ADVERTISEMENT

നിങ്ങൾക്ക് ഒരു എമർജൻസി ഫണ്ട് ഉണ്ടായിരിക്കണം, സമീപകാലത്തായി ഫിനാൻഷ്യൽ അഡ്വൈസർമാർ നിരന്തരം നൽകുന്ന ഉപദേശമാണിത്. അത്തരം ഫണ്ടിന്റെ പ്രാധാന്യം മനസ്സിലാക്കാതിരുന്നവർക്ക് കോവിഡ് പ്രതിസന്ധിയിൽ ഇതിന്റെ അർഥം ശരിക്കും പിടികിട്ടി. എന്നാൽ, ജോലി പോകാനോ ശമ്പളം കുറയാനോ ഉള്ള സാധ്യത മുന്നിൽ കണ്ടു പെട്ടെന്ന് എടുക്കാനാകുംവിധം പലരും സേവിങ്സ് ബാങ്ക് അക്കൗണ്ടിലാണ് എമർജൻസി ഫണ്ട് സൂക്ഷിക്കുക.

എന്നാൽ, സ്ഥിര നിക്ഷേപ പലിശ ഉയർന്നിരിക്കുന്നതിനാൽ അത് അവഗണിച്ച് എസ്ബിയിൽ വലിയ തുക കരുതുന്നത്, ലഭിക്കേണ്ട ഉയർന്ന വരുമാനത്തിന് നാം തന്നെ തടസ്സം നിൽക്കുന്നതിനു തുല്യമാണ്. സ്ഥിര‌നിക്ഷേപത്തിൽ തുടർന്നു കൊണ്ട് ഉയർന്ന വരുമാനം നേടുന്നതിനൊപ്പം ഏതു സമയവും പണം പിൻവലിക്കാനുള്ള സൗകര്യവും ലഭ്യമാണെങ്കിലോ? അത്തരം അവസരമാണ് എഫ്ഡിയിലുള്ള വായ്പ തുറന്നു തരുന്നത്. രണ്ടു തരത്തിൽ ഈ വായ്പ ലഭ്യമാക്കാം.

1. ഓവർഡ്രാഫ്റ്റ്

സ്ഥിരനിക്ഷേപത്തിന്റെ ഈടിൻമേൽ ഒരു ഓവർഡ്രാഫ്റ്റ് ആയി ഒരു ലിമിറ്റ് നിശ്ചയിക്കാം. ഉദാഹരണത്തിന്, 2 ലക്ഷം രൂപ എഫ്ഡിയിൽ ഉള്ള ഒരാൾക്ക് 1,80,000 രൂപ വരെയുള്ള ഒരു ഓവർ ഡ്രാഫ്റ്റ് (ഒഡി) എടുത്തിടാം. ആവശ്യം വന്നാൽ ഈ പരിധിക്കുള്ളിൽ പണം പിൻ‍വലിക്കാം. എടുക്കുന്ന തുകയ്ക്ക് എടുക്കുന്ന നാളുകളിലേക്കു മാത്രം പലിശ നൽകിയാൽ മതി, പണം കയ്യിൽ വരുന്ന മുറയ്ക്കു തിരിച്ചടയ്ക്കുകയും ചെയ്യാം എന്നതാണ് ഇതിന്റെ മെച്ചം. നിങ്ങൾ ആദ്യം 1,80,000 രൂപ പിൻവലിച്ച ശേഷം പിന്നീട് 50,000 രൂപ ഒഡി അക്കൗണ്ടിൽ തിരികെ നിക്ഷേപിച്ചു എന്നിരിക്കട്ടെ. വീണ്ടും ആവശ്യം വന്നാൽ ഇതേ ഒഡിയിൽ നിന്ന് 1,80,000 രൂപയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് (ഇവിടെ 50,000 രൂപ വരെ ) പിൻവലിക്കാം. ഒരിക്കൽ ഒഡി ലിമിറ്റ് എടുത്തിട്ടാൽ പിന്നീട് ബാങ്കിൽ പോകാതെ എത്ര തവണ പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കും. 

2. ഈടിൻമേൽ വായ്പ

എഫ്ഡിയുടെ ഈടിൻമേൽ വായ്പ എടുക്കുകയാണ് രണ്ടാമത്തെ വഴി. രണ്ടു ലക്ഷം രൂപ എഫ്ഡിയിൽ 1,80,000 രൂപ വരെ ലോൺ ലഭിക്കും. മുഴുവൻ തിരിച്ചടച്ചാൽ ഇതേ ഈടിൻ വീണ്ടും ലോൺ എടുക്കാം. പക്ഷേ, എടുത്ത വായ്പ തിരിച്ചടച്ചിട്ട് ഒഡിയിലെപ്പോലെ ഇതേ ലോൺ അക്കൗണ്ടിൽ നിന്നു വീണ്ടും പണം പിൻവലിക്കാനാവില്ല. വീണ്ടും വായ്പ നടപടികൾ പൂർത്തിയാക്കണം

എത്ര എടുക്കാം ? പലിശ എത്ര ? 

∙ സാധാരണ എഫ്ഡിയിലുള്ള ബാലൻസിന്റെ 90% വരെ വായ്പയായി നൽകും. കാലാവധി 2 വർഷത്തിൽ താഴെ ആണെങ്കിൽ 95% വരെ നൽകുന്ന ബാങ്കുകളുമുണ്ട്. 

∙ നിക്ഷേപത്തിനു ലഭിക്കുന്ന പലിശയെക്കാൾ 1% അധികമാണ് പൊതുവേ ഈടാക്കുക. 

∙ മാർജിനിലും പലിശയിലും ബാങ്കുകൾ തമ്മിൽ വ്യത്യാസം ഉള്ളതിനാൽ ബ്രാഞ്ചിലോ വെബ്സൈറ്റിലോനിന്ന് ഇക്കാര്യങ്ങൾ അറിയണം. 

ഏതെല്ലാം എഫ്ഡികൾ? 

സ്വന്തം പേരിൽ ഒരു ബാങ്കിലുള്ള ടാക്സ് സേവർ നിക്ഷേപം ഒഴികെയുള്ള സ്ഥിരനിക്ഷേപങ്ങൾ– ഡൊമസ്റ്റിക് ഫിക്സഡ് ഡിപ്പോസിറ്റ്, എൻആർഇ ഡിപ്പോസിറ്റ് , റെക്കറിംഗ് ഡിപ്പോസിറ്റ് ഒക്കെ– ഈടായി നൽകാം.എഫ്സിഎൻആർ, എൻആർഒ അക്കൗണ്ടുകളും ഈടായി നൽകാം. പക്ഷേ എഫ്സിഎൻആറിൽ കറൻസി ഇന്ത്യൻ രൂപയിൽ അല്ലാത്തതിനാലും, എൻആർഒയിൽ കിട്ടുന്ന പലിശയ്ക്ക് നികുതി ബാധ്യത അധികമായതിനാലും കൂടുതൽ മാർജിൻ കുറച്ചേ വായ്പത്തുക അനുവദിക്കൂ. മറ്റൊരാളുടെ എഫ്ഡി–മറ്റാരുടെയെങ്കിലും പേരിലുള്ള എഫ്ഡിയിലും അവരുടെ അനുമതിയോടെ ബാങ്കിന് ലോൺ തരാനാവും.  ഈ തേർഡ് പാർട്ടി ലോണിനുപലിശ അൽപം കൂടുതലായിരിക്കും. നിക്ഷേപകന്റെ അനുമതി, എഫ്ഡി രസീത് എന്നിവയ്ക്കൊപ്പം എന്ന ലളിതമായ നടപടികളേ ഇവിടെയുള്ളൂ.

മെച്ചങ്ങൾ പലത്

എഫ്ഡി മുൻ‌കൂർ പിൻവലിക്കുമ്പോഴുണ്ടാകുന്ന വലിയ നഷ്ടത്തിൽ നിന്ന് ഈ വായ്പകൾ നിങ്ങളെ രക്ഷിക്കും. കാര്യങ്ങളെക്കുറിച്ചറിഞ്ഞു ഉചിതമായ തീരുമാനമെടുക്കാനായാൽ അവിചാരിതമായി ഉണ്ടായേക്കാവുന്ന നഷ്ടങ്ങൾ ഒഴിവാക്കാനാകും. രണ്ട് ഉദാഹരണങ്ങൾ പരിശോധിക്കാം. 

1. എൻആർഐ സ്ഥിരനിക്ഷേപം

എൻആർഐ സ്ഥിരനിക്ഷേപം ഒരു വർഷം കാലാവധി പൂർത്തിയാകും മുൻപു പിൻവലിച്ചാൽ ഒരു രൂപ പോലും പലിശയായി ലഭിക്കില്ല. ഇക്കാര്യം അറിയാതെ പലരും എഫ്ഡി പിൻവലിച്ച് വലിയ നഷ്ടം സഹിക്കേണ്ടിവരുന്നുണ്ട്. പത്തു ലക്ഷം രൂപ 8% നിരക്കിൽ എൻആർഐ സ്ഥിര നിക്ഷേപത്തിലിട്ട ഒരാൾക്ക് 11–ാം മാസം മകളുടെ അഡ്മിഷൻ സമയത്തു പണം ആവശ്യം വന്നു. ഈ നിക്ഷേപം പിൻവലിച്ചപ്പോൾ അതുവരെയുള്ള പലിശ (പിഴ പലിശ കഴിഞ്ഞുള്ളത്) ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, അക്കൗണ്ടിൽ 10 ലക്ഷം മാത്രമാണ് വന്നത്. നഷ്ടം ഏതാണ്ട് 75,000 രൂപയോളം. 

പകരം ഇവിടെ അദ്ദേഹം ഈടിന്മേൽ ലോൺ എടുത്തിരുന്നെങ്കിലോ? കാലാവധി പൂർത്തിയാകാൻ ഒരു മാസം മാത്രമായതിനാൽ അക്കൗണ്ട് ബാലൻസിന്റെ 95% വരെ ലോൺ കിട്ടും. പലിശ ഉൾപ്പെടെ അക്കൗണ്ടിൽ 10,75,000 രൂപ ഉണ്ടെങ്കിൽ 10,21,000 രൂപ വരെ വായ്പ എടുക്കാം. 9% നിരക്കിൽ 7,658 രൂപ ബാക്കി ഒരു മാസത്തെ പലിശ നൽകേണ്ടിവരും. നിക്ഷേപത്തിനു കിട്ടേണ്ട മുഴുവൻ പലിശയും അറിവില്ലായ്മകൊണ്ടു നഷ്ടപ്പെടുത്തിയത്.

2 ഡൊമസ്റ്റിക് ഡിപ്പോസിറ്റ്

ഇനി നാട്ടിലുള്ള വ്യക്തിയുടെ എഫ്ഡിയുടെ കാര്യം എടുക്കാം. കാലാവധിക്കു മുൻപു പിൻവലിച്ചാൽ ബാങ്ക് പിഴ ഈടാക്കും. 10,00000 രൂപ നിക്ഷേപിക്കുമ്പോൾ പലിശനിരക്ക് താഴെ കാണും വിധമാണെന്ന് കരുതുക. 

1–3 മാസം വരെ – 4 %, 3 –6 മാസം വരെ - 5 %

6 മാസം –1 വർഷം - 6%, 1 വർഷം- 8 % 

ഇതുപ്രകാരം എഫ്ഡി ഇട്ട് 11 മാസം ആയപ്പോൾ പിൻവലിച്ചാൽ 5% പലിശ മാത്രമേ നിങ്ങൾക്കു കിട്ടൂ. കാരണം, ഒരു വർഷത്തിനു താഴെ ചട്ടപ്രകാരം പലിശ 6%. ഇതിൽനിന്നു മുൻകൂർ പിൻവലിക്കുന്നതിന്റെ 1% പിഴപലിശ കുറച്ചാൽ 5 % മാത്രം. നഷ്ടം 11 മാസത്തേക്ക് 3% വച്ച് 27,500 രൂപ.

ഇനി എഫ്ഡി പിൻവലിക്കാതെ വായ്പ എടുത്താലോ? ലോണിന് ഒരു ശതമാനം അധിക പലിശ –833 രൂപ ഒരു മാസത്തേക്കു നൽകിയാൽ മതി. 10,00,000 രൂപ നിക്ഷേപിച്ച് ഒരു മാസത്തിനു ശേഷം പണം ആവശ്യം വന്നാലോ ? എഫ്ഡി പിൻവലിച്ചാൽ 10,00,000 രൂപയ്ക്കു 3% നിരക്കായിരിക്കും ലഭിക്കുക. നഷ്ടം 1 മാസത്തേക്ക് 5%. ഇനി ഇവിടെ ലോൺ എടുത്താലോ ? 1% അധിക പലിശ 11 മാസത്തേക്കു നൽകേണ്ടിവരും. അതായത് കാലയളവിനു അനുസരിച്ച് കൃത്യമായി കണക്കു കൂട്ടി തീരുമാനത്തിലെത്തണം.

English Summary: Benefits Of Overdraft And Loans Against Fixed Depost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com