ADVERTISEMENT

ഏതെങ്കിലും വായ്പ എടുക്കാനായി ബാങ്കുകള്‍ കയറിയിറങ്ങി മടുത്തിട്ടുണ്ടോ? ആവശ്യമായ രേഖകള്‍ കൊടുത്തിട്ടും പലതവണ വായ്പയ്ക്കായി നടത്തിച്ചിട്ടുണ്ടോ? ഇതൊന്നും ഇനി നടപ്പില്ലെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറയുന്നത്. രാജ്യത്തെ ബാങ്കിങ് സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വേണമെന്ന് ധനമന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ബാങ്കുകള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമായാലേ വായ്പാ നടപടികളും എളുപ്പമാകൂ. ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് നിര്‍മ്മല സീതാരാമന്‍ ഈ സുപ്രധാന കാര്യം ആവശ്യപ്പെട്ടത്. വായ്പ നല്‍കുന്നതിനുള്ള പ്രക്രിയ ഇനി കൂടുതല്‍ ലളിതവും സുതാര്യമാക്കിയേ പറ്റൂയെന്നാണ് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദശം. 

വായ്പ എടുക്കല്‍ എളുപ്പമാകും

ധനമന്ത്രിയുടെ നിര്‍ദ്ദേശം വന്നതിനു പിന്നാലെ ബാങ്കുകള്‍ അടിയന്തരമായി ചില സുപ്രധാന കാര്യങ്ങള്‍ നടപ്പാക്കേണ്ടി വരും. കൂടുതല്‍ സുതാര്യമായ വായ്പകള്‍ അവതരിപ്പിക്കേണ്ടി വരുമെന്ന് മാത്രമല്ല, വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്‌ക്കേണ്ടി വരും. വായ്പയ്ക്ക് അപേക്ഷിച്ചാല്‍, അനുമതി നല്‍കുന്ന പ്രക്രിയ വേഗത്തിലാക്കാനും ബാങ്കുകള്‍ നിര്‍ബന്ധിതരാവും. കൂടാതെ, ഉപഭോക്താക്കളോട് കൂടുതല്‍ സൗഹൃദ മനോഭാവത്തോടെ ഇടപെടുകയും അവര്‍ക്കു വേണ്ട പിന്തുണ നല്‍കുകയും വേണം. ധനമന്ത്രിയുടെ പ്രഖ്യാപനം ഉപഭോക്താക്കളുടെ വലിയ വിജയം തന്നെയാണ്. ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കേണ്ടി വരുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഏറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നിര്‍മ്മല സീതാരാമന്റെ ശ്രദ്ധേയമായ ഈ ഇടപെടല്‍.  സമ്പദ് വ്യവസ്ഥയെ ഈ നിര്‍ദ്ദേശങ്ങള്‍ ശക്തിപ്പെടുത്തുകയും സംരംഭങ്ങള്‍ക്ക് വളരാന്‍ ആവശ്യമായ ധനസഹായം എളുപ്പത്തില്‍ ലഭിക്കുകയും ചെയ്യും.

ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കണ്ടി വരും

ബാങ്ക് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ബാങ്കിങ് സംവിധാനം ലളിതമാക്കിയാല്‍ കൂടുതല്‍ പേര്‍ ബാങ്കുകളിലേക്ക് എത്തുമെന്ന് ധനമന്ത്രിക്ക് ഉറപ്പുണ്ട്. അതുകൊണ്ടു തന്നെ ബാങ്കുകള്‍ ഉപഭോക്താക്കളുടെ സൗകര്യങ്ങള്‍ക്കാണ് ശ്രദ്ധ നല്‍കേണ്ടത്. ഇങ്ങനെയായാല്‍ വായ്പയെടുക്കുന്ന പ്രക്രിയ എളുപ്പമാവും. എല്ലാ മുന്‍നിര ബാങ്കുകളോടും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ക്കെല്ലാം നിര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞു.

എപ്പോള്‍ യാഥാര്‍ത്ഥ്യമാവും?

ധനമന്ത്രി വ്യക്തതയോടെ നിലപാട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കൽ ഏറെ കാലം നീട്ടിക്കൊണ്ടു പോകാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല. കാരണം, ധനമന്ത്രി നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയം കൂടിയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മാറ്റങ്ങള്‍ നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏന്തായാലും ധനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്കായി അപേക്ഷിച്ചവര്‍ക്ക് വീണ്ടും ബാങ്കുകളുമായി ബന്ധപ്പെടാം.

English Summary : Soon You will Get Bank Loans Smoothly

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com