ADVERTISEMENT

ഹോളിവുഡ് ഇതിഹാസം വാൾട്ട് ഡിസ്നിയും ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ ഉപയോഗിച്ച മാർഗം ഒരു മലയാളിക്കും ലഭ്യമാണോ? അതെ എന്നാണുത്തരം. ആസ്തികൾ നിലനിർത്തിക്കൊണ്ട് എങ്ങനെ അതിനെടുത്ത വായ്പകൾ തിരിച്ചടയ്ക്കാതിരിക്കാം - അതിനുള്ള തന്ത്രങ്ങളാണ് ഈ ലേഖനത്തിലെന്ന് കരുതിയവർ തുടർന്നു വായിക്കേണ്ടതില്ല. ആസ്തികൾ മുഴുവനായും വായ്‌പാദാതാക്കൾക്ക് വിട്ടുകൊടുത്ത് വായ്പയിൽ നിന്നും പൂർണ്ണമുക്തി നേടാനുള്ള വഴിയാണ് പാപ്പർ ഹർജി. പക്ഷേ ആസ്തികൾ മുഴുവനായും വിട്ടുകൊടുത്ത് വായ്പയിൽ നിന്നും രക്ഷ നേടുന്നതിൽ പ്രത്യേകിച്ചെന്താണ് നേട്ടം? 

ആരാണ് പാപ്പർ?

പാപ്പർ ഹർജി കടമെടുത്തവർക്കെല്ലാവർക്കുമുള്ളതല്ല; കടക്കണിയിൽപ്പെട്ട് പാപ്പരായവർക്കു മാത്രമാണ്. എങ്കിലെന്താണ് പാപ്പരത്തം (insolvency); എപ്പോഴാണ് ഒരാൾ പാപ്പരായതായി (insolvent) കണക്കാക്കുന്നത്? തന്റെ പേരിലുള്ള ആസ്തിയെക്കാൾ കൂടുതലാണ് ബാധ്യതയെങ്കിൽ അയാൾ പാപ്പരാണ്. ഉദാഹരണത്തിന് 50 ലക്ഷം രൂപ ബാധ്യതയുള്ളൊരാൾ; ആസ്തികൾ30 ലക്ഷത്തിന്റെ വീടും 5 ലക്ഷത്തിന്റെ മറ്റ് ആസ്തികളും മാത്രം. ഇവിടെ ബാധ്യത ആസ്തിയെക്കാൾ കൂടുതലാണ്; ആസ്തി ബാധ്യതയുടെ 70% മാത്രമാണ്. ഈ വ്യക്തി പാപ്പരാണ്. ഇദ്ദേഹം പാപ്പർ ഹർജി കൊടുത്താലോ? ഇദ്ദേഹത്തിന്റെ ആസ്തി, ബാധ്യതകൾ കോടതി പരിശോധിക്കുന്നു; പാപ്പരാണെന്ന് ബോധ്യമായാൽ പാപ്പരായി പ്രഖ്യാപിക്കുന്നു. ഇതിനുശേഷം ആസ്തികൾ ഏറ്റെടുക്കാൻ കോടതി റിസീവറെ (receiver) നിയമിക്കുന്നു. റിസീവർ ആസ്തികൾ വിൽപ്പന നടത്തിക്കിട്ടുന്ന തുക വായ്പാദാതാക്കൾക്ക് വീതിച്ചു നൽകുന്നു. മുകളിലത്തെ ഉദാഹരണത്തിൽ 2 വായ്പാദാതാക്കൾക്ക് 30 ലക്ഷവും 20 ലക്ഷവുമാണ് കിട്ടാനുണ്ടായിരുന്നതെങ്കിൽ ആദ്യത്തെയാൾക്ക് 21 ലക്ഷവും രണ്ടാമത്തെയാൾക്ക് 14 ലക്ഷവും കൊടുക്കുന്നു - 70% അനുപാതത്തിൽ. ഇതിനുശേഷം കോടതി ഈ വ്യക്തിക്ക് 50 ലക്ഷത്തിന്റെ ബാധ്യതയിൽ നിന്നും പരിപൂർണ്ണ മോചനം (absolute discharge) നൽകുന്നു.  അഥവാ വീട്ടാൻ കഴിയാത്ത 15 ലക്ഷം രൂപയുടെ ബാധ്യതയിൽ നിന്നും ഈ വ്യക്തി എന്നെന്നേക്കുമായി മോചനം നേടുന്നു. ഹർജി സ്വീകരിച്ച് തീർപ്പാക്കുന്നതുവരെയുള്ള സമയത്ത് വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികളിൽ നിന്ന് വായ്പാദാതാക്കളെ തടയാൻ കോടതിക്ക് വിവേചനാധികാരമുണ്ട്; പക്ഷേ ചെക്ക് കേസുകളിൽ നിന്ന് പരിരക്ഷ കിട്ടിയേക്കില്ല. മാത്രമല്ല 75% വരുന്ന വായ്പാദാതാക്കൾക്ക് സമ്മതമെങ്കിൽ ഒറ്റത്തവണ തീർപ്പാക്കലിനും അവസരം ലഭിക്കും. 

bankruptcy1

പരിപൂർണ്ണ മോചനം നേടിയ ഈ വ്യക്തിക്ക് പിന്നീട് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമടിച്ചാലോ? വൻ ശമ്പളമുള്ളൊരു ജോലി ലഭിച്ചാലോ? ബന്ധുക്കളാരെങ്കിലും ഇഷ്ടദാനമായി കോടികൾ വിലയുള്ളൊരു വീട് നൽകിയാലോ? ഈ മൂന്നു സാഹചര്യത്തിലും 15 ലക്ഷം നഷ്ടം നേരിട്ട വായ്പാദാതാക്കൾക്ക് ഒരു രൂപ പോലും ഇദ്ദേഹത്തിൽ നിന്ന് പിരിച്ചെടുക്കാൻ കഴിയില്ല. 

ഇത്തരമൊരു നിയമം ന്യായമാണോ? പണ്ടുകാലത്ത് കടം വീട്ടാൻ കഴിയാത്തവർ വായ്പാദാതാവിന്റെ അടിമയായിത്തീരും. ഇന്ന് കടം വീട്ടാത്തവർ അടിമകളല്ല. എന്റെ ഇന്നത്തെ ആസ്തികൾ എല്ലാം തന്നെയെടുത്ത് ബാധ്യതകളിൽ നിന്ന് ഒഴിവാക്കിത്തരൂ; നാളെ മുതൽ ഞാൻ നേടുന്ന വരുമാനം എനിക്ക് മാത്രമായി വിട്ടുതരൂ - പാപ്പർ ഹർജിയിലൂടെ ഈ അപേക്ഷയാണ് കടക്കാരൻ കോടതിയോട് നടത്തുന്നത്. അഥവാ ഈ നിയമത്തിന്റെ സംരക്ഷണമുള്ളതിനാൽ കൊള്ളപ്പലിശക്കാരന് കൈനീട്ടിയെടുക്കാവുന്നത് കടക്കാരന്റെ ആസ്തികൾ മാത്രമാണ്; അവന്റെ ജീവിതമല്ല. ദൗർഭാഗ്യത്തിലൂടെയോ പിഴക്കുന്ന കണക്കുകൂട്ടലുകളിലൂടെയോ വ്യക്തിഗത/ബിസിനസ് ആവശ്യങ്ങൾക്ക് വായ്പയെടുക്കുന്ന നമ്മളിലാർക്കും വരാവുന്ന ഒരവസ്ഥയാണിത്. ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴി കൊടുക്കുക - ഇക്കാലത്തെ മനുഷ്യാവകാശ സങ്കൽപ്പങ്ങൾ പ്രകാരം ഇത് തികച്ചും ന്യായമല്ലേ? 

bankruptcy3

പരിപൂർണ്ണ മോചനം കിട്ടുമോ?

പക്ഷേ എല്ലാ കടങ്ങളും ഇതുപോലെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണോ? 5 ലക്ഷം രൂപയുടെ ഈടില്ലാത്ത വ്യക്തിഗത വായ്പയെടുത്ത് ഓൺലൈൻ റമ്മി കളിച്ചു നഷ്ടം നേരിടുന്ന ഒരാളുടെ കടവും ഈ നിയമപ്രകാരം എഴുതിത്തള്ളേണ്ടി വരില്ലേ? കേരള പാപ്പരത്ത നിയമ (Kerala Insolvency Act) പ്രകാരമാണ് കേരളത്തിലെ വ്യക്തികളുടെ പാപ്പരത്തം കൈകാര്യം ചെയ്യുന്നത്. ഈ നിയമപ്രകാരം പരിപൂർണ്ണ മോചനം എല്ലാവർക്കും ലഭിക്കില്ല. ഏതൊക്കെ സാഹചര്യത്തിൽ പരിപൂർണ്ണ മോചനം കോടതികൾ കൊടുക്കരുത് എന്ന് നിയമത്തിൽ വ്യക്തമായി പറയുന്നു. ഉദാഹരണത്തിന് ലക്കില്ലാത്ത ഊഹക്കച്ചവടം, അന്യായമായ ആഡംബര ജീവിതം, ചൂതുകളി എന്നിവയിലൂടെ പാപ്പരാകുന്നവർക്ക് സോപാധിക മോചനം (conditional discharge) മാത്രമേ ലഭിക്കു. ഇവരിൽനിന്ന് പിന്നീട് ലഭിക്കുന്ന വരുമാനവും കോടതി നിർദ്ദേശിക്കുന്ന തോതിൽ വായ്പാ ദാതാക്കൾക്ക് പിരിച്ചെടുക്കാം. ഒരിക്കൽ കോടതി പാപ്പരായി പ്രഖ്യാപിച്ചയാൾ വീണ്ടും പാപ്പർ ഹർജി നൽകിയാലോ? ഇവിടെയും സോപാധിക മോചനം മാത്രമേ കോടതിക്ക് നൽകാനാവൂ. ഇത്തരം നിബന്ധനകൾ വേറെയുമുണ്ട്. മാത്രമല്ല പാപ്പർ ഹർജിയിലൂടെ കടമുക്തി നേടിയവരുടെ സിബിൽ പോലുള്ള ക്രെഡിറ്റ് റിപ്പോർട്ടുകളിൽ അടുത്ത പത്തു വർഷം വരെ ഈ വിവരമുണ്ടാകും                                 

ഈ നിയമത്തിൽ തട്ടിപ്പിനുള്ള സാധ്യതയില്ലേ? ആദ്യം വായ്പയെടുത്ത് ആസ്തികൾ സ്വന്തമാക്കുക. പിന്നീട് ആസ്തികളിലെ വലിയൊരു പങ്ക് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ബിനാമികളുടെയോ പേരിൽ ഇഷ്ടദാനം നടത്തുക. അങ്ങനെ ബാധ്യത ആസ്തികളെക്കാൾ കൂടുന്നു. ഈ ഘട്ടത്തിൽ പാപ്പർ ഹർജി നൽകി വായ്പാദാതാക്കളെ കബളിപ്പിച്ചുകൂടെ? വിഖ്യാത ജർമ്മൻ ടെന്നീസ് താരം ബോറിസ് ബെക്കർ 8 മാസം ഇംഗ്ലണ്ടിലെ ജയിലിലായിരുന്നു. അദ്ദേഹത്തിന്റെ പാപ്പർ ഹർജി കോടതി പരിഗണനയിലായിരുന്നപ്പോൾ ലക്ഷക്കണക്കിന് ഡോളർ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതിനും ആസ്തികളിൽ ചിലത് കോടതിയിൽ നിന്ന് രഹസ്യമാക്കി വച്ചതിനും ലഭിച്ച ശിക്ഷയായിരുന്നു അത്. കേരള പാപ്പരത്ത നിയമത്തിലും ഇത്തരം തട്ടിപ്പുകൾ തടയാനുള്ള വകുപ്പുകളുണ്ട്; ഇവയെല്ലാം പരിഗണിച്ചു മാത്രമേ കോടതി കടവിമുക്തി നൽകുകയുള്ളൂ. 

പാപ്പരത്ത നിയമം

bankruptcy-2-

അഥവാ ന്യായമായ ആവശ്യങ്ങൾക്ക് വായ്പയെടുത്ത് പ്രതിസന്ധിയിലായവരെ  സഹായിക്കുമ്പോൾത്തന്നെ സാമ്പത്തിക അച്ചടക്കം തീരെയില്ലാത്തവരെ എളുപ്പത്തിൽ രക്ഷിക്കുന്നുമില്ല പാപ്പരത്ത നിയമം. എന്നാൽ വായ്പാദാതാക്കളെയോ? അവരെ ജാഗരൂഗരാക്കി നിർത്തുന്നതാണ് ഈ നിയമം. ഉയർന്ന വരുമാനവും ആസ്തിയുമുള്ളവരിൽ നിന്നും മുതലും പലിശയും മുഴുവനായി വാങ്ങാൻ വായ്പാദാതാക്കൾക്ക് കഴിയും. എന്നാൽ സാമ്പത്തിക ആരോഗ്യം കുറവുള്ളവരിൽ നിന്നും അവരുടെ ഭാവിയിലെ വരുമാനം അനന്തമായി കൈക്കലാക്കാൻ കഴിയില്ലായെന്ന് വായ്പാദാതാക്കളെ ബോധ്യപ്പെടുത്തുന്നതാണ് പാപ്പരത്ത നിയമം. 

തന്റെ ജീവിതത്തിലെ ദയനീയമായൊരു ഘട്ടത്തിൽ കുറഞ്ഞ പലിശയ്ക്കുള്ള വായ്പകൾ നിഷേധിക്കപ്പെടുന്നവർ ചെന്നെത്തുന്നത് കൊള്ളപ്പലിശക്കാരൻറെയടുത്താണ്; അങ്ങനെ ഉയർന്ന വരുമാനക്കാർക്ക് പോലും അടച്ചു തീർക്കാൻ പറ്റാത്ത ബാധ്യതയിലേക്കും. അഞ്ചു മുതൽ പത്തു ശതമാനം വരെ മാസപലിശ കൊടുക്കേണ്ട വായ്പകളിൽ നിന്നുള്ള ബാധ്യത വളരെ വേഗം പലമടങ്ങായി മാറുന്നു. എന്നാൽ നീട്ടിവയ്ക്കാൻ പറ്റാത്ത അടിയന്തര ചെലവുകൾക്ക് വായ്പയെടുത്തയാളുടെ ആസ്തികൾ ഒരിക്കലും ഇതേ തോതിൽ വർദ്ധിക്കുന്നില്ല; പലപ്പോഴും ഒട്ടും തന്നെ വർദ്ധിക്കുന്നില്ല. ഇങ്ങനെ ആയുഷ്കാലം മുഴുവനടച്ചാലും തീരാത്ത വായ്പകളിൽ നിന്ന് രക്ഷനേടാനുള്ള വഴിയാണ് പാപ്പർ ഹർജി. ഇങ്ങനെ നോക്കുമ്പോൾ കടമെടുത്തയാൾക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി ഉറപ്പാക്കുകയല്ലേ പാപ്പരത്ത നിയമം ചെയ്യുന്നത്? 

bankruptcy2

റിസർവ് ബാങ്കിന്റെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കുകളുടെ ഇരകളല്ല വായ്പയെടുക്കുന്നവർ. എന്നാൽ അങ്ങനെയല്ല ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും എല്ലാ കൊള്ളപ്പലിശക്കാരും. പാപ്പരത്ത നിയമം കൂടുതൽ ബാധിക്കുന്നത് കൊള്ളപ്പലിശക്കാരെയാണ്. കടക്കണിയിൽപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ ഈ കാലത്ത് ഇനിയും ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ, ഗത്യന്തരമില്ലാത്തവർക്ക് ഉപയോഗിക്കാവുന്ന വഴിയാണ് പാപ്പർ ഹർജി. 500 രൂപയോ അതിൽ കൂടുതലോ വീട്ടാൻപറ്റാത്ത കടമുള്ളയാൾക്ക് പാപ്പരത്ത നിയമം പ്രയോജനപ്പെടുത്താം. എന്നാൽ കടത്തിൽ നിന്നുള്ള പൂർണമുക്തി ഒരിക്കൽ മാത്രമേ കിട്ടുള്ളൂവെന്നതുകൊണ്ടും (അർഹനെങ്കിൽ മാത്രം) സിബിൽ പോലുള്ള ക്രെഡിറ്റ് റിപ്പോർട്ടുകളിൽ പത്ത് വർഷം ഉണ്ടാകുമെന്നതുകൊണ്ടും വൻ ബാധ്യതയുള്ളപ്പോൾ മാത്രം പാപ്പർ ഹർജി കൊടുക്കുന്നതായിരിക്കും അഭികാമ്യം 

      

English Summary:

Know more about Pauper Suit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com