ADVERTISEMENT

വേറിട്ടൊരു ബിസിനസ് ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ദമ്പതികളാണ് സുരേഷ് ജെയിംസും ഭാര്യ ബിനിമോളും. പൂക്കളുടെ സംസ്കരണവും വിൽപനയുമാണ് ഇവർ ചെയ്യുന്നത്. ഉണങ്ങിയ പൂക്കൾ (Dry Flowers) തയാറാക്കുന്ന ധാരാളം സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലുണ്ടെങ്കിലും പൂക്കൾ ശരിയാംവിധം സംസ്കരിച്ചു നൽകുന്നവർ തീരെയില്ല. ഈ സംരംഭത്തിന്റെ വിജയവും ഇവിടെയാണ്. 

ചെടികൾ, പൂക്കൾ, കാർണിഷിങ്, റോസുകൾ എന്നിവ ഫ്രഷായി വാങ്ങി ഫുഡ് ഗ്രേഡ് കെമിക്കലുകൾ ഉപയോഗിച്ച് സംസ്കരിച്ചാണ് വിപണിയിലെത്തിക്കുന്നത്. ഇതിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഏതൊക്കെയെന്ന് വെളിപ്പെടുത്താൻ ഇവർ തയാറല്ല. ‘അത് ബിസിനസ് സീക്രട്ട് ആണ്,’ കുടുംബസംരംഭമായ എറ്റേണൽ ബ്ലൂംസിനു നേതൃത്വം കൊടുക്കുന്ന സുരേഷ് പറയുന്നു.

പരാജയങ്ങളിൽ പിൻമാറാതെ

സംരംഭകരംഗത്ത് പെട്ടെന്നൊരു നാൾ വിജയക്കൊടി നാട്ടിയവരല്ല ഈ ദമ്പതികൾ. പരാജയങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് ഇന്നത്തെ നിലയിലെത്തിയത്. സ്വന്തമായൊരു പേപ്പർമിൽ തുടങ്ങിയാണ് സുരേഷ് സംരംഭകനായത്. തുടർച്ചയായി ഉൽപാദനം സാധ്യമാകാത്തതും ഓർഡർ ലഭിക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി. വലിയൊരു നിക്ഷേപത്തിനു പുറമെ സാങ്കേതിക പ്രശ്നങ്ങളും തൊഴിലാളിപ്രശ്നങ്ങളും ചേർന്നു വന്നപ്പോൾ 2009–ൽ പേപ്പർമിൽ വിറ്റൊഴിഞ്ഞു.

ആ രംഗത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പുതിയതൊന്നു തുടങ്ങുന്നതിനായുള്ള അന്വേഷണം. അതു ചെന്നു നിന്നത് പൂക്കളിലും. ഡ്രൈ ഫ്ലവേഴ്സ് പലയിടത്തും ഉണ്ടായിരുന്നെങ്കിലും ‘പ്രിസേർവ്ഡ് ഫ്ലവേഴ്സ്’ എങ്ങും ഉണ്ടായിരുന്നില്ല. പിന്നീടുള്ള യാത്ര അതിനു പിന്നാലെയായി. 

ഒട്ടേറെ പരീക്ഷണങ്ങൾക്കൊടുവിൽ ഒന്നര വർഷമെടുത്തു ഒരു ഫോർമുല രൂപപ്പെടുത്തിയെടുക്കാൻ. സംരംഭം തുടങ്ങിയ ശേഷം വിപണി പിടിച്ചുവരാൻ പിന്നെയും രണ്ടു വർഷം കൂടി. ടെക്നോളജി, സയൻസ്, ആർട്സ് എന്നീ മൂന്നു ഘടകങ്ങൾ നന്നായി സംയോജിപ്പിച്ചാൽ മാത്രമേ ഇത്തരമൊരു സംരംഭം വിജയിപ്പിക്കാൻ കഴിയൂവെന്ന് ബിനിമോൾ പറയുന്നു. അതിൽ നേടിയ വിജയമാണ് ഇവരെ മുന്നോട്ടു കൊണ്ടുപോകുന്നത്. 

വിതരണക്കാരില്ലാതെ വിൽപന  

ഹോട്ടലുകൾ, ആശുപത്രികൾ, റിസോർട്ടുകൾ, ഓഫിസുകൾ, ഫ്ലാറ്റുകൾ, വലിയ വീടുകൾ എന്നിവിടങ്ങളിലെല്ലാം ആവശ്യക്കാരുണ്ട്. പ്രത്യേക വിതരണക്കാരൊന്നുമില്ല. ആവശ്യപ്പെടുന്നവർക്ക് കുറിയർ വഴിയും അയയ്ക്കാറുണ്ട്. കൂടാതെ പ്രദർശനങ്ങൾ, വെബ്സൈറ്റ് എന്നിവ വഴി ഓർഡറുകൾ  ലഭിക്കുന്നു. ഇന്റീരിയർ ഡിസൈനർമാരുമായി നല്ല ബന്ധമുണ്ട്. അവർ സ്ഥിരമായി വാങ്ങുന്നുണ്ട്. 

കടം നൽകിയുള്ള കച്ചവടം ഇല്ല. അതുപോലെ മത്സരം തീരെയില്ല. പ്രതിദിനം നൂറു ചെടികളും പൂക്കളുമാണ് ഉൽപാദിപ്പിക്കുന്നത്. അത്രയും തന്നെ വിറ്റും പോകും. കൂടുതൽ ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ അതു വിൽക്കാനുള്ള വിപണി നിലവിലുണ്ട്. പൂക്കളുടെ പ്രദർശനങ്ങൾ പലതും സ്വന്തം നിലയിലാണ് സംഘടിപ്പിക്കുക. 

പ്രതിദിനം നൂറു രൂപ മുടക്കി സാധാരണ ഫ്ളവർ ബൊക്കെ വാങ്ങിയാൽ ഒരു വർഷം 36,000 രൂപ വരെ ചെലവാകാം. എന്നാൽ 2,000 രൂപ മുടക്കി ഒരു ഡ്രൈഫ്ളവർ ബൊക്കെ വാങ്ങിയാൽ പ്രതിദിന ചെലവ് കണക്കാക്കുമ്പോൾ ഏകദേശം 5.50 രൂപയേ ആകുന്നുള്ളൂ.

എറ്റേണൽ ബ്ലൂംസിന്റെ വാർഷിക വിറ്റുവരവ് 50 ലക്ഷം രൂപയാണ്. സംസ്കരണ പ്രക്രിയയിൽ 40% വരെ പൂക്കൾ നഷ്ടപ്പെട്ടു പോകുന്നുണ്ട്. അതു വലിയ നഷ്ടമാണ്. എങ്കിലും എല്ലാം കഴിഞ്ഞ് 30% വരെ അറ്റാദായം നേടാനുള്ള സാധ്യത ഇവിടെയുണ്ട്. 

ഒരു കോടിയുടെ നിക്ഷേപം

ആകെ ഒരു കോടിയോളം രൂപ പല ഘട്ടങ്ങളിലായി സംരംഭത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. നിർമാണാവശ്യത്തിനായി സ്വന്തമായി ഡിസൈൻ ചെയ്തെടുത്ത മെഷിനറികളാണു കൂടുതലും ഉപയോഗിക്കുന്നത്. ഡീ ഹൈഡ്രേഷന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളുമുണ്ട്. സഹായികളായി 4 ജോലിക്കാരും ഒപ്പമുണ്ട്.

പൂക്കൾക്കൊപ്പം ഉണക്കിയ പഴങ്ങൾ, വാക്വം ഫ്രൈഡ് ചിപ്സ്, കാപ്പിപ്പൊടി, ബീൻസ്, കുരുമുളക് എന്നിവയുടെ ബിസിനസും ചെയ്യുന്നു. ഇതെല്ലാം ഉൾപ്പെടുത്തി കയറ്റുമതി ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ കഴിഞ്ഞു. വ്യത്യസ്തമായ ഈ സംരംഭം മികച്ച നിലയിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉറച്ച തീരുമാനത്തിലാണ് ഈ കുടുംബം. 

ബാംഗ്ലൂർ ഫ്ലവേഴ്സ്

ബെംഗളൂരുവിൽനിന്നുള്ള പൂക്കൾ, ഏർക്കാടുനിന്നും പ്രാദേശിക നഴ്സറികളിൽ നിന്നുമുള്ള ചെടികൾ എന്നിങ്ങനെയാണ് വാങ്ങലുകൾ. 2–3 രൂപയ്ക്കു ലഭിക്കുന്ന പൂവ് സംസ്കരിച്ചു 100 മുതൽ 150 രൂപയ്ക്ക് വരെ വിൽക്കുന്നു. 200 രൂപയ്ക്ക് വാങ്ങുന്ന ചെടികളാകട്ടെ 1,000 മുതൽ 2,000 രൂപയ്ക്ക് വരെയും വിൽക്കുന്നു. പൂക്കളും ചെടികളും മറ്റു സാമഗ്രികളും (കവർ ചെയ്യാനുള്ള ചില്ല്, മരം, പേപ്പർ തുടങ്ങിയവ) സുലഭമായി ലഭിക്കുന്നതാണ്. ആകർഷകവും ലക്ഷണമൊത്തതുമായ പൂക്കളും ചെടികളും സമാഹരിക്കുവാൻ ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com