sections
MORE

ബുക്ക് പൊതിയാം ലാഭം കൊയ്യാം

HIGHLIGHTS
  • സ്കൂളുകളുമായി ബന്ധപ്പെട്ട് സംരംഭങ്ങൾക്കു ധാരാളം സാധ്യതകൾ ഉണ്ട്
saju
SHARE

ഒരിക്കൽ അങ്കമാലിക്കടുത്തുള്ള ഒരു നഴ്സറിയിൽനിന്നു സാജു 10 റോസാച്ചെടികൾ വാങ്ങി. വീട്ടിൽ കൊണ്ടുചെന്നു നോക്കിയപ്പോൾ ഒരെണ്ണം ചീഞ്ഞിരിക്കുന്നു. വിവരം നഴ്സറിയിൽ പറഞ്ഞപ്പോൾ അവർ പുതിയൊരു ചെടി നൽകി. ഒന്നര മാസം കഴിഞ്ഞപ്പോൾ ചീഞ്ഞു എന്നു കരുതിയ റോസാെച്ചടിയും േകടില്ലാതെ വളർന്നു. ഉടൻ തന്നെ ഒരു റോസാച്ചെടിയുടെ വിലകൂടി സാജു നഴ്സറിക്കാരന് കൊണ്ടുപോയി കൊടുത്തു. സത്യത്തിൽ നഴ്സറിക്കാരൻ ഞെട്ടിപ്പോയി. സാജുവിന്റെ അടുത്ത സുഹൃത്തും ഇലക്ട്രിസിറ്റി ബോർഡിലെ ഉദ്യോഗസ്ഥനുമായ പൗലോസാണ് ഈ സംഭവം പങ്കുവച്ചത്. ജീവിതത്തിൽ ഇത്രയ്ക്കു സത്യസനധത പുലർത്തുന്ന ഒരു വ്യക്തി സ്വന്തമായൊരു സംരംഭം തുടങ്ങുമ്പോൾ അതു മോശം വരില്ലല്ലോ. ആലുവയ്ക്കടുത്ത് േദശത്ത് ‘മരിയാസ് ഇൻഡസ്ട്രീസ്’ എന്ന പേരിലാണ് ഇദ്ദേഹത്തിന്റെ സംരംഭം പ്രവർത്തിക്കുന്നത്.

നോട്ട്ബുക്ക്
പൊതിയുന്ന പേപ്പർ

നോട്ട്‌ബുക്ക് പൊതിയാനായി നോൺ വൂവൻ ഫാബ്രിക്സ് കട്ട് ചെയ്ത് റോൾ ചെയ്തു വിൽക്കുന്നതാണു ബിസിനസ്. സിന്തറ്റിക് ഫിലമെന്റ് ഫാബ്രിക്സ് എന്നും ഇതിനെ പറയും. ഏകദേശം 10 വർഷത്തോളമായി ഈ സംരംഭം തുടങ്ങിയിട്ട്. ആദ്യകാലത്ത് വാങ്ങി വിൽപന മാത്രമായിരുന്നുവെങ്കിൽ പിന്നീട് കട്ടിങ്, റോളിങ്, പായ്ക്കിങ് തുടങ്ങിയവയും സ്വന്തമായി ചെയ്യാൻ തുടങ്ങി. ഇതോടൊപ്പം ‘മരിയാസ് നോട്ട് ബുക്ക്’ എന്ന പേരിൽ നോട്ട്ബുക്കുകളും വിപണിയിൽ എത്തിച്ചു. നോട്ട്ബുക്കുകൾ ഹരിയാനയിൽ നിർമിച്ചു വാങ്ങിയാണു വിൽപന. പുതുമയുള്ള സംരംഭം എന്നതിനൊപ്പം മെഷിനറികൾ സ്ഥാപിക്കാതെ റിസ്ക് കുറഞ്ഞ ബിസിനസ് എന്നതും ഈ വിജയത്തെ വേറിട്ടതാക്കുന്നു.

തുടക്കം എങ്ങനെയായിരുന്നു?

ഗുജറാത്തിലെ രാജ്കോട്ടിലൂടെ യാത്ര ചെയ്യേണ്ടി വന്നപ്പോൾ അവിടെയുള്ള വ്യാപാരികളിൽ നിന്നു ലഭിച്ച ആശയമാണ് നോട്ട്‌ബുക്ക് പൊതിയുന്ന പേപ്പറിനെ ബിസിനസ് സംരംഭമാക്കി മാറ്റിയത്. മത്സരം കുറഞ്ഞ വിപണിയും മെച്ചപ്പെട്ട ലാഭവിഹിതവും ആകർഷകമായി തോന്നി. സുലഭമായി ലഭിക്കുന്ന അസംസ്കൃത വസ്തുക്കളും സ്ഥിരം കസ്റ്റമേഴ്സിനെ ലഭിക്കാനുള്ള സൗകര്യവും വിജയത്തിനു സഹായകമായി.

സ്കൂളുകൾ കേന്ദ്രീകരിച്ചു വിൽപന

പൊതിയുന്ന േപപ്പർ, നോട്ട്ബുക്ക് എന്നിവ സ്കൂളുകൾ േകന്ദ്രീകരിച്ചാണു വിൽക്കുന്നത്. ഒരു സീസണൽ ബിസിനസായതിനാൽ ആറു മാസം നിർമാണവും പിന്നീടുള്ള ആറു മാസം വിൽപനയും എന്ന രീതിയിലാണു പോകുന്നത്. അതുകൊണ്ട് പ്രവർത്തന മൂലധനം കൂടുതൽ വേണ്ടിവരും. നോട്ട്ബുക്കിൽ സ്കൂളിന്റെ ഫോട്ടോ, പേരുകൾ എന്നിവ പ്രിന്റ് ചെയ്തു നൽകാറുണ്ട്. സിബിഎസ്ഇ സ്കൂളുകളിലാണു കൂടുതൽ വിൽപനയും. ഒക്ടോബർമാസം മുതൽ സാംപിൾ നൽകി ഓർഡർ ശേഖരിച്ചു തുടങ്ങും. ഫെബ്രുവരി /മാർച്ച് മുതൽ സപ്ലൈ ആരംഭിക്കും. ഇതുകൂടാതെ കടകളിലും ചില ധ്യാനകേന്ദ്രങ്ങളിലും വിൽക്കുന്നുണ്ട്. വിൽപനയിൽ കടം നൽകേണ്ടി വരാറുണ്ടെങ്കിലും പണം പിരിഞ്ഞു കിട്ടാൻ പ്രയാസമില്ല. ഗുണം കുറഞ്ഞവയുമായി മത്സരിക്കേണ്ടി വരുന്നതും അസംസ്കൃത വസ്തുവിന്റെ വിലയിലെ അനിശ്ചിതത്വവുമാണ് ഒരു സംരംഭകനെന്ന നിലയിൽ ഈരംഗത്തെ പ്രശ്നങ്ങളായി സാജുവിനു ചൂണ്ടിക്കാട്ടാനുള്ളത്.

വിജയരഹസ്യങ്ങൾ

∙‌ വിലയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ല.

∙‌ കൂടുതൽ സൗകര്യപ്രദമായി പൊതിയാവുന്ന പേപ്പർ.

∙‌ വേസ്റ്റേജ് വളരെ കുറവായിരിക്കും.

∙‌ നഷ്ടം വന്നാലും കോംപ്രമൈസ് ഇല്ല.

∙‌ പറയുന്ന ദിവസം സാധനങ്ങൾ‌ എത്തിക്കും.

70 ലക്ഷത്തിന്റെ വിറ്റുവരവ്

കട്ടർ ഉപയോഗിച്ച് പേപ്പർ മുറിച്ച ശേഷം കൈ കൊണ്ട് റോൾ ചെയ്തെടുക്കുകയാണ്. തൊഴിലാളികൾക്കു വീടുകളിൽ ഇരുന്നു തന്നെ ജോലി ചെയ്യാം. െചയ്യുന്ന ജോലിക്കനുസരിച്ചാണു ശമ്പളം. ഇരുപതോളം പേർ ഇപ്പോൾ തൊഴിലാളികളായുണ്ട്. അസംസ്കൃത വസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകുന്നു. പ്രിന്റിങ് പുറത്താണ് ചെയ്യിക്കുന്നത്. ഭാര്യ റോസിലി ബിസിനസിൽ സഹായിക്കുന്നു. ഒരു സീസണിൽ 70 ലക്ഷം രൂപയുടെ വിറ്റുവരവും അതിൽ 10–20 ശതമാനം വരെ അറ്റാദായവും ലഭിക്കും.

സ്കൂളുകളുമായി ബന്ധപ്പെട്ട് സംരംഭകർക്കു ധാരാളം സാധ്യതകൾ ഉണ്ട്. വലിയ മുതൽമുടക്കില്ലാതെ ഈ രംഗത്തു ശോഭിക്കാനാകും. ഉപഭോക്താക്കളെ കണ്ടെത്തിയ ശേഷം നിർമാണം ആരംഭിച്ചാൽ മതിയെന്നതാണ് പ്രത്യേകത. പ്രതിമാസം അഞ്ചു ലക്ഷം രൂപയുടെ കച്ചവടം നടന്നാൽ പോലും കുറഞ്ഞത്. ഒരു ലക്ഷം രൂപ അറ്റാദായമായി ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA