ADVERTISEMENT

വലിയൊരു വിഭാഗം ജനങ്ങളും തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കാന്‍  ഭവന വായ്പകളെയാണ്  ആശ്രയിക്കുന്നത്. അതു  പോലെ തന്നെ  ഭവന വായ്പ എടുക്കുന്നവരില്‍ വലിയൊരു  വിഭാഗം അതു  നേരത്തെ അടച്ചു തീര്‍ക്കുന്നതിനെ  കുറിച്ചും ചിന്തിക്കും. 

എന്താണ്  മുന്‍കൂട്ടിയുള്ള  അടച്ചു തീര്‍ക്കല്‍?

കാലങ്ങള്‍ കൊണ്ട് ചെറിയ  തവണകളായി അടച്ചു തീര്‍ക്കേണ്ട  മുഴുവന്‍ വായ്പാ തുകയും ഒറ്റയടിക്ക്  അടച്ചു തീര്‍ക്കുന്നതാണ് മുന്‍കൂട്ടിയുള്ള അടച്ചു തീര്‍ക്കല്‍. ശരിയായ സമയത്ത് അടച്ചു തീര്‍ക്കുന്നതിനു പകരം ഇങ്ങനെ ചെയ്യുമ്പോള്‍ നമുക്കുള്ള ഗുണങ്ങളും  നഷ്ടങ്ങളും കൃത്യമായി  വിലയിരുത്തിയ ശേഷമായിരിക്കണം തീരുമാനമെടുക്കാന്‍. ഭവന വായ്പയ്ക്ക്  ഫ്ളോട്ടിങ് നിരക്കാണെങ്കില്‍ ചെലവുകളും നേട്ടങ്ങളും ഏതു  സമയത്തും നിങ്ങള്‍ക്ക് വിലയിരുത്താം. വായ്പ നേരത്ത  അടക്കുമ്പോള്‍ അധിക ചാര്‍ജുകള്‍  വരാത്തതിനാല്‍ കൃത്യമായ  ധാരണയുടെ അടിസ്ഥാനത്തില്‍  നേരത്തെയുള്ള അടച്ചു  തീര്‍ക്കല്‍  നടത്താം. 

ഭവന  വായ്പ നേരത്തെ  അടച്ചു തീര്‍ക്കുമ്പോള്‍ എന്തെല്ലാം  വിലയിരുത്തണം?

∙മൊത്തത്തിലുള്ള സാമ്പത്തിക  സ്ഥിതി 

ഭവന വായ്പ നേരത്തെ  തീര്‍ക്കുന്നതിനു  മുന്‍പായി നിങ്ങളുടെ സാമ്പത്തിക  സ്ഥിതി മൊത്തത്തില്‍  വിലയിരുത്തണം. സമ്പാദ്യം, നിക്ഷേപങ്ങള്‍, ഇനി  വരാനിരിക്കുന്ന ചെലവുകള്‍  തുടങ്ങിയവയെല്ലാം ഇതിനായി കണക്കിലെടുക്കണം. വായ്പ  നേരത്തെ അടച്ചു  തീര്‍ക്കുന്നത്  നിങ്ങളുടെ മൊത്തത്തിലുള്ള  സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമാണെന്നും  ഉറപ്പാക്കണം. 

ഭവന  വായ്പാ എഗ്രിമെന്‍റില്‍ മുന്‍കൂട്ടി അടച്ചു  തീര്‍ക്കുന്നതിനുള്ള  ചാര്‍ജുകളെ കുറിച്ച് എന്തെല്ലാം വ്യവസ്ഥകള്‍ ഉണ്ടെന്നു  പരിശോധിക്കണം. ചില വായ്പകളില്‍ നേരത്തെ അടച്ചു തീര്‍ക്കുന്നതിന് പിഴ  ഉണ്ടാകും. വായ്പ നേരത്തെ അടച്ചു  തീര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവുകളും നേട്ടങ്ങളും വിലയിരുത്താന്‍ ഇതു സഹായിക്കും. ഇങ്ങനെ പിഴ അടക്കേണ്ടതുണ്ടെങ്കില്‍ അത്  നേരത്തെ അടച്ചു  തീര്‍ക്കുന്നതു  കൊണ്ടുള്ള നേട്ടങ്ങളെ  മറികടക്കുന്നതാണോ എന്നും  വിലയിരുത്തണം.

ക്രെഡിറ്റ് സ്കോറില്‍  എങ്ങനെ പ്രതിഫലിക്കും?

ഭവന വായ്പ നേരത്തെ  അടച്ചു തീര്‍ക്കുന്നത് നിങ്ങളുടെ  ക്രെഡിറ്റ് സ്കോറിനെ  സ്വാധീനിച്ചേക്കാം. നാം ചിന്തിക്കുന്നതിനു വിരുദ്ധമായി ചില ദീര്‍ഘകാല വായ്പകള്‍ അടച്ചു  തീര്‍ക്കുന്നത്  നിങ്ങളുടെ ക്രെഡിറ്റ്  ഹിസ്റ്ററിയെ ബാധിച്ചേക്കാം. ഇക്കാര്യം  കണക്കിലെടുക്കുകയും ക്രെഡിറ്റ് സ്കോറില്‍  ഉണ്ടാകാന്‍ സാധ്യതയുള്ള  പ്രതിഫലനങ്ങള്‍ വിലയിരുത്തുകയും വേണം. മികച്ച ക്രെഡിറ്റ്  പ്രൊഫൈല്‍ നിലനിര്‍ത്താനുള്ള മറ്റു  മാര്‍ഗങ്ങള്‍  കണ്ടെത്തുകയും വേണം. 

∙നികുതി  നേട്ടങ്ങളും കണക്കിലെടുക്കണം

മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍  നിങ്ങള്‍ക്കു  ലഭിക്കുന്ന ആദായ  നികുതി നേട്ടങ്ങളും  ഇവിടെ പരിഗണിക്കണം. ആദായ നികുതി  നിയമത്തിന്‍റെ 24-ാം വകുപ്പു പ്രകാരം തിരിച്ചടക്കുന്ന മുതലിനും 80സി  വകുപ്പു പ്രകാരം പലിശയ്ക്കും ലഭിക്കുന്ന ഇളവുകള്‍ ഏറെ  പ്രസക്തമാണല്ലോ. വായ്പ  നേരത്തെ തിരിച്ചടക്കുന്നതിലൂടെ ഈ  നേട്ടങ്ങളും ഇല്ലാതാവും. ഇത്തരം ഇളവുകള്‍  തുടര്‍ന്നും  ലഭിക്കുന്നതാണോ നേരത്തെ  തിരിച്ചടക്കുന്നതാണോ സാമ്പത്തികമായി ലാഭകരമെന്നും  വിലയിരുത്തണം.

∙സമ്പാദ്യത്തിനുള്ള കൂടുതല്‍  അവസരങ്ങള്‍ കണക്കിലെടുക്കണം

ഭവന  വായ്പ നേരത്തെ തിരിച്ചടയ്ക്കും മുന്‍പ് വിലയിരുത്തേണ്ട  മറ്റൊന്ന് ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളാണ്. നേരത്തെ  തിരിച്ചടയ്ക്കാന്‍ ഉദ്ദേശിക്കുന്ന തുക  മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കുന്നതിനെ കുറിച്ചും കൃത്യമായി വിലയിരുത്തണം. നിങ്ങളുടെ  സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി മറ്റു കടങ്ങള്‍ തീര്‍ക്കാനോ സമ്പാദ്യത്തിനോ ഇതുപയോഗിക്കണോ എന്ന്  ആലോചിക്കണം. സമഗ്രമായ  സാമ്പത്തിക പദ്ധതികളുടെ  അടിസ്ഥാനത്തില്‍ നേരത്തെ  തിരിച്ചടക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമാണോ  എന്നതാണ് പ്രധാനമായി വിലയിരുത്തേണ്ടത്. 

ലേഖകൻ പിരമൽ ഫിനാൻസിന്റെ മാനേജിങ് ഡയറക്ടറാണ്

English Summary:

Know more about Home Loan Preclosure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com