ഒരു ചായ കുടിച്ചാല്‍ അല്ലെങ്കില്‍ ഒരു മിഠായി വാങ്ങിയാല്‍ പോലും ഇന്ന് യു.പി.ഐ. വഴിയാണ് പണം നല്‍കുന്നത്. പലരും പണം കൊണ്ടുനടക്കാറേയില്ല, യു.പി.ഐ. വഴിയാണ് ഇടപാടുകളെല്ലാം. എന്നാല്‍ ചില സമയങ്ങളില്‍ ഇടപാട് നടത്തുമ്പോള്‍ പണം കൈമാറാന്‍ പലര്‍ക്കും തടസ്സം നേരിടാറുമുണ്ട്.യുപിഐ വഴി പണമിടപാട് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
യുപിഐ ആപ്പ് പരിശോധിക്കുക
ഇടപാടുകള്‍ക്ക് ബാങ്കുകളില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതോ, അംഗീകൃത പേയ്‌മെന്റ് സേവന ദാതാക്കളോ നല്‍കുന്ന ഔദ്യോഗിക യുപിഐ ആപ്പുകള്‍ മാത്രം ഉപയോഗിക്കുക. ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് ഇത് ഒറിജനല്‍ ആണോ എന്ന് പരിശോധിക്കുക
പിന്‍ സുരക്ഷിക്കുക
ഇടപാടുകള്‍ നടത്താന്‍ യുപിഐ പിന്‍ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഈ പിന്‍ രഹസ്യമായിരിക്കണം. ആരുമായും പങ്കിടാന്‍പാടില്ല. ജനനത്തീയതിയോ, എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്ന നമ്പറുകളോ പോലുള്ളവ പിന്‍ നമ്പറായി ഉപയോഗിക്കരുത്. കൂടാതെ ഫോണിലും മറ്റുമായി സേവ് ചെയ്ത് വയ്ക്കരുത്
വിവരങ്ങള്‍ പരിശോധിക്കുക
നിങ്ങള്‍ പണമിടപാട് നടത്തുമ്പോള്‍ അയക്കുന്ന വ്യക്തിയുടെ പ്രൊഫൈല്‍ പരിശോധിച്ച്, തെറ്റില്ലെന്ന് ഉറപ്പുവരുത്തുക. സ്വീകര്‍ത്താവിന്റെ ഡീറ്റൈയ്ല്‍സ് ഒന്നു കൂടി വായിച്ചു കേള്‍പ്പിക്കുക. സ്വീകര്‍ത്താവിന്റെ വിശദാംശങ്ങളില്‍ ചെറിയ പിശക് വന്നാല്‍ പണം മറ്റൊരു വ്യക്തിക്കാണ് ലഭിക്കുക
നെറ്റ് വർക്ക് കണക്റ്റിവിറ്റി
തിരക്ക് പിടിച്ച സാഹചര്യത്തില്‍ പണം പെട്ടന്ന് കൈമാറാന്‍ പറ്റണമെന്നില്ല. അതിനാല്‍ ഇടപാട് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് നല്ല രീതിയിലുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെന്ന് ഉറപ്പാക്കുക. കണക്റ്റിവിറ്റി കുറവാണെങ്കില്‍ ഇടപാടുകള്‍ പരാജയപ്പെടുകയോ, കൂടുതല്‍ സമയമെടുക്കുകയോ ചെയ്യും.
തുക പരിശോധിക്കുക
പണം നല്‍കും മുന്‍പ് തുക കൃത്യമല്ലെയെന്ന് പരിശോധിക്കുക. 100 രൂപയ്ക്ക് പകരം 1000 രൂപ പലരും അറിയാതെ അയക്കാറുണ്ട്. ഇത് ഒഴിവാക്കാനാണ് തുക പരിശോധിക്കേണ്ടത്. ഒരു പൂജ്യം മാറിയാല്‍ വലിയ തുക കൈയ്യില്‍ നിന്ന് പോകും.
രേഖകള്‍ സൂക്ഷിക്കാം
പണമിടപാട് സംബന്ധമായ ഇടപാട് ഐഡികള്‍, തീയതികള്‍, തുകകള്‍ എന്നിവയുള്‍പ്പെടെ യുപിഐ ഇടപാട് വിശദാംശങ്ങള്‍ സൂക്ഷിക്കുക. ഇത് സംബന്ധിച്ച പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉണ്ടായാല്‍ തെളിവായി ഉപയോഗിക്കാം. ആഴ്ചയില്‍ അല്ലെങ്കില്‍ മാസത്തില്‍ പണമിടപാടിന്റെ വിവരങ്ങള്‍ പരിശോധിക്കുക.
വ്യാജസന്ദേശങ്ങള്‍ ഒഴിവാക്കുക
നിങ്ങളുടെ ബാങ്ക് അധികൃതര്‍ എന്ന തരത്തില്‍ വരുന്ന മെസേജ്, ഇമെയിലുകള്‍ അല്ലെങ്കില്‍ കോളുകള്‍ എന്നിവയില്‍ ജാഗ്രത പാലിക്കുക. സംശയമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. പരിചയമില്ലാത്ത വ്യക്തികളില്‍ നിന്നുള്ള പേയ്മെന്റ് അഭ്യര്‍ത്ഥനങ്ങള്‍ തള്ളിക്കളയുക, അവ സ്വീകരിക്കരുത്. ഇത്തരത്തില്‍ പണം വന്നാല്‍ ബാങ്കിനെ അറിയിക്കുക.
English Summary : Know These things while Doing UPI Transactions