ADVERTISEMENT

നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വിലക്കയറ്റം 5.4 ശതമാനത്തിൽ പിടിച്ചു നിർത്താൻ കഴിയുമെന്നാണ് റിസർവ് ബാങ്ക് കരുതുന്നത്. സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതും തുടർച്ചയായി വിലയിരുത്തുന്നതും ഇത് മുൻനിർത്തിയാണ്. എന്നാൽ ഈ വർഷം ഇതുവരെയുള്ള കണക്കുകൾ കാണിക്കുന്നത് ഈ ലക്‌ഷ്യം കൈവരിക്കാൻ വലിയ പരിശ്രമം വേണ്ടിവരുമെന്നാണ്.  ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് വിലക്കയറ്റം 6.8 ശതമാനമാണ്. കേന്ദ്രബാങ്ക് ആഗ്രഹിക്കുന്ന നാല് ശതമാനത്തിൽ നിന്ന് ഉയരെയാണ് ഇത്.  മാത്രമല്ല നടപ്പു സാമ്പത്തിക വർഷത്തെ ലക്ഷ്യത്തിലും അകലെയാണ്.  

ഭക്ഷ്യ വസ്തുക്കളുടെ, പ്രത്യേകിച്ച് തക്കാളിയുടെയും മറ്റും  വിലയിൽ വന്ന വർദ്ധനവാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി കഴിഞ്ഞ സാമ്പത്തിക അവലോകന സമയത്ത് എടുത്തു പറഞ്ഞത്.  നല്ല മഴയും വിളവും ലഭിക്കുന്ന  മുറക്ക് ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നും വിലക്കയറ്റം കുറയുമെന്നും ആണ് അന്ന് വിലയിരുത്തിയത്.  മഴയിലും വിളവിലും പ്രതീക്ഷിച്ചത്ര വർദ്ധനവ് ഉണ്ടായില്ലായെങ്കിലും ഓഗസ്റ്റിൽ വിലക്കയറ്റം ഏഴു ശതമാനത്തിന് താഴെയെത്തി. വിലക്കയറ്റം പതുക്കെ കുറയുമെന്നും സെപ്റ്റംബർ മാസം അവസാനിക്കുമ്പോൾ 5.5 ശതമാനത്തിൽ എത്തുമെന്നും ചില പ്രവചനങ്ങൾ ഉണ്ട്.  അങ്ങനെ വന്നാൽ അതും നല്ലത് തന്നെ.  

മറുവശം കാണാതിരിക്കാമോ?

പക്ഷെ അതിനിടെ രാജ്യാന്തര സാമ്പത്തിക രംഗത്ത് ഉണ്ടായ പ്രധാനപ്പെട്ട ചില മാറ്റങ്ങൾ ഈ പ്രതീക്ഷയെ ബലപ്പെടുത്തുന്നതല്ല.  ഒന്ന്, ക്രൂഡ് ഓയിലിന്റെ വിലയിൽ ഉണ്ടായ വർധനവാണ്.  കഴിഞ്ഞ പത്തുമാസത്തെ ഏറ്റവും കൂടിയ നിലയിലാണ് ക്രൂഡ് ഓയിലിന്റെ വില.  കഴിഞ്ഞ ഒരു മാസത്തിനിടയിൽ പത്തു ശതമാനം വർദ്ധിച്ച് ബാരലിന് 94 ഡോളർ എന്ന നിലയിൽ എത്തിയിരിക്കുന്നു. യുദ്ധവും ഒപെക് രാജ്യങ്ങൾ കൈകൊണ്ടിരിക്കുന്ന നിലപാടുകളും ഓയിലിന്റെ വിലയിൽ ഇനിയും വർദ്ധനവ് ഉണ്ടാകാം എന്ന സൂചനയാണ് നൽകുന്നത്.  ഇത് ഇന്ത്യൻ രൂപയുടെ ആഗോളതലത്തിലെ ശക്തി കുറയ്ക്കും. 

രണ്ട്, ഫെഡ് നിരക്കിനെ കുറിച്ചുള്ള വിലയിരുത്തലുകളാണ്. വിലക്കയറ്റം ഇപ്പോഴും ഉയർന്നുതന്നെയാണെങ്കിലും തൽക്കാലം നിരക്ക് വർദ്ധിപ്പിക്കുന്നില്ല എന്ന നിലപാടാണ് ഇപ്പോൾ ജെറോം പവൽ എടുത്തിരിക്കുന്നത്. സാമ്പത്തിക വളർച്ചയ്ക്കനുകൂലമായ തീരുമാനമായാണ്  ഇതിനെ കാണുന്നത്. പക്ഷെ, ഈയൊരു തീരുമാനത്തിൽ തന്നെ തുടർന്നും നിൽക്കാൻ സാധിക്കുന്ന സാഹചര്യം ആയിട്ടില്ലെന്നും ഈ വർഷം അവസാനിക്കുമ്പോഴേക്കും നിരക്കുകൾ ഉയർത്തേണ്ട സാഹചര്യം കാണുന്നുവെന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തൽ.  ഈ നിലപാടിൽ ഡോളർ കെൽപ് കാണിച്ചു തന്നെ നിൽക്കുകയാണ്.  

സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തും

∙മറ്റു രാജ്യങ്ങളെക്കാൾ മെച്ചപ്പെട്ട നിലയിൽ ആഭ്യന്തര വളർച്ച തുടരുകയാണ് ഇന്ത്യ. രാജ്യാന്തര സാഹചര്യങ്ങൾ അങ്ങനെ തന്നെ ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെ സ്വാധീനിക്കേണ്ടതില്ല എന്ന മാറിയ ചിന്തയുടെ അടിസ്ഥാനത്തിൽ റീപോ നിരക്കിൽ വർദ്ധനവ് വരുത്താതെയാണ് കഴിഞ്ഞ മൂന്ന് സാമ്പത്തിക നയ അവലോകനങ്ങളും അവസാനിച്ചത്. 

∙സാമ്പത്തിക വളർച്ചയുടെ തോത് എല്ലാ രംഗത്തും ഒരുപോലെ അല്ലെങ്കിലും അത് എട്ടു ശതമാനത്തിനടുത്ത് നില്കുന്നു എന്നത് ശുഭകരമാണ്. ഈ ഗതിയെ തടസ്സപ്പെടുത്താതെ തന്നെയായിരിക്കും ഇത്തവണയും മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനങ്ങൾ എടുക്കുക എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

∙അതിന് പണത്തിന്റെ ലഭ്യതയും ഒഴുക്കും തുടരേണ്ടതുണ്ട്. അതിനാൽ രണ്ടായിരത്തിന്റെ കറൻസി പിൻവലിച്ചതുമായി ബന്ധപ്പെട്ടു കഴിഞ്ഞ സാമ്പത്തിക അവലോകന സമയത്ത് കൈകൊണ്ട രീതിയിലുള്ള അധിക നിക്ഷേപത്തിനുള്ള ക്യാഷ് റിസർവ് റേഷ്യോ (I-CRR) പോലുള്ള തീരുമാനങ്ങള്‍ ഇത്തവണ ഉണ്ടാകാൻ സാധ്യതയില്ല.  

∙അതിനാൽ റിപോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തികൊണ്ട് സാമ്പത്തിക സാഹചര്യങ്ങളെ സാകൂതം വിലയിരുത്തികൊണ്ടിരിക്കുമെന്നും ആവശ്യമെങ്കിൽ ഏതു സമയത്തും ക്രിയാത്‌മകമായും വേഗത്തിലും ഇടപെടും എന്ന ഉറപ്പോടും കൂടി തന്നെയായിരിക്കും റിസർവ് ബാങ്ക് ഗവർണറുടെ തീരുമാനമെന്ന് എന്ന് പ്രതീക്ഷിക്കാം.

English Summary : RBI Monetary Policy Committee Meeting will Start Tomorrow

 ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT