ബാങ്കുകളുടെ പലിശ നിരക്ക് കൂടിയ സാഹചര്യത്തിലും പണപ്പെരുപ്പം മുന്നോട്ടു കുതിക്കുകയാണ്. ഈ കുതിപ്പിനെ നേരിടാന്‍ റിസര്‍വ് ബാങ്ക് ഇനിയും പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇതോടെ ഭവന വായ്പകള്‍ ഉള്‍പ്പടെ എല്ലാ വായ്പകളുടെയും പലിശ നിരക്ക് ഇനിയും വര്‍ദ്ധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ വിലക്കയറ്റം മൂലം കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നതിനു പുറമേ ഇ എം ഐയിലും വര്‍ദ്ധനയുണ്ടാവുമെന്നര്‍ത്ഥം. വരും മാസങ്ങളില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സൂചിപ്പിച്ചിട്ടുമുണ്ട്. നിരക്ക് ഇനിയും കൂടിയാല്‍ ഭന വായ്പ എടുത്തവര്‍ക്കും ഉടനെ വായ്പയെടുക്കുന്നവര്‍ക്കും കനത്ത ആഘാതമുണ്ടാക്കും.
സെപ്റ്റംബര്‍ 30നു ശേഷം 2000 രൂപയുടെ കറന്‍സി സൂക്ഷിച്ചാല്‍ പിഴയൊടുക്കേണ്ടി വന്നേക്കാം Read more...
എന്തുകൊണ്ട് പലിശ കൂട്ടുന്നു?
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത്. സാധാരണയായി പലിശ നിരക്കുകള്‍ ഉയര്‍ത്തിയാണ് പണപ്പെരുപ്പത്തിന് കടിഞ്ഞാണിടുന്നത്. കാരണമെന്തായാലും പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത് വായ്പകളെ കൂടുതല്‍ ഭാരമുള്ളതാക്കും. പ്രത്യേകിച്ച് ദീര്‍ഘകാലത്തേക്ക് ഭവന വായ്പ എടുക്കുന്നവരെ കാര്യമായി ബാധിക്കും. ഇ എം ഐ എത്രത്തോളം വര്‍ദ്ധിക്കുമെന്നത് പലിശ നിരക്കിലെ വര്‍ദ്ധനയുടെ തോതും വായ്പയുടെ കാലാവധിയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ചെറിയ നിരക്ക് വര്‍ദ്ധന പോലും ഇ എം ഐകളില്‍ ഗണ്യമായ സ്വാധീനമുണ്ടാക്കും.
എങ്ങനെ നേരിടാം?
∙പലിശ നിരക്ക് ആര്‍ബിഐ ഇനിയും ഉയര്‍ത്തിയാല്‍, അത് മൂലം ഇ എം ഐയില്‍ ഉണ്ടാകുന്ന വര്‍ദ്ധന ബാങ്ക് അധികൃതരുമായി സംസാരിച്ച് വ്യക്തത വരുത്തണം.
∙പ്രതിമാസം എത്ര രൂപയുടെ വര്‍ദ്ധനയുണ്ടാകുമെന്ന് കൃത്യമായി മനസ്സിലാക്കുകയും വേണം.
∙കാര്യമായ മാറ്റം ഇ എം ഐയില്‍ വരുന്നുണ്ടെങ്കില്‍ പുനര്‍ വായ്പയെടുക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണം.
∙വായ്പ എടുക്കുന്ന ആദ്യകാലഘട്ടത്തിനേക്കാള്‍ പലിശ നിരക്കുകള്‍ കുറഞ്ഞിട്ടുണ്ടെങ്കില്‍, പുനര്‍ വായ്പയെടുക്കുമ്പോള്‍ കുറഞ്ഞ പലിശ നിരക്ക് ലഭിക്കുകയും ചെയ്യും. ഇതിലൂടെ ഇ എം ഐയിലും പണം ലാഭിക്കാനാവും.
∙പുതുതായി ഭവന വായ്പ എടുക്കുന്നവര്‍ ഫിക്‌സ് നിരക്കിലും ഫ്ലോട്ടിങ് നിരക്കിലും പലിശ എത്രയാണെന്നത് നിര്‍ബന്ധമായും പരിശോധിക്കണം. മിക്കവാറും ഫിക്‌സ്ഡ് നിരക്കിനേക്കാള്‍ ഫ്ലോട്ടിങ് നിരക്കിലാണ് പലിശയില്‍ ആശ്വാസം ലഭിക്കുക.
∙പുനര്‍വായ്പ എടുക്കുന്നവരും ഇക്കാര്യം ആഴത്തില്‍ പരിശോധിച്ചു വേണം തീരുമാനം എടുക്കാന്‍. ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ പുനര്‍ വായ്പ സംഘടിപ്പിക്കാനായാല്‍ പലിശ നിരക്ക് വര്‍ദ്ധനവില്‍ നിന്നും ഒരു പരിധി വരെ രക്ഷ നേടുകയും ചെയ്യാം.
എന്നാല്‍ ശ്രദ്ധിച്ച് തെരഞ്ഞെടുത്തില്ലെങ്കില്‍ വിപരീത ഫലമുണ്ടാകുമെന്നത് ശ്രദ്ധിക്കുകയും വേണം.
Ennglish Summary : Beware, Interest Rates May Go Up