്‍ 250 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്.

പിഴ തുക ഈടാക്കുന്നതില്‍ ബാങ്കുകള്‍ ചിലപ്പോള്‍ മാറ്റങ്ങള്‍ വരുത്താറുമുണ്ട്. ഇങ്ങനെ മാറ്റം വരുത്തുമ്പോള്‍ ബാങ്കുകള്‍ അക്കൗണ്ട് ഉടമകളെ അറിയിക്കുകയും വേണം. ചിലപ്പോള്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്ന കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന പിഴ തുകയില്‍ പിന്നീട് മാറ്റം വന്നിട്ടുണ്ടാകാനും സാദ്ധ്യതയുണ്ട്.

മിനിമം ബാലന്‍സ് പരിധി നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി ജന്‍ധന്‍ യോജന, പെന്‍ഷന്‍കാരുടെ സേവിങ്സ് അക്കൗണ്ടുകള്‍ ശമ്പള അക്കൗണ്ടുകള്‍, അവിവാഹിതരുടെ സേവിങ്സ് അക്കൗണ്ട് പോലെയുള്ള പ്രത്യേക ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയ്‌ക്കൊന്നും ബാങ്കുകള്‍ നിശ്ചയിച്ച മിനിമം ബാലന്‍സ് പരിധി ബാധകമല്ല.

English Summary : You will Lost Money If not Keeping Minimum Balance In Your Bank Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com