ADVERTISEMENT

ഇരുചക്ര വാഹനം ഒരു യാത്രാ ഉപാധിയെന്നതിനുപരി ജീവിതത്തിന്റെ അവിഭാജ്യഘടകമാണു മിക്കവർക്കും. അതു വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ കുറെയധികം കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ചിലർക്ക് വാഹനം സ്വന്തമാക്കാനുളള പണം കയ്യിലുണ്ടാവും. മറ്റു ചിലർക്ക് വായ്പ എടുക്കേണ്ടിവരും. 

ധാരാളം ബാങ്കുകൾ ഇരുചക്ര വാഹന വായ്പ ലഭ്യമാക്കുന്നുണ്ട്. നിങ്ങൾ ആദ്യമായി വായ്പ എടുക്കുകയാണെങ്കിലും അല്ലെങ്കിലും വായ്പ അപേക്ഷ തയാറാക്കുന്നതിലെ നടപടിക്രമങ്ങൾ അറിയുകയെന്നത് പ്രധാനമാണ്. വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുമുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു. 

സ്വന്തം വായ്പായോഗ്യത മനസ്സിലാക്കി ഏറ്റവും നല്ല സ്കീം തെരഞ്ഞെടുക്കുക 

ധനകാര്യ സ്ഥാപനം നിഷ്കർഷിക്കുന്ന യോഗ്യതയുണ്ടോ എന്നു പരിശോധിക്കണം. വരുമാനം, പ്രായം, താമസ സ്ഥലം തുടങ്ങിയ കാര്യങ്ങളാണ് പരിശോധനയ്ക്കു വിധേയമാവുക. ഏതു സ്ഥാപനമാണ് നിങ്ങൾക്കനുയോജ്യമായ മെച്ചപ്പെട്ട വ്യവസ്ഥയിൽ വായ്പ ലഭ്യമാക്കുക എന്നു പരിശോധിക്കണം. ധനകാര്യ സ്ഥാപനം ഓഫറുകൾ വല്ലതും ലഭ്യമാക്കുന്നുണ്ടോയെന്ന് ആരായണം. ഉൽസവ കാലങ്ങളിൽ ഇതിനുള്ള സാധ്യതയുണ്ട്. 

വായ്പത്തുക കണക്കാക്കൽ

two-wheeler-loan1

സ്ഥാപനം തരാമെന്നു സമ്മതിച്ച വായ്പത്തുക നിങ്ങളുടെ ആവശ്യത്തിനു തികയുമോയെന്ന് പരിശോധിക്കണം. ഇഎംഐ വ്യവസ്ഥകൾ, ആദ്യം ഒന്നിച്ചടയ്ക്കേണ്ട തുക, വിവിധ ധനസ്ഥാപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന പലിശ നിരക്കുകൾ, വായ്പാ കാലാവധി, തിരിച്ചടവു വ്യവസ്ഥകൾ, ഇതര ചാർജുകൾ എന്നിവ കണക്കിലെടുത്തുവേണം വായ്പ സംബന്ധിച്ചു തീരുമാനമെടുക്കാൻ. 

ആവശ്യമായ രേഖകൾ മുൻകൂട്ടി തയാറാക്കിവയ്ക്കണം സാധാരണഗതിയിൽ വരുമാനം സംബന്ധിച്ച തെളിവുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ്, കെവൈസി തുടങ്ങിയ രേഖകളാണു വായ്പാ അപേക്ഷ പരിശോധിക്കുന്ന വേളയിൽ ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപായി ഈ രേഖകളെല്ലാം തയാറാക്കി വയ്ക്കുകയാണെങ്കിൽ വായ്പാ അപേക്ഷ അംഗീകരിക്കുന്ന നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ കഴിയും. 

ശക്തമായ ക്രെഡിറ്റ് സ്കോർ

വായ്പാ അപേക്ഷ പരിഗണിക്കുന്ന സമയത്ത് ധനകാര്യ സ്ഥാപനങ്ങൾ പരിരോധിക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന് നിങ്ങളുടെ ക്രെഡിറ്റ് സ്കോറാണ്. മികച്ച ക്രെഡിറ്റ് സ്കോർ ലഭിക്കുന്നതിനായി സമയാസമയം വായ്പകൾ തിരിച്ചടച്ച് നല്ല ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം നിലർത്തണം. പല കാര്യങ്ങൾക്കായി ഒരേ സമയം വായ്പ എടുക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുകയും വേണം. ക്രെഡിറ്റ് സ്കോർ മികച്ചതാണെങ്കിൽ വായ്പാ വ്യവസ്ഥകളും മികച്ചതായിരിക്കും. 

ധനസ്ഥാപനങ്ങൾ വായ്പയെടുക്കുന്നവർക്കായി പല ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇവ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. 

വേഗത്തിലുളള അപേക്ഷാ നടപടിക്രമങ്ങൾ

മിക്കവാറും ഡീലർമാർമാരുടെ ഓഫിസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ധനസ്ഥാപനങ്ങൾ ലളിതമായ വായ്പാ അപേക്ഷാ നടപടിക്രമങ്ങളാണ് സ്വീകരിക്കുന്നത്. അപേക്ഷയിന്മേൽ വളരെ വേഗത്തിൽ തീരുമാനമെടുക്കുകയും ചെയ്യുന്നു. ഇപ്പോൾ പല ധനസ്ഥാപനങ്ങളും വാതിൽപടി ബാങ്കിങ് സൗകര്യം ലഭ്യമാക്കുകയും നടപടിക്രമങ്ങൾ ഡിജിറ്റലാക്കുകയും ചെയ്തിട്ടുണ്ട്. 

ആകർഷക പലിശനിരക്ക്

ഇരുചക്ര വാഹന വിപണി വലുതായതോടെ കൂടുതൽ ധനകാര്യ സ്ഥാപനങ്ങൾ ഈ മേഖലയിലേക്കു പ്രവേശിക്കുകയും മത്സരിച്ച് ആകർഷകമായ പലിശ നിരക്ക് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. 

സൗകര്യപ്രദമായ കാലാവധി വ്യവസ്ഥ

12 മാസം മുതൽ 60 മാസം വരെ സൗകര്യപ്രദമായ കാലയളവിലേക്ക് ഇപ്പോൾ വായ്പ അനുവദിക്കുന്നുണ്ട് 

സൗകര്യപ്രദമായ ഇഎംഐ നിശ്ചയിക്കുക

വായ്പാ കാലാവധി കൂടുന്നതിനനുസരിച്ച് ഇഎംഐ കുറയും. തിരിച്ചടവു മുടങ്ങിപ്പോകാത്ത വിധത്തിൽ നിങ്ങളുടെ ധനസ്ഥിതി കണക്കിലെടുത്ത് ഇഎംഐ നിശ്ചയിക്കണം. ഇപ്പോൾ ശമ്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും പ്രത്യേകം ഇഎംഐ സ്കീമുകളുണ്ട്. 

ഇക്കാര്യങ്ങൾ മനസ്സിലാക്കി ആസൂത്രണം ചെയ്താൽ വായ്പക്കാര്യത്തിലെ അപ്രതീക്ഷിത തിരിച്ചടികൾ ഒഴിവാക്കാനും കയ്യിലെ പണം ചോർന്നുപോകാതിരിക്കാനും സഹായകമാവും. 

ലേഖകൻ ക്രിഫ് ഹൈ മാർക്കിന്റെ മാനേജിങ് ഡയറക്ടറാണ്

English Summary:

Know These Things BeforeGetting Two Wheeler Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com