ADVERTISEMENT

ബേക്കിങ്ങിനോടുള്ള ഇഷ്ടത്തിനൊപ്പം ആത്മാര്‍പ്പണവും ഉണ്ടെങ്കില്‍ ഈ രംഗത്ത് വിജയം സാധിക്കുമെന്നു തെളിയിക്കുകയാണ് എറണാകുളം സ്വദേശിനി ജീമോള്‍ കോരുത് വർഗീസ്ആറു ലക്ഷം രൂപ മാത്രം വാര്‍ഷിക വിറ്റുവരവ് ഉണ്ടായിരുന്ന ഒരു സ്റ്റാര്‍ട്ടപ്പിനെ മൂന്നു വര്‍ഷം കൊണ്ട് 60 ലക്ഷം രൂപ വിറ്റു വരവുള്ള സ്ഥാപനമാക്കി വളര്‍ത്തിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ജീമോൾ തന്റെ വിജയകഥ പറയുന്നത്.

വീട്ടില്‍ തുടക്കം

സ്‌നേഹത്തോടെ ഭക്ഷണം വിളുമ്പുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് ജീമോള്‍. ഭക്ഷണം ആരോഗ്യകരമായിരിക്കണം എന്ന കാര്യത്തില്‍ നിര്‍ബന്ധവുമുണ്ട്. ഒരു സംരംഭക എന്ന നിലയില്‍ ജീമോളുടെ വിജയത്തിനു തുടക്കമിട്ടതും ഇതൊക്കെ തന്നെയാണ്.

തന്റെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള കേക്കുകളും മഫിന്‍സുമൊക്കെ സ്വയം ബേക്ക് ചെയ്ത് ആയിരുന്നു ജീമോളുടെ തുടക്കം. കൃത്രിമമായ രാസപദാര്‍ത്ഥങ്ങളോ ആരോഗ്യകരമല്ലാത്ത മൈദയോ ഇല്ലാതെ ഗുണമേന്‍മയുള്ള ധാന്യപ്പൊടികളും സ്വയം വികസിപ്പിച്ചെടുത്ത ഓര്‍ഗാനിക് ചേരുവകളുമാണ് ബേക്കിങ്ങിനായി ഉപയോഗിക്കുന്നത്.

വോള്‍വീറ്റും റാഗിപ്പൊടിയുമൊക്കെ ഉപയോഗിച്ച് ബേക്ക് ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്‍മയും സ്വാഭാവിക രുചിയും തിരിച്ചറിഞ്ഞതോടെ സുഹൃത്തുക്കള്‍ക്കിടയില്‍ ഡിമാന്‍ഡ് ഏറി, ഓര്‍ഡറുകളും.

അങ്ങനെയാണ് ഉൽപന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നത്. തുടര്‍ന്ന് തീരെ കൊച്ചുകുട്ടികള്‍ക്കും രോഗികള്‍ക്കും പോലും കഴിക്കാനാകുന്ന കുക്കീസും ബ്രെഡും ഒക്കെ വിപണിയില്‍ എത്തിച്ചു. തുടക്കത്തില്‍ ഓര്‍ഡര്‍ അനുസരിച്ചാണ് നിര്‍മിച്ചു തുടങ്ങിയത്. പിന്നീട് ഹോസ്പിറ്റല്‍ കന്റീനുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഒക്കെയായി വിതരണം വ്യാപിപ്പിച്ചു.

‘‘റാഗി, ഓട്‌സ്, മറ്റ് വോള്‍ഗ്രയിന്‍ എന്നിവ ഉപയോഗിച്ചു തയാറാക്കിയ അഞ്ച് കുക്കീസുകളാണ് ഇപ്പോള്‍ പ്രധാനമായി വിപണിയില്‍ എത്തിക്കുന്നത്. ഒരു ദിവസം 25-30 ആളുകള്‍ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങുന്നുണ്ട്. 15 ഓളം ഹോം ഡെലിവറിയുമുണ്ട്. ഇന്ത്യയില്‍ എവിടെയും കുക്കീസ് ബോക്‌സുകള്‍ കുറിയര്‍ ചെയ്യും. വൈകാതെ ആമസോണിലും ഉൽപന്നം ലഭ്യമായിത്തുടങ്ങും. വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.’’ ജീമോള്‍ പറയുന്നു.

ഒരു തൊഴിലാളിയുമായി ആരംഭിച്ച സംരംഭത്തില്‍ ഇപ്പോള്‍ ഏഴു ജീവനക്കാര്‍ ഉണ്ട്. ഇതോടൊപ്പം ഓര്‍ഗാനിക് ഉൽപന്നങ്ങള്‍ ഉപയോഗിച്ച് ആരോഗ്യകരമായ ബേക്കിങ് പഠിപ്പിക്കുന്നതിനായി മാസത്തില്‍ 4-5 ക്ലാസുകൾ എടുക്കുന്നു. ക്ലാസില്‍ പങ്കെടുത്തവരില്‍ ആറ് വയസ്സുകാരന്‍ മുതല്‍ 82-കാരി മുത്തശ്ശി വരെയുണ്ട്.

കൃത്യമായ പ്ലാനോടെ തുടങ്ങണം

‘‘ഏത് സംരംഭം ആണെങ്കിലും ഉൽപന്നങ്ങള്‍ വിപണിയില്‍ എത്തിക്കും മുൻപ് വിശദമായ ബിസിനസ് പ്ലാന്‍ ഉണ്ടായിരിക്കണം. പരമാവധി വിപണി പഠനം നടത്തണം. ഉൽപന്നങ്ങളുടെ ഗുണമേന്‍മയാണ് ഏറ്റവും പ്രധാനം എങ്കിലും പാക്കിങ്, ഉപഭോക്താക്കളുടെ താൽപര്യങ്ങള്‍ എന്നിവയെല്ലാം നോക്കണം. ഇത്തരം കാര്യങ്ങളിൽ തുടക്കത്തില്‍ കാര്യമായ അറിവ് ഇല്ലായിരുന്നെങ്കിലും പിന്നീട് ശ്രദ്ധിച്ചു തുടങ്ങിയത് സംരംഭത്തെ ഏറെ മുന്നോട്ടു നയിച്ചു.

ചെറിയ നിലയില്‍ ആരംഭിക്കുന്ന സ്വന്തം സ്ഥാപനം ആണെങ്കിലും അക്കൗണ്ടിങ്ങില്‍ പ്രാഗല്ഭ്യം ഇല്ലാത്തവര്‍ അത് സ്വയം ചെയ്യരുതെന്നാണ് ജീമോളുടെ അഭിപ്രായം. ‘‘ബില്ലുകളും കണക്കുകളും ഒരു അക്കൗണ്ടന്റിനെ ഏൽപിക്കുന്നത് സമയ നഷ്ടം ഒഴിവാക്കും. എല്ലാ കണക്കുകളും കൃത്യമായി സൂക്ഷിക്കുക എന്നത് ബിസിനസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. സ്വന്തമായും കൃത്യമായ അക്കൗണ്ട് ബുക്കുകള്‍ സൂക്ഷിക്കാന്‍ സംരംഭകര്‍ ശ്രദ്ധിക്കണം. എല്ലാം സ്വയം നോക്കി നടത്താതെ ജോലികള്‍ കൃത്യമായി വിഭജിക്കുന്നതും സ്ഥാപനത്തിന്റെ നടപ്പ് സുഗമമാക്കും.’’ ജീമോള്‍ പറയുന്നു.തന്നെ തേടിയെത്തുന്ന കാന്‍സര്‍ രോഗികൾ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍കോളുകളും ഓര്‍ഡറുകളുമാണ് ‘ഇവാസ്’ എന്ന സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ജീമോള്‍ക്ക് ഊർജം നല്‍കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com