ADVERTISEMENT

ബാങ്കിങ് സംവിധാനം എങ്ങനെ കൂടുതൽ കാര്യക്ഷമമാക്കാം എന്ന് കണ്ടെത്തി ആവശ്യമായ ശുപാർശകൾ നൽകാന്‍ റിസർവ് ബാങ്ക് ചുമതലപ്പെടുത്തിയ കണുൻഗോ കമ്മിറ്റിയുടെ കണ്ടെത്തലുകൾ :

KYC പുതുക്കലും അക്കൗണ്ട് മരവിപ്പിക്കലും

നിശ്ചിത കാലയളവിൽ ഇടപാടുകാരുടെ KYC (ഐഡന്റിറ്റിയും മറ്റും രേഖാമൂലം പരിശോധിച്ചു ബോധ്യപ്പെടുന്ന രീതി) വീണ്ടും പരിശോധിച്ചു രേഖപ്പെടുത്തണം എന്നതാണ് ഇപ്പോഴത്തെ രീതി.  എല്ലാത്തരം ഇടപാടുകൾക്കും, ഇടപാടുകാർക്കും ഇത് ഒരുപോലെയല്ല. ഇതിനായി ഇടപാടുകാരെ റിസ്ക് റേറ്റിങ് നടത്തി വേർതിരിക്കും.  ഉയർന്ന റിസ്ക് ബക്കറ്റിൽ ഉള്ള ഇടപാടുകാരുടെ KYC വീണ്ടും പരിശോധിക്കുന്നത് ആറു മാസത്തിലൊരിക്കലോ മറ്റോ ആണെങ്കിൽ കുറഞ്ഞ റിസ്ക് ബക്കറ്റിൽ ഉള്ള ഇടപാടുകാർക്ക് ഇത് രണ്ടു വര്‍ഷത്തിലൊരിക്കലോ ഒക്കെ മതിയാവും. ഇങ്ങനെ ഇടപാടുകാരെ വേർതിരിക്കുന്നതിൽ പ്രായോഗികമായ നയങ്ങൾ കൈക്കൊള്ളണം എന്ന് കണുൻഗോ കമ്മിറ്റി ശുപാർശ ചെയ്യുന്നു.

കണുൻഗോയുടെ ശുപാർശകൾ വരുമോ? ബാങ്ക് സേവനങ്ങൾ മെച്ചപ്പെടുമോ? Read more...

ശമ്പളക്കാരെയും വിദ്യാർത്ഥികളെയും മറ്റും കുറഞ്ഞ റിസ്ക് ബക്കറ്റിൽ ഉൾക്കൊള്ളിച്ചാൽ മതിയാവും. KYC പുതിക്കിയില്ല എന്ന കാരണത്താൽ ഇപ്പോൾ ബാങ്കുകൾ അക്കൗണ്ടുകൾ മരവിപ്പിക്കുന്നുണ്ട്. അത് ശരിയല്ല എന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെ ഒരു നിയമമോ രീതിയോ റിസർവ് ബാങ്ക് സമ്മതിച്ചിട്ടില്ല. അതിനാൽ KYC പുതുക്കാൻ വേണ്ടി ബാങ്കുകൾ ഇടപാടുകാരെ തുടർച്ചയായി അറിയിച്ചു നടത്തിയെടുക്കണം.  അല്ലാതെ, അക്കൗണ്ട് മരവിപ്പിക്കുവാൻ പാടില്ല.  

ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ചുള്ള ബിസിനസ് വേണ്ട

ഇൻഷുറൻസ് മുതലായ സേവനങ്ങളിൽ റിസർവ് ബാങ്ക് നിശ്ചയിട്ടുള്ള നിബന്ധനകൾ പൂർണമായും പാലിക്കണം.  ഇവ വിൽക്കുന്ന ജോലിക്കാർ ഈ നിബന്ധനകളെക്കുറിച്ചു അറിവുള്ളവരും അത് കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നവരുമാകണം. ഒരു കാരണവശാലും ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് (മിസ്-സെല്ലിങ്)  ഇത്തരം ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വിൽക്കാൻ പാടില്ല.

എ ടി എം ഒരു പോലെ മതി  

ഓരോ ബാങ്കിന്റെയും എ ടി എം ഇപ്പോൾ ഓരോ രീതിയിലാണ് ഇടപാടുകാർക്ക്  നിർദ്ദേശങ്ങൾ കൊടുക്കുന്നതും മറ്റും. സ്‌ക്രീനുകളും നിർദ്ദേശങ്ങളും ഒരേ ക്രമത്തിലും  ഒഴുക്കിലുമല്ല ഉള്ളത്.  ഇത് പലപ്പോഴും ഇടപാടുകാർക്ക് അസൗകര്യമാണ്.  അതിനാൽ എല്ലാ എ ടി എമ്മുകളുടേയും പ്രവർത്തനവും സ്‌ക്രീനിന്റെ ക്രമവും മറ്റും  ഒരേ രീതിയിൽ ആയിരിക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.  

അവകാശികളെ വെക്കാത്ത നിക്ഷേപങ്ങൾ

അവകാശികളെ വെക്കാത്ത നിക്ഷേപങ്ങൾ, ഇടപാടുകാരന്റെ മരണശേഷം യഥാർത്ഥ അവകാശികൾക്ക്‌ തിരിച്ചു നൽകുന്നതിനുള്ള നടപടികൾ ഇപ്പോഴും ദുഷ്കരമാണ്.  ഈ വിഷമങ്ങൾ ഒഴിവാക്കുവാൻ നിക്ഷേപങ്ങൾ സ്വീകരിക്കുമ്പോൾ തന്നെ നോമിനിയെ കൂടെ വെക്കണമെന്ന് റിസർവ് ബാങ്ക് ബാങ്കുകളെ ഉപദേശിച്ചിട്ടുണ്ട്. എന്നാൽ ഇത് എല്ലായ്‌പോഴും പാലിക്കപ്പെടുന്നില്ല.  പുതിയ എല്ലാ നിക്ഷേപങ്ങൾക്കും നിർബന്ധമായും നോമിനിയെ വെക്കണം എന്ന് ബാങ്കുകൾക്ക് നിർദ്ദേശം കൊടുക്കുവാനും അത് പൂർണമായും നടപ്പിലാക്കാനുമുള്ള ചുമതല ബാങ്കുകൾക്ക് തന്നെ നൽകാനുമാണ് കമ്മിറ്റിയുടെ ശുപാർശ.  മാത്രമല്ല, നിലവിലുള്ള നിക്ഷേപങ്ങളിൽ നോമിനി ഇല്ലാത്തത് മൂന്ന് വർഷത്തിനുള്ളിൽ നോമിനിയെ വയ്ക്കണമെന്നും ശുപാർശ ചെയ്യുന്നു.  നോമിനിക്ക് നിക്ഷേപം തിരിച്ചു നൽകാൻ അവർ നേരിട്ട് ബാങ്കിൽ വരാൻ നിര്ബന്ധിക്കാതെ ആവശ്യമായ ഐഡന്റിഫിക്കേഷനും മറ്റും ഓൺലൈൻ ആയി ചെയ്ത് പൂർത്തീകരിക്കണമെന്നും, നോമിനി ഇല്ലാത്ത നിക്ഷേപങ്ങളിൽ ഇടപാടുകാർ മരണപ്പെട്ടാൽ അവരുടെ അവകാശികൾക്ക്‌ നിക്ഷേപം തിരിച്ചു നൽകാനുള്ള കടലാസുപണികളും മറ്റും ഓൺലൈൻ ആയി സമയബന്ധിതമായി  പൂർത്തീകരിച്ച് പണം നൽകണമെന്നും അവർ ബാങ്കിൽ നേരിട്ട് വരണമെന്ന് നിര്ബന്ധിക്കരുതെന്നും റിപ്പോർട്ടിൽ ഉണ്ട്.  സാങ്കേതിക വിദ്യയുടെ ഉപയോഗവും പ്രയോജനവും ബാങ്കിന്റെ സൗകര്യത്തിനും ഗുണത്തിനും മാത്രമായി കാണരുതെന്നും ഇത് ഇടപാടുകാർക്കും സൗകര്യപ്പെടുന്നവിധമുള്ള മാറ്റങ്ങൾ ബാങ്കിങ് സംവിധാനങ്ങളിലും സേവനങ്ങളിലും കൊണ്ടുവരണമെന്നും (two-way process) കമ്മിറ്റി അഭിപ്രായപ്പെടുന്നു.  

ബാങ്കുകളിലെ ഇന്റേണൽ ഓംബുഡ്സ്മാൻ സംവിധാനം പരാജയമോ?

ബാങ്കുകളിലെ ഇന്റെർണൽ ഓംബുഡ്സ്മാൻ സംവിധാനത്തിന്റെ പ്രവർത്തനങ്ങളിൽ കമ്മിറ്റി വലിയ ആശങ്കയാണ് കാണിച്ചിട്ടുള്ളത്.  ഈ സംവിധാനത്തിന് അത് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുവാൻ കഴിയുന്നില്ല. പരാതിയുടെ സ്വഭാവം വിശദമായി പഠിച്ചും വിശകലനം ചെയ്തും നിലവിലുള്ള നയ രേഖകളുടെ അടിസ്ഥാനത്തിലും ഇടപാടുകാരുടെ അവകാശങ്ങൾ മുൻ നിർത്തിയും തുല്യതയും നീതിയും ധാർമ്മികതയും നിലനിർത്തി സ്വതന്ത്രമായി തീരുമാനം എടുക്കുവാൻ ഉത്തരവാദിത്തമുള്ള ഇന്റേണൽ ഓംബുഡ്സ്മാൻ പലപ്പോഴും ബാങ്കുകൾക്ക് അനുകൂലമായ തീരുമാനമെടുക്കുന്നു.  അതിന് ഒരു കാരണം ഇന്റേണൽ ഓംബുഡ്‌സ്മാനുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും അതതു ബാങ്കുകൾ നല്‍കുന്നതാവാം എന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.  ഈ രീതി മാറി, ഇന്റെർണൽ ഓംബുഡ്‌സ്മാനുള്ള ശമ്പളവും ആനുകൂല്യങ്ങളും ഇന്ത്യൻ ബാങ്ക്സ് അസ്സോസിയേഷനോ റിസർവ് ബാങ്ക് നേരിട്ടോ നൽകുന്നത് നന്നായിരിക്കും. പരാതികളുടെ എണ്ണത്തിന്  ആനുപാതികമായി ഈ ചെലവ് അതത് ബാങ്കുകളിൽ നിന്ന് ഈടാക്കാം.   

പരാതി പരിഹാരത്തിന് പൊതുവായ പോർട്ടൽ

ഇപ്പോൾ ഓരോ ബാങ്കിലെയും ഇടപാടുകാർ അതതു ബാങ്കുകളുടെ പരാതി പരിഹാര സംവിധാനത്തിലാണ് പരാതി നൽകുന്നത്.  ഇതിനു പകരം എല്ലാ ബാങ്കിലെയും ഇടപാടുകാർക്ക് പരാതി നൽകാൻ കഴിയുന്ന വിധം ഒരു പോർട്ടൽ റിസർവ് ബാങ്ക് കൊണ്ടുവരുന്നത് പരാതി പരിഹാര സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും.

പരാതികൾ സമയബന്ധിതമായി തീർക്കണം.  അതിനു വേണ്ട ഏകദേശ സമയം പരാതിക്കാരെ അറിയിക്കണം.  ആ വിധം തീർക്കാൻ താമസമുണ്ടെങ്കിൽ അതിന്റെ കാരണം പരാതിക്കാരെ അറിയിക്കണം.  

ജോലിക്കാർക്ക് പരിശീലനം നൽകണം

പരാതികൾ നയപരമായും സമയബന്ധിതമായും പരിഹരിക്കുന്നതിനുള്ള അറിവ്  ആ ഉത്തരവാദിത്തം ഉള്ള ജോലിക്കാർക്ക് ഉണ്ടാവണം.  അതിന് വേണ്ട പരിശീലനം ജോലിക്കാർക്ക് നൽകണം.  

ഇടപാടുകാർ റേറ്റിങ് നൽകട്ടെ

തങ്ങൾക്ക് ലഭിച്ച സേവനത്തിന്റെ ഗുണത്തെക്കുറിച്ച് തത്സമയം തന്നെ റേറ്റിങ് ചെയ്യാനുള്ള സംവിധാനം ബാങ്കുകളുടെ കൗണ്ടറിൽ തന്നെ ഉണ്ടായിരിക്കണമെന്നും കൂടെ ശുപാർശയിൽ ഉണ്ട്.

ശുപാർശകൾ നടപ്പിലാക്കുമ്പോഴാണ് സേവനം മെച്ചപ്പെടുക  

ചുരുക്കി പറഞ്ഞാൽ ബാങ്കുകളുടെയും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും സേവന മുഖത്ത് കാതലായ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ ഉതകുന്ന ശക്തമായ ശുപാർശകളാണ് കണുൻഗോ കമ്മിറ്റി നൽകിയിരിക്കുന്നത്.  ഈ ശുപാർശകൾ ഇടപാടുകാർക്ക് തങ്ങൾക്ക് അവകാശപ്പെട്ട മികച്ച സേവനം ലഭ്യമാകും.  

സാമ്പത്തിക മാനങ്ങളും രീതികളും നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുമ്പോഴും ഇടപാടുകാർക്ക് ലഭിക്കേണ്ട മികച്ച സേവനങ്ങളെ കുറിച്ചുള്ള അടിസ്ഥാനമൂല്യങ്ങൾക്ക് മാറ്റം വരുന്നില്ല.  ഇടപാടുകാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം, ഇടപാടുകളിലും ഇടപെടലുകളിലും സുതാര്യത വേണം,  സത്യസന്ധത പുലർത്തണം, സേവനങ്ങൾക്ക് ന്യായമായ രീതിയിൽ മാത്രമേ ഫീസോ ചാർജോ പലിശയോ  ഈടാക്കാവൂ, ഉത്തരവാദിത്തത്തോടുകൂടിയേ ബിസിനസ് ചെയ്യാവൂ, ഇടപാടുകാരുടെ വിവരങ്ങൾ കരുതലോടെ, ശ്രദ്ധയോടെ, രഹസ്യമായി സൂക്ഷിക്കണം എന്നതെല്ലാം എല്ലാ കാലത്തും പ്രസക്തമാണ് എന്നാണ് റിസർവ് ബാങ്ക് ഗവർണ്ണർ ശക്തി കാന്ത ദാസ് കഴിഞ്ഞ ഒക്ടോബറിൽ ജോധ്പൂരിൽ നടന്ന റിസർവ് ബാങ്കിലെ ഓംബുഡ്സ്മാൻമാരുടെ വാർഷിക സമ്മേളനത്തിൽ ഓർമ്മിപ്പിച്ചത്.  അത് തന്നെയാണ് കണുൻഗോ കമ്മിറ്റിയും കണ്ടെത്തിയത്.

ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ് ലേഖകൻ

English Summary : Know more about Kanungo Committee Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com