അക്കൗണ്ടില്‍ വന്‍ തുകയുടെ ഇടപാടാണോ നടത്തുന്നത്? ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും
Mail This Article
ബാങ്ക് അക്കൗണ്ടില്‍ നാം പലതരത്തിലുള്ള പണമിടപാടുകള്‍ നടത്താറുണ്ട്. ഒരു ചായ കുടിച്ചത് മുതല്‍ എന്തിനും ഏതിനും അക്കൗണ്ടിൽ നിന്നാണ് പണം നല്‍കുക. ഇപ്പോള്‍ ആരും കൈയ്യില്‍ പണം കരുതാറില്ലെന്ന് സാരം. അതേ സമയം മുൻപ് കുട്ടുകാർക്ക് കടം കൊടുത്തത് തിരികെ തരുന്നത് മുതൽ പല വഴിക്ക് നമ്മുടെ അക്കൗണ്ടിലേക്ക് പണം വീഴാറുണ്ട്. ഇത്തരത്തില്‍ അക്കൗണ്ടില്‍ വരുന്ന തുക എവിടെ നിന്നാണ്, ആരുടെ പേരിൽ നിന്നാണ് തുടങ്ങിയ കാര്യങ്ങൾ നമ്മള്‍ ശ്രദ്ധിക്കാറുപോലുമില്ല. ചിലപ്പോൾ പണം അക്കൗണ്ടിൽ വന്നാൽ മെസേജ് വരണം എന്നില്ല.
എന്നാൽ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്ന ഈ കാലത്ത് അക്കൗണ്ടില്‍ എത്തുന്ന പണം എത്ര എന്ന് അറിഞ്ഞുവയ്ക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ നിയമനടപടി ഉണ്ടാകും. അതായത്, പണത്തിന്റെ ഉറവിടം അറിഞ്ഞിരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പിടി വീഴും. ഓരോ സാമ്പത്തിക വര്‍ഷവും അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ട തുകയുടെ വിവരങ്ങള്‍ അറിയാം.
നിക്ഷേപം ഇങ്ങനെ
ഒരു സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31വരെ) ഒരു വ്യക്തിയുടെ സേവിങ്‌സ് അക്കൗണ്ടില്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ നിക്ഷേപിച്ചാല്‍ ബാങ്ക് അദായ നികുതി വകുപ്പിനെ അറിയിക്കും. കറന്റ് അക്കൗണ്ട് ഉടമയാണെങ്കില്‍ ഈ പരിധി 50 ലക്ഷം രൂപയാണ്. ഇടപാടില്‍ സംശയമുണ്ടെങ്കിൽ നികുതി വകുപ്പ് ഉടമയ്ക്ക് നോട്ടീസ് അയയ്ക്കും. ഈ സമയം അക്കൗണ്ട് ഉടമ ഉറവിടം കാണിക്കേണ്ടി വരും. എന്നാല്‍ ജോലി ചെയ്തു നിക്ഷേപിക്കുന്ന തുകയ്ക്ക് ഇത് ബാധകമല്ല.
ഉറവിടം കാണിച്ചില്ലെങ്കില്‍
പണത്തിന്റെ ഉറവിടം കാണിച്ചില്ലെങ്കില്‍ നികുതിയും സര്‍ചാര്‍ജും സെസും അടക്കം വലിയ തുക തന്നെ അക്കൗണ്ട് ഉടമ നല്‍കേണ്ടി വരും.
വരുമാനത്തിന്റെ തരം അനുസരിച്ച്, മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തിന്റെ നികുതി രീതികൾ വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, ലോട്ടറി വിജയ, കുതിരപ്പന്തയം, മറ്റ് തരത്തിലുള്ള വാതുവെപ്പ് എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് 30% എന്ന നിരക്കിലും ബാധകമായ സെസ്സിലും നികുതി ചുമത്തുന്നു. നികുതിദായകന്റെ ആദായനികുതി സ്ലാബിന് ഇവിടെ യാതൊരു സ്വാധീനവുമില്ല.
പണം പിന്‍വലിക്കാന്‍ നികുതി
ആദായ നികുതി വകുപ്പ് നിയമ പ്രകാരം പണം പിന്‍വലിക്കുന്നതിന് ടിഡിഎസ് ഈടാക്കാറുണ്ട്. അതായത് പിന്‍വലിക്കുന്ന തുക അനുസരിച്ചാണ് ടിഡിഎസ് ഈടാക്കുക. 20 ലക്ഷത്തിന് മുകളില്‍ ഇത് രണ്ട് ശതമാനവും ഒരു കോടി രൂപയ്ക്ക് മുകളില്‍ അഞ്ച് ശതമാനവുമാണ്. എന്നാല്‍ നികുതി റിട്ടേണ്‍ നല്‍കുന്നവര്‍ക്ക് ഇതില്‍ വ്യത്യാസം വരും. തുക കുറവായിരിക്കും.
ബിസിനസ്‌കാര്‍ക്ക് ബാധകമാണോ
ബിസിനസുകാരനായ ഒരു വ്യക്തി ദിവസവും വലിയ തുകയുടെ ഇടപാടാണ് നടത്തുക. എല്ലാവരുടേയും സംശയമാണ് ഇത്രയും തുകയുടെ ഇടപാട് നടത്തുമ്പോള്‍ വലിയ തുക നികുതി അടയ്‌ക്കേണ്ടി വരില്ലേ എന്ന്. എന്നാല്‍, ഇത്തരം വ്യക്തികള്‍ വരുമാനത്തിന്റെ രേഖകള്‍ നല്‍കിയാല്‍ ലാഭത്തില്‍ നിന്ന് മാത്രമേ നികുതി ഈടാക്കുകയുള്ളൂ. അതേസമയം, വെട്ടിപ്പ് നടത്തിയാല്‍ വലിയ തുക പിഴ അടയ്‌ക്കേണ്ടി വരും.