500 രൂപ നോട്ടും നിരോധിക്കുമോ, 1000 രൂപയുടെ നോട്ട് തിരിച്ചെത്തുമോ?

HIGHLIGHTS
  • അഞ്ഞൂറിന്റെ നോട്ടും നിരോധിച്ചേക്കുമെന്ന ആശങ്ക
rs-500-indian-currency
Representative Image. Photo. Istock/Credit.Dev Manik
SHARE

പിന്‍വലിച്ച രണ്ടായിരം രൂപയുടെ നോട്ട് കൈമാറാനുള്ള സമയം വരുന്ന സെപ്റ്റംബര്‍ 30 ന് തീരാനിരിക്കേയാണ് അഞ്ഞൂറിന്റെ നോട്ടും നിരോധിച്ചേക്കുമെന്ന ആശങ്ക ഉയരുന്നത്. റിസര്‍വ് ബാങ്കില്‍ നിന്ന് ലഭ്യമാകുന്ന വിവരം അനുസരിച്ച് രണ്ടായിരം രൂപ മാറ്റി വാങ്ങാനുള്ള സമയ പരിധി ഇനി നീട്ടില്ല. അതേ സമയം അഞ്ഞൂറു രൂപയുടെ നോട്ട് നിരോധിക്കാന്‍ യാതൊരു പദ്ധതിയും ഇപ്പോഴില്ലെന്ന് ധനമന്ത്രാലയം ഇന്നലെ (ജൂലൈ 27) ലോക്‌സഭയെ അറിയിച്ചിട്ടുമുണ്ട്.

ആര്‍.ബി.ഐ പറയുന്നത്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത് അനുസരിച്ച്, പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ അഞ്ഞൂറ് രൂപ നോട്ടുകള്‍ വിപണിയില്‍ ധാരാളമുണ്ട്. എന്നാല്‍, വിപണിയില്‍ അഞ്ഞൂറ് രൂപ നോട്ടുകളുടെ വ്യാപനം ആര്‍.ബി.ഐ തുടര്‍ച്ചയായി വിലയിരുത്തി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ആവശ്യമെങ്കില്‍ അതത് സമയങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍.ബി.ഐ പറഞ്ഞുവെച്ചിട്ടുണ്ട്. അതായത്, ഭാവിയില്‍ കള്ളപ്പണം ഗണ്യമായി വര്‍ദ്ധിക്കുകയോ അഞ്ഞൂറ് രൂപ നോട്ടുകളുടെ വിപണി നിലവാരം സുസ്ഥിരമല്ലെന്ന് വ്യക്തമാകുകയോ ചെയ്താല്‍ സാഹചര്യം മാറുമെന്നര്‍ത്ഥം.

കള്ളപ്പണം ഇല്ലാതായോ?

രണ്ടായിരം രൂപയുടെ നോട്ടുകള്‍ വിപണിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ ഉപകാരപ്പെട്ടത് കള്ളപ്പണക്കാര്‍ക്കാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അഞ്ഞൂറു രൂപ നോട്ടുകള്‍ നിരോധിക്കുന്നത് കള്ളപ്പണം തടയാന്‍  ഫലപ്രദമാകില്ലെന്ന് കരുതുന്നവരും ഏറെയാണ്. 2016 ല്‍ നോട്ടു നിരോധനം വന്നതോടെ കള്ളപ്പണമുള്ളവര്‍ വലിയ നോട്ടുകളിലേക്കും മറ്റ് ആസ്തികളിലേക്കും മാറ്റിയിട്ടുണ്ടാകാമെന്നാണ് പറയുന്നത്. 500 രൂപയുടെ നോട്ട് ഒരിക്കല്‍ കൂടി നിരോധിച്ചാല്‍, സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതിനോടൊപ്പം തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്യും.

എന്തായാലും ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് 

2016 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആദ്യമായി നോട്ട് നിരോധനം നടപ്പാക്കിയപ്പോഴാണ് 500, 1000 രൂപ നോട്ടുകള്‍ക്ക് നിരോധനം വന്നത്. പകരം പുറത്തിറങ്ങിയ 2000 ത്തിന്റെ നോട്ടുകള്‍ അന്നു മുതലേ സ്വീകരിക്കാന്‍ പൊതുവില്‍ മടി കാണിച്ചിരുന്നു. കൂലിപണിക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ലോട്ടറി വില്‍പ്പനക്കാര്‍, ചെറുകിട - കുടില്‍ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, സാധാരണക്കാര്‍ എന്നിവരെല്ലാം നോട്ടുനിരോധനത്തിലൂടെ പ്രതിസന്ധിയിലായവരാണ്. എന്നാല്‍ 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാന്‍ സാവകാശം നല്‍കുകയും ചെയ്തു. രണ്ടായിരം നോട്ടുകള്‍ വിപണിയില്‍ നിന്നും അപ്രതൃക്ഷമാകുമ്പോള്‍, 1000 രൂപയുടെ പുതിയ നോട്ടുകള്‍ വരുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ അത്തരം ആലോചനകളൊന്നും നിലവില്ലെന്നാണ് ധനമന്ത്രാലയം പറയുന്നത്.

English Summary : Any Chance to Ban 500 Notes?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS