ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം ഇന്നു ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ്. മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും ജീവജാലങ്ങളുടെ ആരോഗ്യവും നിലനില്പുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കണം എന്നതാണ് ലോകമൊന്നാകെ കൈകൊണ്ടിരിക്കുന്ന ആപ്തവാക്യം. സാമ്പത്തിക മേഖലയും സാമ്പത്തിക പ്രവർത്തനങ്ങളും പദ്ധതികളും ഈ ആശയവുമായി സമരസപ്പെട്ടുവേണം എന്ന ചിന്തയുടെ ഫലമായിട്ടാണ് ഹരിത നിക്ഷേപങ്ങൾ എന്ന നൂതന നിക്ഷേപ പദ്ധതി ബാങ്കുകൾ ആവിഷ്കരിച്ചത്. പരിസ്ഥിതി സൗഹൃദ ബിസിനസും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും യോജിപ്പിച്ചുള്ള നിക്ഷേപ പ്രവർത്തനങ്ങളാണ് ഹരിത നിക്ഷേപം.  കഴിഞ്ഞ രണ്ടു മൂന്ന് വർഷത്തിനിടയിൽ ഇന്ത്യയിലും ബാങ്കുകൾ ഈ ദിശയിൽ കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങി.  

ഇത്തരം നിക്ഷേപങ്ങളും അവയുടെ വിനിയോഗവും സംബന്ധിച്ച് 2023 ഏപ്രിൽ മാസം റിസർവ് ബാങ്ക് ചില നിർദേശങ്ങൾ പുറപ്പെടുവിക്കുകയുണ്ടായി. ഏതെല്ലാം പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമാണ് ഹരിത നിക്ഷേപങ്ങൾ വിനിയോഗിക്കേണ്ടത് എന്ന് ഈ നിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.  ഇതേ കുറിച്ച് ചില വിശദീകരണങ്ങൾ അടുത്തിടെ റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകിയിരിക്കുകയാണ്.  

റിസർവ് ബാങ്ക് വിശദീകരണങ്ങൾ

rbi

∙എല്ലാ ബാങ്കുകളും ഹരിത നിക്ഷേപങ്ങൾ സ്വീകരിക്കണമെന്നില്ല.  എന്നാൽ ഹരിത നിക്ഷേപങ്ങൾ സ്വീകരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കണം. 

∙റിസർവ് ബാങ്കിന്റെ നിലവിലുള്ള നിർദ്ദേശങ്ങൾ ഹരിത നിക്ഷേപങ്ങൾക്ക് പലിശ ശതമാനം നിശ്ചയിക്കുമ്പോഴും പാലിക്കണം. 

∙ഇങ്ങനെ സമാഹരിച്ച നിക്ഷേപം അതിനു ലക്ഷ്യമിട്ട പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും ഉപയോഗിച്ചാലും ഇല്ലെങ്കിലും നിക്ഷേപകന് പലിശ നൽകണം.  

∙ഹരിത നിക്ഷേപം കാലാവധിക്ക് മുമ്പ് പിൻവലിക്കുവാൻ തടസ്സമില്ല.  എന്നാൽ നിക്ഷേപം കാലാവധിക്ക് മുമ്പ് പിൻവലിച്ചു എന്നതുകൊണ്ടുമാത്രം നിക്ഷേപവുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങളും പദ്ധതികളും നിർത്തിവയ്ക്കാന്‍ പാടില്ല.  

∙ഹരിത നിക്ഷേപത്തിന്റെ വിനിയോഗം റിസർവ് ബാങ്കിന്റെ പരിശോധനക്ക് വിധേയമായിരിക്കും.  

∙ഹരിത നിക്ഷേപം സമാഹരിച്ചതിന് ശേഷം ചെയ്യുന്ന പ്രവർത്തങ്ങൾക്കും പദ്ധതികൾക്കും മാത്രമേ ഹരിത നിക്ഷേപത്തിന്റെ ഉപയോഗം എന്ന പരിഗണന ലഭിക്കുകയുള്ളൂ.  

∙ഹരിത നിക്ഷേപത്തിന്റെ മേലും നിലവിലുള്ള നിബന്ധനകൾക്ക് വിധേയമായി ഓവർഡ്രാഫ്ട് സൗകര്യം നൽകാവുന്നതാണ്. 

∙ബാങ്ക് നിക്ഷേപങ്ങൾക്ക് ഉള്ള ഇൻഷുറൻസ് പരിരക്ഷ (DICGC) ഹരിത നിക്ഷേപങ്ങൾക്കും ലഭിക്കും. 

∙ഒരു വർഷം സമാഹരിച്ച ഹരിത നിക്ഷേപത്തിന്റെയും അതിന്റെ ഉപയോഗത്തിന്റെയും വിവരങ്ങൾ ബാങ്കുകൾ പ്രസിദ്ധപ്പെടുത്തണം.   

∙നിലവിൽ ഹരിത നിക്ഷേപങ്ങൾ ഇന്ത്യൻ കറൻസിയിൽ മാത്രമേ സ്വീകരിക്കൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു.

ബാങ്കിങ് വിദഗ്ധനാണ് ലേഖകൻ

English Summary:

Green Investments and Reserve Bank of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com