ADVERTISEMENT

നമ്മുടെ മുന്നോട്ടുള്ള ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ ഏറ്റവും മികച്ച നിക്ഷേപമാർഗങ്ങളിലൊന്ന് സ്ഥിര നിക്ഷേപം തന്നെയാണ്. സുരക്ഷയുടെ കാര്യത്തിലും ഏറ്റവും മികച്ചതും ഏറ്റവും ജനകീയവുമായ നിക്ഷേപ മാര്‍ഗമാണ് സ്ഥിരനിക്ഷേപം. സ്വന്തമായൊരു വീട്, വാഹനം, അല്ലെങ്കില്‍ വിവാഹത്തിന് പോലും സാധാരണക്കാര്‍ തിരഞ്ഞെടുക്കുന്നതും സ്ഥിര നിക്ഷേപമാണ്.ജോലിയുള്ളവര്‍ റിട്ടയര്‍മെന്റ് കാലത്തേക്കായുള്ള സമ്പാദ്യം കൂടുതലും സ്ഥിരനിക്ഷേപമായാണ് കരുതിവെക്കുന്നത്. എന്നാല്‍  ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം നിക്ഷേപം തുടങ്ങാന്‍..

1.  കാലാവധി

ഒരു വര്‍ഷത്തേക്കാള്‍ 10 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നതാണ് ഉചിതം. കാലാവധി കൂടുന്നതിനനുസരിച്ച് ഉയര്‍ന്ന പലിശ നേടാം. ഷോര്‍ട്ട് ടേം (1-3 വര്‍ഷം), മിഡ് ടേം (3-5 വര്‍ഷം), ലോംഗ് ടേം (5-10 വര്‍ഷം) നിക്ഷേപങ്ങള്‍ നടത്താം.

2. സ്ഥാപനത്തെ കുറിച്ച് മനസിലാക്കണം

വെറുതെ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിക്കുന്നത് ബുദ്ധിയല്ല. നിക്ഷേപം തുടങ്ങാന്‍ പോകും മുന്‍പ് ആ സ്ഥാപനത്തെ കുറിച്ച് കൃത്യമായ ധാരണ വേണം. അതായത് റേറ്റിങ്ങുകള്‍ നോക്കി വേണം നിക്ഷേപിക്കാന്‍. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന ചരിത്രം വിലയിരുത്തി റേറ്റിങ് നല്‍കാറുണ്ട്. ക്രിസില്‍ എഫ്എഎ പ്ലസ്, കെയര്‍ എ എ റേറ്റിങുകളാണ് ഏറ്റവും മികച്ചത്. നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇതിലൂടെ കഴിയും.

3. പലിശ നിരക്ക്

സ്ഥാപനങ്ങളില്‍ പലിശ നിരക്കില്‍ വ്യത്യാസം കാണും. അതിനാല്‍ കൂടുതല്‍ പലിശ നിരക്ക് ലഭിക്കുന്നിടത്ത് വേണം സ്ഥിര നിക്ഷേപം തുടങ്ങാന്‍. നിക്ഷേപ കാലാവധി അനുസരിച്ച് 7.10ശതമാനം വരെ സാധാരണ ഇടപാടുകാർക്കും 7.6 ശതമാനം വരെ മുതിര്‍ന്ന പൗരന്‍ന്മാര്‍ക്കും പലിശ നിരക്ക് ലഭിക്കാറുണ്ട്.

കൂട്ടുപലിശയും സാധാരണ പലിശയും സ്ഥിര നിക്ഷേപത്തിന് ബാധകമാകാറുണ്ട്. നിശ്ചിതകാലാവധിക്ക് ശേഷം പലിശയും നിക്ഷേപിച്ച തുകയും ഒരുമിച്ച്  തിരികെയെടുക്കുമ്പോഴാണ് കൂട്ടു പലിശ ലഭിക്കുക. സാധാരണ പലിശയാകുമ്പോള്‍ മാസം തോറുമോ ആറുമാസത്തിലോ വര്‍ഷത്തിലോ നിശ്ചിത പലിശ ലഭ്യമാകും.നിക്ഷേപിച്ച തുക മാത്രം കാലാവധിക്ക് ശേഷം ലഭിക്കും.

4. വായ്പാ സൗകര്യം

വ്യക്തിഗത വായ്പയെക്കാളും ക്രെഡിറ്റ് കാര്‍ഡിനേക്കാളും പലിശ നിരക്ക് കുറവാണ് എന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ മെച്ചം. മറ്റൊരു ഈടും ഇല്ലാതെ വായ്പാ എടുക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമാണിത്. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ സ്ഥിര നിക്ഷേപം പിന്‍വലിക്കാതെ തന്നെ വായ്പ എടുക്കാവുന്നതാണ്. സ്ഥിരനിക്ഷേപത്തിന്റെ പലിശ നഷ്ടമാവുകയും ഇല്ല. കൃത്യസമയത്തു തന്നെ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞാല്‍ ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. 

മൊത്തം സ്ഥിര നിക്ഷേപത്തിന്റെ 90 മുതല്‍ 95 ശതമാനം വരെ വായ്പയായി ലഭിക്കും. നമ്മുടെ സ്ഥിര നിക്ഷേപത്തെ ബാങ്ക് ഒരു ഈടായി കണക്കാക്കുന്നു. 8 മുതല്‍ 9 ശതമാനം വരെ പലിശ നിരക്കില്‍ വായ്പ ലഭിക്കും. വായ്പ ലഭിക്കാന്‍ അധിക സമയം കാത്തിരിക്കേണ്ടതുമില്ല. ബാങ്കിനെ സമീപിച്ചാല്‍ ഉടനെ തന്നെ ലഭിക്കുന്നതാണ്.  റിസ്‌കുകള്‍ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ ബാങ്കുകളും സ്ഥിരനിക്ഷേപ കാലാവധിക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചടവ് നടത്താം. തിരിച്ചടവ് നേരത്തെ നടത്തുമ്പോള്‍ അതിനു ചാര്‍ജുകള്‍ ഒന്നും ഈടാക്കാറില്ല. ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞവര്‍ക്ക് സ്‌കോര്‍ വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് സ്ഥിരനിക്ഷേപത്തിനെതിരെയുള്ള വായ്പ.

5 നികുതി ആനുകൂല്യം

നിക്ഷേപങ്ങളുടെ പലിശ 'മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം' ആയി കണക്കാക്കപ്പെടുന്നു, അതിനാല്‍ പൂര്‍ണ്ണമായും നികുതി വിധേയമാണ്. പലിശ വരുമാനം നിങ്ങളുടെ മൊത്ത വാര്‍ഷിക വരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, നിലവിലുള്ള നികുതി നിയമങ്ങള്‍ പാലിച്ച് നികുതി ബാധ്യത കണക്കാക്കുന്നു.

English Summary: Consider These Things Before Investing in Fixed Deposit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com