വായ്പ മുടങ്ങിയാൽ എന്തു ചെയ്യും? കാര്യങ്ങൾ കൈവിട്ടു പോയോ? പ്രതിസന്ധി എങ്ങനെ ഒഴിവാക്കാം
Mail This Article
ഒന്നോ രണ്ടോ തവണ അല്ലെങ്കിൽ ഏതാനും തവണ തിരിച്ചടവു മുടങ്ങി എന്നതുകൊണ്ട് എല്ലാം കൈവിട്ടു എന്ന് ആശങ്കപ്പെടേണ്ട. ഇത്തരത്തിൽ തിരിച്ചടവു മുടങ്ങിയാൽ ഉടൻ ശരിയായ നടപടികൾ സ്വീകരിച്ചാൽ ഭാവിയിലെ വലിയ പ്രതിസന്ധി ഒഴിവാക്കാം.
∙ ആദ്യമേ ഉണർന്നു പ്രവർത്തിക്കുക
വായ്പതിരിച്ചടവ് മുടങ്ങി എന്ന അറിയിപ്പിനെ ഒരിക്കലും അവഗണിക്കരുത്. തുടക്കത്തിൽ ഇങ്ങനെ ചെയ്യുമ്പോഴാണ് നിലയില്ലാ കയത്തിലേക്കു കാര്യങ്ങൾ എത്തുന്നത്. ഒന്നോ രണ്ടോ തവണകളാണെങ്കിൽ ശ്രമിച്ചാൽ തിരിച്ചടയ്ക്കാനാകും. പകരം അവഗണിക്കുമ്പോഴാണ് സ്ഥിതി രൂക്ഷമാകുന്നത്, രക്ഷപെടാനാകാതെ വരുന്നത്. പ്രശ്നത്തെ നേരിടുക, പരിഹരിക്കാൻ ആവശ്യമായതു ചെയ്യുക.
∙ വായ്പദാതാവിനോടു സംസാരിക്കുക
നിങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടിനെ ക്കുറിച്ചു അവരോട് സംസാരിക്കുക. മറ്റൊരു റീപേയ്മെന്റ് പ്ലാൻ ചർച്ച ചെയ്യാം, പേയ്മെന്റിന് അൽപം ഇടവേള ചോദിക്കാം. ഇവിടെ സ്ഥാപനം നിങ്ങളോടു പോസിറ്റീവായ നിലപാട് സ്വീകരിക്കും, വായ്പ കിട്ടാക്കടമായാൽ അവർക്കും പ്രശ്നമാണ്.
∙ വിദഗ്ധോപദേശം തേടാം
ഫിനാൻഷ്യൽ അഡ്വൈസർ, ക്രെഡിറ്റ് കൗൺസിലിങ് സ്ഥാപനം തുടങ്ങി മികച്ച മാർഗനിർദേശം നൽകാൻ കഴിവുള്ളവരെ സമീപിക്കാം. നിങ്ങൾക്കായി പ്രയോഗികമായ വഴി കണ്ടെത്തിത്തരാൻ അവർക്കു കഴിയും. സ്ഥാപനവുമായി സംസാരിച്ച് ഒരു ഡീൽ ഉറപ്പിക്കാനും ഇവർ സഹായിക്കും.
∙ ചെലവു ചുരുക്കാൻ ബജറ്റ്
തിരിച്ചടവ് പ്രശ്നമായാലുടൻ നിലവിലെ വരുമാനങ്ങളും ചെലവും കൃത്യമായി കണക്കാക്കി പുതിയ ബജറ്റ് തയാറാക്കണം. ചെലവുകൾ കഴിയുന്നത്ര ചുരുക്കണം. ആഡംബരങ്ങൾ മാത്രമല്ല, തൽക്കാലത്തേയ്ക്ക് ആവശ്യങ്ങളും ഒഴിവാക്കുക. അത്യാവശ്യങ്ങൾക്കു മാത്രം ചെലവാക്കുക.
∙5 ആസ്തികൾ വിനിയോഗിക്കുക
ഏതു വ്യക്തിയുടെയും കയ്യിൽ ഉപയോഗപ്പെടുത്താവുന്ന പല ആസ്തികൾ ഉണ്ടാകും. വിവിധ സേവിങ്സ് അക്കൗണ്ടുകളിലെ പണം എടുത്താൽ ഒന്നോ രണ്ടോ തവണ അടയ്ക്കാനാകും. എഫ്ഡി, സ്വർണം, ഓഹരി, മ്യൂച്വൽ ഫണ്ട്, ലൈഫ് ഇൻഷുറൻസ് എന്നിവ പിൻവലിച്ചോ ഈടു നൽകിയോ പണം കണ്ടെത്താം. വാഹനം, വീട്, ഭൂമി എന്നീ പ്രിയപ്പെട്ട ആസ്തികൾ വിൽക്കണമെങ്കിൽ അതിനും മടിക്കരുത്. കടക്കെണി ഒഴിവാക്കിയ ശേഷം അധ്വാനിച്ചാൽ അവയെല്ലാം വീണ്ടും സ്വന്തമാക്കാനാകും. സ്വന്തം കുടുംബത്തിന്റെ ജീവനെക്കാൾ വിലപിടിച്ചതല്ല അവയൊന്നും എന്നു മനസ്സിലാക്കി പ്രവർത്തിക്കുക.
∙ കൂടുതൽ കടമെടുക്കാതിരിക്കുക നിലവിലെ കടം അടയ്ക്കാൻ അടുത്ത വായ്പ എടുക്കുന്നത് പലരുടെയും രീതിയാണ്. പത്തും പതിനായിരവും എടുത്തിട്ട് അതു തിരിച്ചടയ്ക്കാൻ വീണ്ടും കടം വാങ്ങി ലക്ഷങ്ങളുടെ ബാധ്യതക്കാരാകുന്നവർ കൂടിവരികയാണ്. അധികവായ്പ എടുക്കാതെ തരമില്ല എങ്കിൽ ഭൂമിയോ സ്വർണമോ ഈടു നൽകി കുറഞ്ഞ പലിശയുള്ളവ എടുക്കുക. സഹായിക്കാൻ തയാറുള്ളവരുടെ പിന്തുണയും തേടാം.
∙ ആപ്പിനും ബ്ലേഡിനും തലവയ്ക്കരുത്
മുടങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ ബ്ലേഡ് വായ്പ എടുത്താൽ ഒരിക്കലും തിരിച്ചു കയറാനാകാത്ത കുഴിയിലേയ്ക്ക് സ്വയം ഇറങ്ങുകയാണ് എന്നത് ഓർക്കുക. തുടക്കത്തിൽ ആശ്വാസം തോന്നുമെങ്കിലും പിന്നീട് കൂട്ട ആത്മഹത്യ ചെയ്യേണ്ടി വരും. അതിനാൽ അത്തരം വായ്പദാതാക്കളെ പ്രത്യേകിച്ച് ഓൺലൈൻ ആപ്പുകൾ അടക്കമുള്ളവയെ ഒഴിവാക്കുക.