ADVERTISEMENT

സ്ഥിരോത്സാഹവും തൊഴിൽപരിചയവും ചേർന്ന് വിജയം സമ്മാനിച്ച കഥയാണ് തൃശൂർ ജില്ലയിലെ എങ്ങാണ്ടിയൂർ സ്വദേശി സുമില ജയരാജിന് പറയാനുള്ളത്. മൂലധനമായി മുടക്കാൻ കാര്യമായൊന്നും കയ്യിലില്ലാത്തതുകൊണ്ട് ചെറിയ നിക്ഷേപത്തിൽ തുടങ്ങാവുന്നൊരു സംരംഭമായിരുന്നു ആഗ്രഹിച്ചത്. അതോടൊപ്പം അതു  വീട്ടിൽത്തന്നെ ആരംഭിക്കണമെന്നും വിചാരിച്ചു. അങ്ങനെയാണ് ഈ സംരംഭം തിരഞ്ഞെടുത്തത്. മൂന്നു വർഷത്തെ തൊഴിൽപരിചയമായിരുന്നു ആകെയുള്ള കൈമുതൽ. 

സാധ്യത പഠിച്ച ശേഷം തുടക്കം

പൊതുവേ സ്വീകാര്യമായ ഉൽപന്നമാണ് വെന്ത വെളിച്ചെണ്ണ അഥവാ വിർജിൻ കോക്കനട്ട് ഓയിൽ. നന്നായി പഠിച്ചപ്പോൾ മികച്ച ഫലം ലഭിക്കുമെന്നും മനസ്സിലായി. കൂടാതെ മോശമല്ലാത്ത ലാഭവിഹിതവും ഉറപ്പായിരുന്നു. ഇതിലൊക്കെ പ്രധാനം മറ്റാരുടെയും സഹായമില്ലെങ്കിലും ചെയ്യാമെന്നതാണ്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് 2012–ൽ ‘ഗ്രീൻനട്ട് ഇന്റർനാഷനൽ’ എന്ന പേരിൽ സംരംഭം തുടങ്ങുന്നത്. വീട്ടിൽത്തന്നെ വളരെ എളിയ രീതിയിലായിരുന്നു തുടക്കം.

2000 േതങ്ങ പ്രതിദിനം

2000 തേങ്ങയാണ് പ്രതിദിനം ആവശ്യമുള്ളത്. പ്രാദേശികമായിത്തന്നെ ഇവ ശേഖരിക്കുന്നു. തീരദേശ മേഖല ആയതിനാൽ സുലഭമായി ലഭിക്കുന്നുണ്ട്. കിലോഗ്രാമിന് 36 രൂപ നിരക്കിലാണ് വാങ്ങുന്നത്. അതത് ദിവസം തന്നെ പണം നൽകണം. ഇവിടത്തെ തേങ്ങയിൽ എണ്ണയുടെ അംശം കൂടുതലുണ്ട്.

ഓസ്ട്രേലിയൻ ടെക്നോളജി (Direct Micro Expelling) പ്രയോജനപ്പെടുത്തിയാണ് വിർജിൻ കോക്കനട്ട് ഓയിൽ നിർമിക്കുന്നത്. തേങ്ങ ചുരണ്ടി ഹോട്ട് അവ്നിൽ വറുത്ത് ഹൈഡ്രോളിക് പ്രസിൽ പിഴിഞ്ഞ് എടുക്കുന്നു.

സൂപ്പർ മാർക്കറ്റുകൾ വഴി വിൽപന

സൂപ്പർ മാർക്കറ്റുകൾ വഴിയാണ് കൂടുതലും വിറ്റുപോകുന്നത്. കൂടാതെ വിവിധ പ്രദർശനങ്ങൾ, ഇന്ത്യ മാർട്ട് എന്നിവ വഴിയും വിൽപനയുണ്ട്. ഓൺലൈൻ വ്യാപാരവും നടത്തുന്നു (www.greennutinternational.com). ഫെയ്സ്ബുക് വഴിയും കസ്റ്റമേഴ്സിനെ ലഭിക്കുന്നുണ്ട്. 

ആദ്യകാലത്ത് 25 ദിവസം വരെ കടം കൊടുക്കാറുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിനെല്ലാം നിയന്ത്രണം വരുത്തി. ഡൽഹി, മുംൈബ, െചന്നൈ തുടങ്ങിയ നഗരങ്ങളിൽ ഏതാനും സ്ഥിരം ഏജൻസികൾ വഴി വിൽക്കുന്നു. വിപണിയിൽ മത്സരം ഉണ്ട്. ഫിലിപ്പീൻസ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽനിന്നു കുറഞ്ഞ വിലയ്ക്ക് എത്തുന്ന ഉൽപന്നങ്ങളാണ് ഇതിനു കാരണം. അവർ 20% വരെ വില കുറച്ചാണ് നൽകുന്നത്. പക്ഷേ, നമ്മുടെ സ്വതഃസിദ്ധമായ ഉൽപന്നമെന്ന നിലയിൽ ഡിമാൻഡുള്ളതിനാൽ കച്ചവടം ഉഷാറായി നടക്കുന്നു. ഇപ്പോൾ സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കു കയറ്റുമതിയും ചെയ്യുന്നുണ്ട്.

വിജയരഹസ്യങ്ങൾ

∙ നല്ല എണ്ണയുള്ള തേങ്ങ.

∙ മികച്ച നിർമാണപ്രക്രിയ.

∙ ഗുണമേന്മയുള്ള പായ്ക്കിങ്.

∙ കൃത്യമായ ഡെലിവറി.

∙ മികച്ച ബിസിനസ് ഡീൽ.

25 ലക്ഷം രൂപയുടെ മെഷിനറികൾ

സ്ഥാപനത്തിൽ 25 ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപം ഉണ്ട്. േതങ്ങ ചുരണ്ടുന്ന മെഷീൻ, അവ്ൻ, ഡ്രയർ, ഹൈഡ്രോളിക് പ്രസ്, ക്ലോത്ത്, ഫിൽറ്റർ, മൈക്രോ ഫിൽറ്റർ, ബോട്ടിൽ പായ്ക്കിങ് മെഷീൻ തുടങ്ങിയവ ഉപയോഗിക്കുന്നു. ഓസ്ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ് ഇവയെല്ലാം. 

വെളിച്ചെണ്ണ നിർമിക്കുന്നതിനായി ആറ് ബോൾട്ട് എക്സ്പെല്ലർ മെഷീനുകൾ ഉപയോഗിക്കുന്നു. സംരംഭത്തിന്റെ പ്രവർത്തനങ്ങൾക്കായി എസ്ബിഐയിൽനിന്നു വായ്പ എടുത്തിട്ടുണ്ട്.ഇതിന് എന്റർപ്രനർ സപ്പോർട്ട് സ്കീം പ്രകാരം 30% സബ്സിഡി ജില്ലാ വ്യവസായകേന്ദ്രം വഴി ലഭിച്ചു. നിലവിൽ 16 ജോലിക്കാർ ഉണ്ട്. 

സുമിലയുടെ ഭർത്താവ് ജയരാജ് അബുദാബിയിൽ ജോലി ചെയ്യുന്നു. ഇരട്ടക്കുട്ടികളായ സ്വാതിയും രോഹിതും ബിഡിഎസ് വിദ്യാർഥികളാണ്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ എല്ലാം സ്വന്തം നിലയ്ക്കാണ് ഈ വീട്ടമ്മ ഏകോപിപ്പിക്കുന്നത്. 

‘‘സ്ത്രീ ആയതുകൊണ്ട് മറ്റാരുടെയും സഹായമില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന ചിന്ത ശരിയല്ല. മനസ്സു വച്ചാൽ എല്ലാം നടക്കും.’’ സുമില പറയുന്നു.

പ്രതിമാസം 8–10 ലക്ഷം രൂപയുടെ ബിസിനസാണ് നടക്കുന്നത്. ഇതിൽനിന്ന് 20–30% വരെ അറ്റാദായം പ്രതീക്ഷിക്കാം.

പുതിയ പ്ലാന്റ് 

ഈ വിജയം നൽകിയ ആത്മവിശ്വാസത്തിൽ ബിസിനസ് വിപുലീകരിക്കാനൊരുങ്ങുകയാണ് സുമില. ഒരു കോടി രൂപ നിക്ഷേപത്തിൽ പുതിയൊരു പ്ലാന്റ് തുടങ്ങാൻ പദ്ധതി തയാറാക്കി ബാങ്കിൽ സമർപ്പിച്ചു കഴിഞ്ഞു. ബേബി ഓയിൽ, ഫെയർനസ് ഓയിൽ, വിർജിൻ ഓയിൽ, മസാജ് ഓയിൽ ക്യാപ്സൂൾ എന്നിവയാണ് പുതിയ പ്ലാന്റിലൂടെ ഉൽപാദിപ്പിക്കുക. 

അമ്മയ്ക്കും കുഞ്ഞിനും ഉള്ള സമ്പൂർണ കിറ്റ് എന്ന ആശയവും മനസ്സിലുണ്ട്. കൂടുതൽ വിദേശ വിപണി പിടിക്കാനും 25 േപർക്കെങ്കിലും സ്ഥിരമായി തൊഴിൽ നൽകാനും പുതിയ പ്ലാന്റ് വരുന്നതോടെ സാധ്യമാകുമെന്നു കരുതുന്നു. വലിയ പ്രതീക്ഷയിലാണ് സ്ഥിരോത്സാഹിയായ ഈ വനിതാ സംരംഭക മുന്നോട്ടു പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com