ADVERTISEMENT

കൈവശമുള്ള ആയുധങ്ങൾ എത്രയും ഭാവാനാത്മകമായി, എവിടെ, എങ്ങനെ ഉപയോഗിക്കണം എന്നതാണ് ഒരു യോദ്ധാവിന്റെ മിടുക്ക്. റിസർവ് ബാങ്ക് മിടുക്കനായ യോദ്ധാവിനെ പോലെ തങ്ങളുടെ പക്കലുള്ള സി ആർ ആർ (Cash Reserve Ratio) എന്ന ആയുധം ഉചിതവും തന്ത്രപരവുമായി വിലക്കയറ്റം എന്ന ശത്രുവിനെ നേരിടുന്ന മനോഹരമായ രീതിയാണ് ഇന്നത്തെ സാമ്പത്തിക അവലോകത്തിൽ കണ്ടത്.

വിലക്കയറ്റം താൽക്കാലികമെന്ന്

റിപോ നിരക്ക് മാറ്റം ഉണ്ടാവില്ല എന്ന് തന്നെയാണ് പൊതുവെ വിപണിയും ജനങ്ങളും കരുതിയിരുന്നത്. സാമ്പത്തിക അവലോകന കമ്മിറ്റിയും വിപണിയുടെയും ജനങ്ങളുടെയും അഭിപ്രായത്തോട് കൂടെ നിന്ന് കൊണ്ട് നിരക്കുകൾ തൊട്ടില്ല. കൃഷി, ഉത്പാദനം, സേവനം എന്നീ രംഗങ്ങളിലെല്ലാം വളർച്ച കാണിച്ചുകൊണ്ട് രാജ്യം സാമ്പത്തിക ഉണർവ് കാണിക്കുന്ന ഈ സമയത്ത് നിരക്ക് വർദ്ധനവിന് സമ്മർദ്ദമില്ല എന്നാണു ഗവർണർ പറഞ്ഞത്. എന്നാൽ തക്കാളിയുടെയും മറ്റു പച്ചക്കറികൾ , ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ എന്നിവയുടെയും വില വർദ്ധനവ് ഗവർണർ കാണാതിരുന്നില്ല. വിലക്കയറ്റ നിരക്കിൽ ഇത് ഉണ്ടാക്കിയ വർദ്ധനവ് താൽക്കാലികമാണെന്നും നല്ല കാലാവസ്ഥയും മഴയും ഈ സ്ഥിതിക്ക് മാറ്റം വരുത്തും എന്നും റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നു. വിലക്കയറ്റ സൂചിക ഭക്ഷ്യ വസ്തുക്കളുടെ വിലയിൽ വന്നിരിക്കുന്ന ഈ വർദ്ധനവ് ഉയർന്നു തന്നെ ഇരിക്കുമെന്നും കമ്മിറ്റി വിലയിരുത്തുന്നു. എന്നിരുന്നാലും രാജ്യം അടിസ്ഥാനപരമായി വലിയ വളർച്ചക്ക് ഒരുങ്ങി നിൽക്കുന്ന ഈ സമയത്ത് താൽക്കാലികമായ ചില വെല്ലുവിളികൾ മാത്രം മുൻനിർത്തി തീരുമാനങ്ങൾ എടുക്കുന്നത് ഉചിതമല്ല എന്നാണ് കമ്മിറ്റി തീരുമാനിച്ചത്.

പണത്തിന്റെ ലഭ്യത

സാമ്പത്തിക സംവിധാനത്തിൽ എളുപ്പം എടുത്ത് ഉപയോഗിക്കാവുന്ന പണത്തിന്റെ അളവ് (liquidity) വർധിക്കുന്നതാണ് വിലക്കയറ്റത്തിന് ഒരു കാരണം. അത് കൊണ്ട് തന്നെ ലിക്വിഡിറ്റിയുടെ തോതിലും അളവിലും ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ട് വന്നാണ് കേന്ദ്ര ബാങ്കുകൾ വിലക്കയറ്റത്തെ നേരിടുക. റിപോ നിരക്ക് വർദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട ഒരു വഴി. 2000 രൂപയുടെ നോട്ടുകൾ തിരിച്ചു വിളിച്ചത് വഴി ബാങ്കുകളിൽ എത്തിപ്പെട്ടിരിക്കുന്നതിനാൽ കൂടിയ നിക്ഷേപങ്ങൾ വിപണിയിലെ പണത്തിന്റെ ലഭ്യത വർധിപ്പിച്ചിട്ടുണ്ട്. റിപോ നിരക്ക് വർദ്ധിപ്പിക്കാതെ തന്നെ ഈ വിഷയത്തെ നേരിടുവാൻ ബാങ്കുകളിൽ മെയ് മാസം മുതൽ എത്തിയിരിക്കുന്ന അധിക നിക്ഷേപത്തിന്മേൽ (NDTL) സാധാരണയിൽ നിന്ന് 10 ശതമാനം കൂടുതൽ ക്യാഷ് റിസർവ് വെക്കണം എന്ന് ഒരു നിബന്ധനയാണ് ഇന്നത്തെ തീരുമാനം. ഇത് വഴി റിപോ നിരക്ക് വർദ്ധിപ്പിച്ച് സാമ്പത്തിക വളർച്ചയുടെ ഗതിയെ ആശങ്കപ്പെടുത്താതെ റിസർവ് ബാങ്ക് തങ്ങളുടെ ഉത്തരവാദിത്തം നിർവഹിച്ചിരിക്കുന്നു. ഈ തീരുമാനം സെപ്‌റ്റംബർ മാസം എട്ടാം തീയതിയോ വേണ്ടിവന്നാൽ അതിന് മുമ്പോ പുനഃ പരിശോധിക്കാം എന്ന ഉറപ്പും നൽകി.

ലേഖകൻ ബാങ്കിങ് വിദഗ്ധനാണ്

English Summary : RBI Not Touched the Repo Rate but Managed CRR



 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com