ADVERTISEMENT

നാട്ടിലും വിദേശത്തും ഒരുപോലെ ശോഭിക്കാവുന്ന ബിസിനസിൽ ഉയരങ്ങൾ കീഴടക്കി ഒരു വീട്ടമ്മ. റോസ്റ്റഡ് കോഫിബീൻ (വറുത്ത കാപ്പിക്കുരുപ്പരിപ്പ്), കാപ്പിപ്പൊടി എന്നിവ നിർമിച്ച് വിപണിയിലെത്തിച്ച് വിജയം കൊയ്യുകയാണ് ശാന്തി പാലക്കൽ എന്ന വീട്ടമ്മ. കയറ്റുമതി ലക്ഷ്യമിടുന്ന സ്ഥാപനം വളരെ കുറഞ്ഞ പ്രാദേശിക വിൽപനകൾ മാത്രമേ ചെയ്യുന്നുള്ളു. വയനാട്ടിൽ കൽപറ്റയ്ക്കടുത്ത് മണിയൻകോട്ട് എസ്റ്റേറ്റിന്റെ അകത്താണ് ഗ്രീൻഗോൾഡ് എക്സ്പോർട്ടേഴ്സ് ഈ കയറ്റുമതി സ്ഥാപനം.

സ്വന്തം തോട്ടത്തിലെ കാപ്പിക്കുരു

സ്വന്തം തോട്ടത്തിലെ ഒന്നാം ഗ്രേഡ് കാപ്പിക്കുരുവാണ് ഇവിടെ പ്രധാനമായും ഉപയോഗിക്കുന്നത്. ലക്ഷണമൊത്ത കാപ്പിക്കുരു ലഭിച്ചാൽ മറ്റ് എസ്റ്റേറ്റുകളിൽ നിന്നും വാങ്ങും. ലീസിന് എടുത്തിരിക്കുന്ന തോട്ടത്തിൽനിന്നും കാപ്പി വാങ്ങും. 200 മുതൽ 250 രൂപവരെ വിലയ്ക്കാണ് കാപ്പി പുറമേനിന്നു വാങ്ങുന്നത്. അസംസ്കൃത വസ്തു സുലഭമായി ലോകോത്തര നിലവാരത്തിൽ ലഭിക്കുന്നു എന്നതാണ് നേട്ടം.ചിക്കമംഗളൂരുവിലെ തോട്ടങ്ങളിൽനിന്നും കൊണ്ടുവരുന്ന അറബിക്ക എന്ന വെറൈറ്റിയും ചെയ്യുന്നുണ്ട്. വിദേശിയർക്ക്  പ്രിയങ്കരമായ കപ്പുച്ചിനോയിലും മറ്റും അറബിക്കയാണ് ഉപയോഗിക്കുന്നത്.

കൗൺസലിങ്ങിൽനിന്നു സംരംഭകത്വത്തിലേക്ക്

സൈക്കോളജിയിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം വിവാഹിതയായ ശാന്തി കൗൺസിലിങ് നടത്തുകയായിരുന്നു. ഒരു സംരംഭവും കൂടി വേണം എന്ന ചിന്ത യൂണിറ്റാരംഭിക്കാൻ പ്രേരണയായി. മിച്ചസമയം കാര്യക്ഷമമായി ഉപയോഗിക്കാനും, കുറച്ചുപേർക്കു തൊഴിൽ നൽകാനും, തനതായ ഉൽപന്നത്തിനു മൂല്യവർധന നൽകാനും വേണ്ടിയാണ് സംരംഭത്തിലേക്കു വന്നതെന്ന് ശാന്തി പറയുന്നു. ഭർത്താവ് പ്രിഥ്വിരാജിന്റെ പ്രോത്സാഹനം കരുത്തായി.

പഴുത്തു ചുവന്ന തൊലിയോടു കൂടിയ കാപ്പിക്കുരു നന്നായി ഉണക്കി മില്ലിൽ കൊടുത്തു കുത്തി തൊലികളഞ്ഞ് പരിപ്പാക്കുന്നു. എഎ ഗ്രേഡ് പരിപ്പു മാത്രം എടുത്ത് ഇറക്കുമതി ചെയ്ത മെഷീന്റെ സഹായത്തോടെ ഗ്രേഡ് ചെയ്ത്, റോസ്റ്റ് ചെയ്തു റോസ്റ്റഡ് ബീൻ തയാറാക്കുകയാണ് സ്ഥാപനത്തിൽ ചെയ്യുന്നത്. കാപ്പിപ്പൊടി തയാറാക്കുന്നതിലും ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ല. മൂന്നു വർഷം കഴിയുന്നു സംരംഭം തുടങ്ങിയിട്ട്.

കയറ്റുമതിയാണ് മുഖ്യം

കയറ്റുമതി ഉദ്ദേശിച്ചാണ് സ്ഥാപനം പ്രധാനമായും പ്രവർത്തിക്കുന്നത്. മലേഷ്യ, സൗദി അറേബ്യ, ഓസ്ട്രേലിയ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്കാണു കയറ്റുമതി. കേരളത്തിൽ പ്രാദേശിക വിൽപനകളുമുണ്ട്. മികച്ച പ്രതികരണമാണ് വിപണിയിൽനിന്നും ലഭിക്കുന്നത്.കാരണം,

∙ എഎ ഗുണമേന്മയുള്ള പരിപ്പു മാത്രം എടുക്കുന്നു.

∙ തനതായ വയനാടൻ കോഫി പ്രധാനമായും ഉപയോഗിക്കുന്നു.

∙ ചിക്കറി ചേർക്കാറില്ല.

∙ തൊണ്ട് അൽപം പോലും ഉപയോഗിക്കില്ല.

റോസ്റ്റഡ് പരിപ്പിന് 600 മുതൽ 700 രൂപ വരെയാണ് പ്രാദേശിക വില. കാപ്പിപ്പൊടിക്ക് 650 മുതൽ 750 രൂപ വരെ വിലയ്ക്കാണു വിൽപന. 10 മുതൽ 11 ലക്ഷം രൂപയുടെ ശരാശരി വിൽപനയും 20 മുതൽ 30 ശതമാനം വരെ അറ്റാദായവും ലഭിക്കുന്നു എന്നു പറയാം. വിപണി മികച്ചതാണ്. ഓർഡർ പ്രകാരം സപ്ലൈ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഉൽപാദനം പൂർണതോതിൽ ആയിട്ടില്ല.

ഇറക്കുമതി ചെയ്ത മെഷിനറികൾ

ഇറ്റലിയിൽനിന്നു ഇറക്കുമതി ചെയ്ത മെഷിനറികളാണ് റോസ്റ്റർ, ഗ്രേഡിങ് എന്നീ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. റോസ്റ്റർ മെഷീൻ രണ്ടെണ്ണം ഉണ്ട്. സ്റ്റിച്ചിങ്, സീലിങ്, വേയിങ് എന്നീ മെഷീനുകൾ പ്രാദേശികമായി വാങ്ങിയവയാണ്. എല്ലാംകൂടി ഏകദേശം 50 ലക്ഷം രൂപയായി. രണ്ടര ടൺ വരെ പ്രതിദിനം പ്രോസസ് ചെയ്യാൻ സൗകര്യം ഉണ്ട്. അഞ്ചു തൊഴിലാളികളാണ് ഉള്ളത്. 

പ്ലാന്റ് പൂർണമായും ഉപയോഗപ്പെടുത്തുക, ഓർഡറുകൾ ക്യാൻവാസ് ചെയ്യുക, വിതരണം വർധിപ്പിക്കുക, കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കുക, തുടങ്ങിയ ചുവടുകളാണിനി. ക്രെഡിറ്റ് തീരെ കുറഞ്ഞ വ്യാപാരമായതിനാൽ തികഞ്ഞ ആത്മവിശ്വാസത്തോടെ സംരംഭത്തിലേക്ക് ഇറങ്ങാൻ കഴിയുമെന്നാണ് ശാന്തി പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com